മുംബൈ: മരിച്ചയാളുടെ പിപിഎഫ് അക്കൗണ്ടില്‍ നിന്ന് വ്യാജരേഖ ചമച്ച് 1.39 കോടി രൂപ തട്ടിയതിന് എസ്ബിഐ അസിസ്റ്റന്റ് ബ്രാഞ്ച് മാനേജരും ഒരു വ്യവസായിയും ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. തന്റെ മകന്റെ പിപിഎഫ്, അക്കൗണ്ടിലുണ്ടായിരുന്ന പണം മറ്റാരോ തട്ടിയെടുത്തെന്ന് 88-കാരനായ പിതാവ് അടുത്തിടെയാണ് അറിഞ്ഞത്. 2008-ല്‍ യുഎസില്‍ വെച്ചാണ് ഇദ്ദേഹത്തിന്റെ മകന് അമിത് പ്രസാദ് മരിച്ചത്.
അസിസ്റ്റന്റ് ബ്രാഞ്ച് മാനേജര്‍ പ്രിയങ്ക് ശര്‍മ്മ, പദം സെന്‍, ഹവാല ഓപ്പറേറ്റര്‍ രാജേഷ് പഞ്ചാല്‍ എന്നിവരെയാണ് സംഭവത്തില്‍ മറൈന്‍ ഡ്രൈവ് പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, ഈ പണം കൈപ്പറ്റിയ രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയുമാണ്.
വാര്ഡന് റോഡിലെ താമസക്കാരനായ ഹനുമന്ത് പ്രസാദാണ് നരിമാന് പോയിന്റിലെ എസ്ബിഐയുടെ ബാക്ക്ബേ ബ്രാഞ്ചിലെ തന്റെ മകന്റെ പിപിഎഫ് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടുവെന്ന് ആരോപിച്ച് മറൈന്‍ ഡ്രൈവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. മാര്‍ച്ചിലാണ് ഇദ്ദേഹം പോലീസില്‍ പരാതി നല്‍കിയത്.
മകന് മരിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ്, മകന്റെ പിപിഎഫ് അക്കൗണ്ടില്‍ നിന്ന് തന്റെ അക്കൗണ്ടിലേക്ക് പണം മാറ്റുന്നതിനായി ഹനുമന്ത് പ്രസാദ് ബാങ്കിനെ സമീപിച്ചത്.
‘ബാങ്കിന്റെ തുടര്‍നടപടികള്‍ക്ക് ശേഷം, പിപിഎഫ് ഫണ്ട് മാറ്റിയോയെന്ന് അറിയാന്‍ ബാങ്ക് മാനേജര്‍ അമൃത്ലാല്‍ പട്ടേലിനെ വിളിച്ചെങ്കിലും അദ്ദേഹത്തിന് ബാങ്കില്‍ നിന്ന് പ്രതികരണമൊന്നും ലഭിച്ചില്ല,’ ഒരു പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
എന്നാല്‍ പിന്നീട് തുക അമിത് വിജയ് പ്രസാദ് എന്നയാളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നുവെന്ന് അദ്ദേഹം അറിഞ്ഞു. ഇതേ തുടര്‍ന്ന് വിശദമായി അന്വേഷിച്ചപ്പോഴാണ് മരിച്ച മകന്റെ അക്കൗണ്ടില്‍ നിന്ന് 1.39 കോടി രൂപ മറ്റു ചിലര്‍ തട്ടിയെടുത്തതായി അറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
അന്വേഷണത്തില്‍, ഐസിഐസിഐ ബാങ്കിലെ ഗോരേഗാവ് ശാഖയിലെ അമിത് പ്രസാദ് എന്നയാളുടെ അക്കൗണ്ടിലേക്കാണ് തുക ട്രാന്‍സ്ഫര്‍ ചെയ്തതത്. എന്നാല്‍ ഈ അക്കൗണ്ട് ഇപ്പോൾ നിലവില്‍ ഇല്ല. ഈ അക്കൗണ്ടില്‍ നിന്ന് ഗജാനന്‍ എന്റര്‍പ്രൈസസ്, ലക്ഷ്മി എന്റര്‍പ്രൈസസ് എന്നിങ്ങനെ വിവിധ അക്കൗണ്ടുകളിലേക്ക് ഈ പണം ട്രാന്‍സ്ഫര്‍ ചെയ്തതായും കണ്ടെത്തി. അതിനുശേഷം, ഈ പണം യെസ് ബാങ്കിലേക്കും ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സിലേക്കും വ്യത്യസ്ത പേരുകളില്‍ വകമാറ്റിയതായും അന്വേഷണത്തില്‍ കണ്ടെത്തി.
പിന്നീട് ലാലിറാം ദേവസി എന്നയാള്‍ ഭൂലേശ്വര്‍ മാര്‍ക്കറ്റിലെ ബ്രോക്കര്‍ മുകേഷ് ജെയിന് മുഖേന ഈ തുക മുഴുവന്‍ പണമായി സ്വീകരിച്ച് തന്സുഖ് ജോഷിക്ക് നല്കി. എന്നാല്‍ പ്രേം ശര്‍മ്മ എന്നയാളാണ് ഈ പണം തനിക്ക് കൈമാറിയതെന്ന് ജോഷി പോലീസിനോട് പറഞ്ഞത്. അതേസമയം, തട്ടിയെടുത്ത മുഴുവന്‍ പണവും രാജേഷ് പഞ്ചാലിന് നല്‍കിയെന്നാണ് പ്രേം ശര്‍മ്മ പറഞ്ഞത്. ബാങ്ക് ഉദ്യോഗസ്ഥനായ പ്രിയങ്ക് ശര്‍മ്മയുടെ അടുത്ത സുഹൃത്താണ് പഞ്ചല്‍. ശര്‍മ്മയുടെ നിര്‍ദ്ദേശപ്രകാരം പത്മ സെന്‍, നിലേഷ് കദം എന്നീ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്തു.
ഇന്‍സ്പെക്ടര്‍ സോപാനിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സെന്നിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നാല് ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും പണവും കണ്ടെടുത്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.