• HOME
  • »
  • NEWS
  • »
  • crime
  • »
  • അടിവസ്ത്രത്തിലും പാന്റിലും തേച്ചുപിടിപ്പിച്ച് ഒന്നരക്കിലോ സ്വർണം; കരിപ്പൂരിൽ 43കാരൻ പിടിയിൽ

അടിവസ്ത്രത്തിലും പാന്റിലും തേച്ചുപിടിപ്പിച്ച് ഒന്നരക്കിലോ സ്വർണം; കരിപ്പൂരിൽ 43കാരൻ പിടിയിൽ

കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശി ഇസ്സുദ്ദീന്‍ (43) ആണ് സ്വര്‍ണം അതിവിദഗ്ധമായി കടത്താന്‍ ശ്രമിച്ചത്

  • Last Updated :
  • Share this:
    മലപ്പുറം: അബുദാബിയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിൽ (Karipur Airport)  വന്നിറങ്ങിയ കണ്ണൂര്‍ സ്വദേശിയിൽ നിന്ന് ഒന്നര കിലോയിലധികം സ്വർണം പൊലീസ് പിടികൂടി. വസ്ത്രത്തില്‍ തേച്ച്പിടിപ്പിച്ച നിലയിലായിരുന്നു സ്വർണം. ശനിയാഴ്ച രാവിലെ പത്തേകാലോടെ കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശി ഇസ്സുദ്ദീന്‍ (43) ആണ് സ്വര്‍ണം അതിവിദഗ്ധമായി കടത്താന്‍ ശ്രമിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

    മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് ഐപിഎസ്സിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അബുദാബിയില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇന്‍ഡിഗോ വിമാനത്തില്‍ വന്നിറങ്ങി കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇസ്സുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

    പ്രാഥമിക ചോദ്യം ചെയ്യലില്‍ വളരെ ആത്മവിശ്വാസത്തോടെ കാണപ്പെട്ട ഇസ്സുദ്ദീന്‍ തന്റെ കയ്യില്‍ സ്വര്‍ണമുള്ള കാര്യം സമ്മതിച്ചില്ല. ഇസ്സുദ്ദീന്റെ കൈവശമുണ്ടായിരുന്ന ബാഗും ശരീരവും വിശദമായ പരിശോധനക്ക് വിധേയമാക്കിയെങ്കിലും സ്വര്‍ണം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

    തുടര്‍ന്ന് ഇയാള്‍ ധരിച്ചിരുന്ന പാന്റ്‌സിന് കട്ടി കൂടുതലുള്ളതായി ശ്രദ്ധയില്‍ പെട്ടപ്പോള്‍ അഴിച്ച് പരിശോധിക്കുകയായിരുന്നു.പാന്റ് മുറിച്ച് നോക്കിയപ്പോഴാണ് തയ്ച്ചിരിക്കുന്നത് രണ്ട് പാളി തുണികളുപയോഗിച്ചാണെന്നും, ഉള്‍വശത്തായി സ്വര്‍ണമിശ്രിതം തേച്ച് പിടിപ്പിച്ചിരിക്കയാണെന്നും മനസ്സിലായത്.

    പാന്റ്‌സിലും അടിവസ്ത്രത്തിലുമായി തേച്ച് പിടിപ്പിച്ച നിലയിലുള്ള സ്വര്‍ണ മിശ്രിതത്തിന് ഒന്നരകിലോയിലധികം ഭാരമുണ്ട്.

    മലപ്പുറം കുറ്റിപ്പുറത്ത് 21 കിലോ മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ

    മലപ്പുറം കുറ്റിപ്പുറത്ത് 21 കിലോയോളം കഞ്ചാവുമായി രണ്ടുപേര്‍ പിടിയിലായി. ഗൂഡല്ലൂര്‍ സ്വദേശികളായ സുമേഷ് മോഹന്‍, ഷൈജല്‍ എന്നിവരാണ് കുറ്റിപ്പുറം എംഇഎസ് കോളേജിന് സമീപത്തുനിന്നും പോലീസ് പിടികൂടിയത്. 21.5 കിലോഗ്രാം കഞ്ചാവുമായാണ് ഗൂഡല്ലൂര്‍ സ്വദേശികളായ സുമേഷ് മോഹന്‍, ഷൈജല്‍ എന്നിവര്‍ കുറ്റിപ്പുറം പോലീസിന്റെ പിടിയിലായത്.

    കുറ്റിപ്പുറം എംഇഎസ് കോളേജിന് സമീപത്തുനിന്നും പോലീസ് പിടികൂടിയത്. മലപ്പുറം എസ്.പി സുജിത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് തിരൂര്‍ ഡിവൈഎസ്പിയുടെ നിദ്ദേശ പ്രകാരമായിരുന്നു കുറ്റിപ്പുറം എംഇഎസ് എഞ്ചിനീയറിങ് കോളേജിന് സമീപത്തായി വാഹന പരിശോധന നടത്തിയത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള റിറ്റ്‌സ് കാറിന്റെ പിന്‍സീറ്റിനടിയിലും ബംപറിനുള്ളിലുമായി ഒളിപ്പിച്ച 11 പാക്കറ്റുകള്‍ കണ്ടെടുത്തു.

    മയക്കുമരുന്നു കടത്തു സംഘം പട്ടാമ്പി ഭാഗത്ത് നിന്ന് കുമ്പിടി കുറ്റിപ്പുറം റോഡിലൂടെ വരുന്നുണ്ട് എന്നായിരുന്നു വിവരം. തുടര്‍ന്ന് പൊലീസ് സംഘം 4 ഗ്രൂപ്പായി തിരിഞ്ഞ് ഈ ഭാഗത്ത് പരിശോധ തുടങ്ങി. ഇതിനിടെ വന്ന റിറ്റ്‌സ് കാര്‍ പരിശോധിച്ചെങ്കിലും ആദ്യം ഒന്നും കണ്ടെത്താനായില്ല. പിന്നീട് ഇതിലെ യാത്രക്കാരെ ചോദ്യം ചെയ്തതോടെയാണ് പിന്‍സീറ്റിനടിയില്‍ നിര്‍മ്മിച്ച പ്രത്യേക അറ കണ്ടെത്തിയത്. ഇതില്‍ നിന്ന് 6 പാക്കറ്റുകളും പിന്നീട് ബാക്ക് ബമ്പര്‍ ഊരിനോക്കിയതില്‍ 5 പാക്കറ്റുകളും കണ്ടെത്തി. ഇവര്‍ വന്‍ ലഹരിമരുന്ന് കടത്ത് സംഘത്തില്‍ പെട്ടവരാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

    മലപ്പുറം കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ വിതരണം ചെയ്യാനുള്ളതാണ് കഞ്ചാവെന്ന് ഇവര്‍ മൊഴി നല്‍കി. ഇവര്‍ ലഹരി കേസുകള്‍ കൂടാതെ തട്ടിപ്പു കേസുകളിലും ഉള്‍പ്പെട്ടതായി സംശയിക്കുന്നുണ്ട്.
    Published by:Rajesh V
    First published: