ബന്ധുവായ മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അറുപതുകാരൻ അറസ്റ്റിൽ. ബിഹാറിലെ ഹാജിപൂരിലാണ് സംഭവം. ഡിസംബർ പതിനാറിന് നടന്ന സംഭവം ദിവസങ്ങൾക്ക് ശേഷമാണ് പുറത്തറിയുന്നത്.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് കുഞ്ഞിന്റെ അമ്മ പൊലീസിൽ പരാതി നൽകുന്നത്. അമ്മയുടെ പരാതിയിൽ അറുപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ തന്റെ അനന്തരവളുടെ മകളെയാണ് പീഡിപ്പിച്ചത്.
ബിഹാറിലെ സമസ്തിപൂർ സ്വദേശിനിയാണ് പരാതി നൽകിയത്. ഹാജിപൂർ സ്വദേശിയായ അറുപതുകാരൻ വിവാഹത്തിൽ പങ്കെടുക്കാനായി സമസ്തിപൂരിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഡിസംബർ പതിനാറിന് വീടിന്റെ ടെറസിൽ വെച്ച് കുഞ്ഞിനെ പീഡിപ്പിച്ചുവെന്നാണ് പരാതി.
കുഞ്ഞിന്റെ സ്വകാര്യ ഭാഗത്ത് പരിക്കേറ്റതിനെ തുടർന്നാണ് അമ്മ കാര്യം അറിയുന്നത്. തുടർന്ന് കുഞ്ഞിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്ന് കൂടുതൽ ചികിത്സയ്ക്കായി സദർ ജില്ലയിലുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
പീഡന വിവരം പുറത്തറിയാതിരിക്കാൻ കുടുംബാംഗങ്ങൾ ശ്രമിച്ചതായി പൊലീസ് ഉദ്യോഗസ്ഥനായ രാഘവ് ദയാൽ പറയുന്നു. കുഞ്ഞിന്റെ ചികിത്സാ ചിലവുകൾ വഹിക്കാമെന്നും പീഡന വിവരം പുറത്തറിയരുതെന്നുമായിരുന്നു ബന്ധുക്കളിൽ ചിലരുടെ ആവശ്യം. രണ്ട് ദിവസം കഴിഞ്ഞ് കുഞ്ഞിന്റെ അമ്മയാണ് പൊലീസിൽ പരാതി നൽകുന്നത്.
Also Read-<strongസഹോദരനെ മാതാപിതാക്കള്‍ കൊലപ്പെടുത്തിയെന്ന് വ്യാജപരാതി; മൂന്നു ദിവസം തടവിന് വിധിച്ച് കോടതി
സംഭവത്തിൽ, പൊലീസ് അന്വേഷണം ആരംഭിച്ചു. പീഡന സമയത്ത് കുഞ്ഞ് ധരിച്ചിരുന്ന വസ്ത്രത്തിലും തലയണയിലുമെല്ലാം രക്തം പുരണ്ടിരുന്നു. തെളിവ് നശിപ്പിക്കുകയാണെന്ന ധാരണയില്ലാതെ കുഞ്ഞിന്റെ അമ്മ ഇതെല്ലാം കഴുകി വൃത്തിയാക്കിയതായി പൊലീസ് പറയുന്നു. സംഭവത്തിൽ നിലവിൽ യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഉത്തർപ്രദേശിൽ നിന്നും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഇരുപത്തിയാറുകാരനായ യുവാവിനെയാണ് ആറ് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റ് ചെയ്തത്. സ്കൂളിലേക്ക് പുറപ്പെട്ട കുട്ടിയെയാണ് ഷഹബാസ് എന്ന് പേരുള്ള യുവാവ് പീഡിപ്പിച്ചത്.
കുട്ടിയെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടി വീട്ടിൽ തിരിച്ചെത്തിയതിനു ശേഷമാണ് വിവരം മാതാപിതാക്കളെ അറിയിക്കുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime