തൊടുപുഴ: രണ്ടാഴ്ചയ്ക്ക് മുമ്പ് കാണാതായ വീട്ടമ്മയെ അയൽവാസിയായ കോളജ് വിദ്യാർഥിക്കൊപ്പം കണ്ടെത്തി. തൃശ്ശൂരിൽ നിന്നാണ് ഇരുവരെയും പോലീസ് കണ്ടെത്തിയത്. ഇക്കഴിഞ്ഞ എട്ടിനാണ് 43കാരിയായ വീട്ടമ്മയെ കാണാതാകുന്നത്. തൊടുപുഴ നെടിയശാല സ്വദേശിനിയായ ഇവർ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ്. അന്വേഷണത്തിനൊടുവിലാണ് അയൽവാസിയായ ഇരുപത്തിയൊന്നുകാരനൊപ്പം ഇവരെ തൃശ്ശൂരില്‍ നിന്നും കണ്ടെത്തിയത്.
ഇരുവരും കുറച്ചുകാലമായി പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. തുടർന്ന് നാടുവിട്ട ഇവർ ലോഡ്ജുകളിൽ ഉൾപ്പെടെ ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. തൊടുപുഴ എസ്ഐ ബൈജു പി ബാബുവിന്‍റെ നേതൃത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ ഇരുവരെയും തൃശ്ശൂരിൽ നിന്നും കസ്റ്റഡിയിലെടുത്തത്. രണ്ടുപേരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.
കോട്ടയത്ത് മറ്റൊരു സംഭവത്തിൽ കാമുകനൊപ്പം ഒളിച്ചോടിയതിന് അമ്പരപ്പിക്കുന്ന വിശദീകരണമാണ് യുവതിയായ വീട്ടമ്മ നല്‍കിയത്. പാലാ പൂവക്കുളത്തുനിന്ന് മണ്ണാർക്കാട്ടെ കാമുകനൊപ്പം ഒളിച്ചോടിയ 22കാരിയായ വീട്ടമ്മ കഴിഞ്ഞ ദിവസം രാമപുരം പൊലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു. മദ്യപാനത്തിനൊപ്പം ഭർത്താവിന്‍റെ പാൻപരാഗ് ഉപയോഗവും കാരണം സഹിക്കാനാകാതെയാണ് താൻ കാമുകനൊപ്പം പോയതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. പിന്നീട് വീഡിയോ കോൺഫറൻസിങ് വഴി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ വീട്ടമ്മയെ സ്വന്തം ഇഷ്ടപ്രകാരം കാമുകനൊപ്പം പോകാൻ അനുവദിക്കുകയും ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, ഒരു വർഷം മുമ്പ് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പാലക്കാട് മണ്ണാർക്കാട് സ്വദേശിക്കൊപ്പമാണ് കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ വീട്ടമ്മ ഒളിച്ചോടിയത്. മൂൻകൂട്ടി പദ്ധതിയിട്ടപ്രകാരമാണ് കടന്നുകളഞ്ഞത്. പുലർച്ചെ നാലുമണി വരെ ഭർത്താവിനൊപ്പം കിടന്ന് ഉറങ്ങിയ ഇവർ, ബാത്ത് റൂമിൽ പോകാനെന്ന വ്യാജേന എഴുന്നേറ്റ് പുറത്തിറങ്ങുകയായിരുന്നു. വീടിന് സമീപത്ത് കാത്തുനിന്ന കാമുകനൊപ്പം വാഹനത്തിൽ കയറി ഷൊർണൂരിലേക്ക് പോയി. കാമുകനുമായുള്ള ഫോൺ വഴിയുള്ള അടുപ്പം കണ്ടുപിടിച്ച ഭർത്താവ്, വീട്ടമ്മയിൽനിന്ന് ഫോൺ പിടിച്ചു വാങ്ങുകയും സിം നശിപ്പിച്ചു കളയുകയും ചെയ്തിരുന്നു. ഇതുകാരണം ഭർത്താവിന്‍റെ സിമ്മും മൊബൈലുമായാണ് വീട്ടമ്മ നാടുവിട്ടത്.
ഭാര്യയെ കാണാതായതോടെ യുവാവ് രാമപുരം പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമായി നടന്നു വരികയായിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ വീട്ടമ്മയുടെ കൈവശമുണ്ടായിരുന്ന ഫോൺ ഷൊർണൂരിലും പട്ടാമ്പിയിലും ഉള്ളതായി കണ്ടെത്തി. പൊലീസ് തങ്ങളെ കണ്ടെത്തുമെന്ന് ഉറപ്പായതോടെ വീട്ടമ്മയും കാമുകനും രാമപുരം കോടതിയിൽ വിളിച്ച് നേരിട്ട് ഹാജരാകാമെന്ന് അറിയിക്കുകയായിരുന്നു. ഇതനുസരിച്ചാണ് ഇവർ സ്റ്റേഷനിലെത്തി കാര്യങ്ങൾ വിശദീകരിച്ചത്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.