• HOME
  • »
  • NEWS
  • »
  • crime
  • »
  • എക്‌സൈസ് ബസിൽ കയറി: യാത്രക്കാരി പുറത്തേക്കെറിഞ്ഞത് MDMA പൊതി

എക്‌സൈസ് ബസിൽ കയറി: യാത്രക്കാരി പുറത്തേക്കെറിഞ്ഞത് MDMA പൊതി

ബസില്‍ പരിശോധനയ്ക്കായി എക്സൈസ് സംഘം കയറിയപ്പോള്‍ റഹീന തന്റെ കൈയിലുണ്ടായിരുന്ന ഒരു പൊതി പുറത്തേക്ക് എറിഞ്ഞുകളയാന്‍ ശ്രമിച്ചു

റഹീന

റഹീന

  • Share this:
    കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരിയായ യുവതിയില്‍നിന്ന് എംഡിഎംഎ (MDMA) പിടികൂടി. മേപ്പാടി നെല്ലിമുണ്ട പാറമ്മല്‍ വീട്ടില്‍ പി റഹീന (27) ആണു പിടിയിലായത്.
    ഇവരുടെ പക്കല്‍നിന്ന് 5.55 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. അശോക് കുമാറിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.40 ഓടെ ബീനാച്ചിയില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് മൈസൂരുവില്‍നിന്ന് കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന ബസില്‍നിന്ന് റഹീനയെ പിടികൂടിയത്.

    ബസില്‍ പരിശോധനയ്ക്കായി എക്സൈസ് സംഘം കയറിയപ്പോള്‍ റഹീന തന്റെ കൈയിലുണ്ടായിരുന്ന ഒരു പൊതി പുറത്തേക്ക് എറിഞ്ഞുകളയാന്‍ ശ്രമിച്ചു. സംശയംതോന്നിയ ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടി പരിശോധിച്ചപ്പോഴാണ് പൊതിയില്‍ എംഡിഎംഎയാണെന്ന് കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസര്‍ ടി ബി അജീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി എന്‍ ശശികുമാര്‍, മാനുവല്‍ ജിംസന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ പി എന്‍. ശ്രീജമോള്‍, ഡ്രൈവര്‍ കെ കെ ബാലചന്ദ്രന്‍ എന്നിവരാണ് പരിശോധന നടത്തിയത്.

    കഞ്ചാവും ലഹരി മരുന്നും വാങ്ങാൻ റബർ പാലും റബർ ഷീറ്റും മോഷ്ടിച്ച രണ്ട് യുവാക്കൾ പിടിയിൽ

    രാത്രിയിൽ ബൈക്കിൽ കറങ്ങി നടന്ന് റബർ പാലും റബർ ഷീറ്റുകളും മോട്ടോർ സാമഗ്രികളും മോഷ്ടിച്ചിരുന്ന രണ്ട് യുവാക്കൾ നിലമ്പൂരിൽ പോലീസ് പിടിയിൽ. മമ്പാട് പള്ളിക്കുന്ന് സ്വദേശി കോക്കാടൻ ലാസിം (25 ), മമ്പാട് ചെമ്പങ്ങാട് സ്വദേശി പുതുമാളിയേക്കൽ ഖാലിദ് (23) എന്നിവരെയാണ് നിലമ്പൂർ പോലീസ് ഇൻസ്പെക്ടർ പിവിഷ്ണുവും സംഘവും പിടികൂടിയത്.
    രാത്രിയിൽ ബൈക്കിൽ കറങ്ങി നടന്നു പ്രശ്നങ്ങൾ ഉണ്ടാക്കുന്ന യുവാക്കളെ പറ്റി മമ്പാട് നിന്നും പോലീസിന് പരാതി ലഭിച്ചിരുന്നു. മമ്പാട് സ്വദേശിയും കർഷകനുമായ തോട്ടഞ്ചേരി അഹമ്മത് കോയ എന്ന ടിസി കോയയുടെ പുള്ളിപ്പാടം ഉതിരകുളത്തുള്ള റബർ തോട്ടത്തിലെ റാട്ടപ്പുരയിൽ കഴിഞ്ഞ മാസം 19 ന് മോഷണം നടന്നിരുന്നു. വാതിൽ കുത്തി തുറന്ന് ഒന്നര ക്വിന്റൽ ഒട്ട് പാലാണ് അന്ന് മോഷണം പോയത്.

    29 ന് റാട്ടപുരയിൽ ഉപയോഗിക്കുന്ന റബ്ബർ റോളറിന്റെ പതിനയ്യായിരം രൂപ വില വരുന്ന ഉരുക്ക് ചക്രങ്ങളും മോഷണം പോയിരുന്നു. ഈ പരാതിയിൽ നിലമ്പൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രദേശത്ത് രാത്രിയിൽ നടക്കുന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളുടെ പിന്നിലുള്ള യുവാക്കളുടെ പങ്ക് വ്യക്തമായത്. കഴിഞ്ഞ മാസം 31 ന് രാത്രി പുള്ളിപ്പാടം മാടം കോളനിയിലെ കുളത്തിങ്കൽ ബാബു ജോസഫിന്റെ തോട്ടത്തിൽ നിന്നും ഉണക്കാനിട്ട കുറച്ച് റബ്ബർഷീറ്റുകളും മോഷണം പോയി. ഈ പരാതിയിൽ നിലമ്പൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ സംഘത്തിലെ ഒരു ബൈക്കിന്റെ നമ്പർ തിരിച്ചറിഞ്ഞതോടെ ആണ് ഈ യുവാക്കളാണ് മോഷണങ്ങൾക്കു പിറകിൽ എന്ന് പോലീസ് മനസ്സിലാക്കുന്നത്.

    Also Read- ആലപ്പുഴ ജില്ലാ കളക്ടറായി വി ആർ കൃഷ്ണ തേജ ചുമതലയേറ്റു; മധുരവിതരണം നടത്തി യൂത്ത് കോൺഗ്രസ്

    തുടർന്ന് യുവാക്കളെ തിങ്കളാഴ്ച വൈകുന്നേരത്തോടെ മമ്പാട് നിന്നും പിടികൂടി. KL 71 B 7739 യമഹ FZ ബൈക്കും ഉടമയായ മമ്പാട് പള്ളിക്കുന്ന് സ്വദേശി കോക്കാടൻ ലാസിം, കൂട്ടാളി മമ്പാട് ചെമ്പങ്ങാട് സ്വദേശി പുതുമാളിയേക്കൽ ഖാലിദ് എന്നിവരെയും നിലമ്പൂർ സി ഐ പി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.

    മദ്യത്തിനും മയക്ക്മരുന്നിനും അടിമകളായ സംഘം മയക്കുമരുന്ന് വാങ്ങുന്നതിന് വേണ്ട പണം കണ്ടെത്താൻ മോഷണം ആണ് മാർഗമായി കണ്ടത്. രാത്രികാലങ്ങളിൽ ബൈക്കിൽ സഞ്ചരിച്ച് ഒറ്റപെട്ട തോട്ടങ്ങളിലെ റാട്ടപ്പുരകളിൽ സൂക്ഷിച്ചിട്ടുള്ള ഒട്ട് പാലും ഷീറ്റുകളും റോളറുകളുടെ ഉരുക്ക് ഭാഗങ്ങളും കിണറുകളിലെ പമ്പ് സെറ്റുകളും മോഷ്ടിച്ച് തുഛമായ ആക്രി വിലക്ക് വിൽക്കും. ചോദ്യം ചെയ്തതിൽ സംഘത്തിൽപ്പെട്ട മറ്റ് യുവാക്കളെയും അവർ ഒന്നിച്ച് നടത്തിയ മോഷണങ്ങളെ കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എല്ലാവരും കഞ്ചാവിനും മയക്കു മരുന്നിനും അടിമകളാണ്. പിടിയിലായ പ്രതികൾ പോലീസിന് വസ്തുക്കൾ മോഷ്ടിച്ച സ്ഥലവും തൊണ്ടിമുതലുകളും കാണിച്ച് കൊടുത്തു. ഇവ എല്ലാം പോലീസ് വീണ്ടെടുത്തു.
    Published by:Rajesh V
    First published: