ന്യൂയോർക്കിലെ ക്യൂൻസിൽ പാർക്കിംഗ് സ്ഥലത്തിനായി പോരാടിക്കുന്ന ആളുകളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഫൈറ്റ്ഹാവൻ എന്നയാളാണ് തന്റെ ട്വിറ്റർ അക്കൗണ്ടിൽ ആദ്യം ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഒരു യുവാവിനെ മറ്റൊരു പുരുഷനും ചില സ്ത്രീകളും ചേർന്ന് ആക്രമിക്കുന്നതും മർദനമേറ്റ് അവശനായ ഇയാൾ ചോര വാർന്ന് നിലത്ത് കിടക്കുന്നതും വീഡിയോയിൽ കാണാം. കത്തിയും ബേസ്ബോൾ ബാറ്റും ഉപയോഗിച്ചായിരുന്നു ആക്രമണം. ഒരു സ്ത്രീ കൈയിൽ ബേസ്ബോൾ ബാറ്റ് പിടിച്ച് ഇയാളുടെ മുഖത്ത് ശക്തമായി അടിക്കുന്നതും യുവാവ് നിലത്ത് വീഴുന്നതും കാണാം. ഇയാൾക്ക് അഞ്ചു തവണ കുത്തേറ്റതായും ട്വീറ്റിൽ പറയുന്നു.
ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ ഇതിനോടകം കണ്ടത്. മസ്തിഷ്‌കത്തിന് ഗുരുതരമായി പരിക്കേറ്റ യുവാവ് ഇപ്പോൾ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. അക്രമി സംഘത്തിലുണ്ടായിരുന്ന അർതുറോ ക്യൂവാസ് (30), ദേശി ബരേര (27) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 28 കാരനായ യുവാവിനാണ് ഇവരുടെ ക്രൂരമർദനമേറ്റത്. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളും വീഡിയോക്കു താഴെ പ്രതികരണവുമായി എത്തുന്നുണ്ട്.
”നിങ്ങളെപ്പോലെ കൂടുതൽ ആളുകൾ ഇത്തരം സംഭവങ്ങൾ പുറംലോകത്തെ അറിയിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു”, എന്നാണ് ഒരാളുടെ കമന്റ്. “കുറ്റകൃത്യങ്ങളുടെയും മയക്കുമരുന്നുകളുടെയും രാജ്യമായ അമേരിക്ക പോലുള്ള ഒരു സ്ഥലത്ത് ആളുകൾക്ക് എങ്ങനെ സമാധാനമായി ജീവിക്കാൻ കഴിയുമെന്ന് എനിക്കറിയില്ല”, എന്നാണ് മറ്റൊരാൾ കുറിച്ചത്. “ഇത് കൊലപാതകശ്രമമാണ്. എല്ലാം സംഭവിച്ചതാകട്ടെ, ഒരു പാർക്കിംഗ് സ്പേസിനു വേണ്ടിയും. ഈ ലോകത്തിന് സ്വബോധം നഷ്ടമായിരിക്കുന്നു”, എന്ന് മറ്റൊരാൾ കമന്റ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.