• HOME
 • »
 • NEWS
 • »
 • crime
 • »
 • 'ബാഗിലുണ്ടായിരുന്നത് 34 ലക്ഷം'; ശിവശങ്കറിന്റെ മൊഴി തെറ്റെന്ന് ഒപ്പമിരുത്തിയുള്ള ചോദ്യം ചെയ്യലിൽ ചാർട്ടേഡ്‍ അക്കൗണ്ടന്റ്

'ബാഗിലുണ്ടായിരുന്നത് 34 ലക്ഷം'; ശിവശങ്കറിന്റെ മൊഴി തെറ്റെന്ന് ഒപ്പമിരുത്തിയുള്ള ചോദ്യം ചെയ്യലിൽ ചാർട്ടേഡ്‍ അക്കൗണ്ടന്റ്

പലതവണ ലോക്കർ തന്റെ പേരിൽ നിന്നും മാറ്റണമെന്നു ശിവശങ്കറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ശിവശങ്കർ അതിനു തയാറായില്ലെന്നും വേണുഗോപാൽ മൊഴി നൽകി.

News18

News18

 • Share this:
  കൊച്ചി: നയതന്ത്ര ബാഗേജിലെ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ മൊഴികളുടെ വിശ്വാസ്യത ചോദ്യം ചെയ്ത് ചാർട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാൽ. ഇന്നലെ ശിവശങ്കറിന്റെ ഒപ്പമിരുത്തി മൊഴി രേഖപ്പെടുത്തിയപ്പോഴായിരുന്നു ഇ.ഡിയോട് വേണുഗോപാൽ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയത്. ശിവശങ്കർ നേരിട്ട് ഇടപെട്ടിട്ടുണ്ടെന്ന തരത്തിലുള്ള മൊഴിയാണ് വേണുഗോപാൽ നൽകിയിരിക്കുന്നത്.

  സ്വപ്നയും ശിവശങ്കറും ആദ്യമായി തന്നെ കാണാനെത്തിയപ്പോൾ ആവരുടെ കൈവശമുണ്ടായിരുന്ന ബാഗിൽ 34 ലക്ഷം രൂപയുടെ കറൻസി  ഉണ്ടായിരുന്നതായി വേണുഗോപാൽ പറഞ്ഞു. ശിവശങ്കർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് തന്റെ ഉടമസ്ഥതയിലുള്ള ലോക്കറിൽ ഈ പണം നിക്ഷേപിക്കാൻ സമ്മതിച്ചത്. അതിനു ശേഷം പലതവണ ലോക്കർ തന്റെ പേരിൽ നിന്നും മാറ്റണമെന്നു ശിവശങ്കറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ശിവശങ്കർ അതിനു  തയാറായില്ലെന്നും വേണുഗോപാൽ മൊഴി നൽകി.

  ഇതിനിടെ മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ശിവശങ്കറിനൊപ്പം ചോദ്യം ചെയ്യാനുള്ള ഇഡിയുടെ നീക്കം നടന്നില്ല. താൻ കോവിഡ് രോഗബാധിതനാണെന്ന് രവീന്ദ്രൻ ഇ.ഡിയെ അറിയിച്ചിരുന്നു. ഈ മാസം 11 വരെയാണു ശിവശങ്കറിനെ ഇഡിക്കു കസ്റ്റഡിയിൽ ലഭിച്ചത്. ശിവശങ്കറിന്റെ ആദ്യ റിമാൻഡ് കാലാവധിയും അന്നു തീരും.

  Also Read 'കാർഡ് വീട്ടിലുണ്ടെന്ന് അറിയാമെങ്കിൽ കത്തിച്ചു കളയില്ലേ'; ബിനീഷ് കോടിയേരിയെ വെട്ടിലാക്കി ഭാര്യാ മാതാവ് ചാനൽ ചർച്ചയിൽ

  ചോദ്യം ചെയ്യലിന് ഇന്നലെ ഹാജരാകാൻ സമൻസ് ലഭിച്ച ഹൈദരാബാദ് പെന്നാർ ഇൻഡസ്ട്രീസ് സിഎംഡി ആദിത്യനാരായണ റാവുവും കോവിഡ് പരിശോധനാഫലം കിട്ടിയില്ലെന്ന കാരണം പറഞ്ഞ് ഇന്നലെ ചോദ്യംചെയ്യൽ ഒഴിവായി.

  സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും പിന്നാലെ ഏഴു പ്രതികൾക്കെതിരെ കൂടി കൊഫെപോസ ചുമത്താൻ തീരുമാനിച്ചു. ഒന്നാം പ്രതി പി.എസ്.സരിത്, രണ്ടാം പ്രതി കെ.ടി.റമീസ്, മറ്റു പ്രധാന പ്രതികളായ ജലാൽ, അംജത് അലി, സെയ്തലവി, ടി.എം. ഷംജു, മുഹമ്മദ് ഷാഫി എന്നിവർക്കെതിരെ കൊഫേപോസ ചുമത്താനാണു അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. ഇതിനിടെ ഡോളർ കടത്തു കേസിലും ഈന്തപ്പഴം വിതരണം ചെയ്തതിലും ശിവശങ്കറിനെ പ്രതിചേർക്കുമെന്നാണു വിവരം.

  ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയാലുടൻ എറണാകുളം, തൃശൂർ വിയ്യൂർ ജയിലുകളിൽ നിന്ന് ഇവരെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റും. കൊഫേപോസ ചുമത്തിയാൽ ഒരു വർഷത്തേക്കു പുറത്തിറങ്ങാനാകില്ല. കോഫേപോസ ചുമത്തപ്പെട്ട സ്വപ്ന സുരേഷ് തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലും സന്ദീപ് നായർ പൂജപ്പുര സെൻട്രൽ ജയിലിലുമാണ് ഇപ്പോൾ കഴിയുന്നത്.

  എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യംചെയ്യൽ കഴിഞ്ഞാലുടൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് കേസെടുത്തു കസ്റ്റഡിയിൽ വാങ്ങും.
  Published by:Aneesh Anirudhan
  First published: