HOME » NEWS » Crime » 65 YEAR OLD MAN ARRESTED FOR FRAUD OF BLACK MAGIC IN KOLLAM

കൃഷിപ്പണിക്ക് എത്തി വീട്ടമ്മമാരെ വീഴ്ത്തുന്ന മന്ത്രവാദി; ബലഭദ്രന് പലയിടത്തായി അഞ്ച് ഭാര്യമാർ

പ്രേതബാധ ഒഴിപ്പിക്കാനായി എത്തിയ യുവതിയോട് 'എന്‍റെയും നിന്‍റെയും വിയർപ്പുകൾ ഒന്നിച്ചാൽ എല്ലാ പ്രശ്നവും തീരും' എന്ന് 65കാരനായ ബലഭദ്രൻ പറഞ്ഞു. ഇതുകേട്ട് യുവതി അവിടെനിന്ന് ഇറങ്ങി ഓടി.

News18 Malayalam | news18-malayalam
Updated: April 27, 2021, 3:08 PM IST
കൃഷിപ്പണിക്ക് എത്തി വീട്ടമ്മമാരെ വീഴ്ത്തുന്ന മന്ത്രവാദി; ബലഭദ്രന് പലയിടത്തായി അഞ്ച് ഭാര്യമാർ
Balabhadran_Arrest
  • Share this:
കൊല്ലം: മന്ത്രവാദിയെന്ന് വിശ്വസിപ്പിച്ച് നിരവധി സ്ത്രീകളെ കബളിപ്പിച്ച് പണം കവർന്നയാളാണ് കഴിഞ്ഞ ദിവസം മാവേലിക്കരയിൽ അറസ്റ്റിലായ കൊല്ലം താന്നി സ്വദേശി ബലഭദ്രൻ. കൃഷിപ്പണിക്കായി എത്തി, വീട്ടിലെ സ്ത്രീകളുമായി ചങ്ങാത്തം സ്ഥാപിക്കുകയും, സാമ്പത്തിക കുടുംബ പ്രശ്നങ്ങൾ തീർക്കാമെന്ന് വാഗ്ദാനം ചെയ്തു തകിട് ജപിച്ചു നൽകുകയുമാണ് ഇയാൾ ചെയ്തിരുന്നതെന്ന് പൊലീസ് പറയുന്നു. പ്രേത ബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് വാങ്ങിയ ഒരു ലക്ഷം രൂപ തിരിച്ചു ചോദിക്കാനെത്തിയ പാരിപ്പള്ളിയായ യുവതിയുടെ അമ്മയെ കുത്തിവീഴ്ത്തിയ സംഭവത്തിലാണ് ബലഭദ്രനെ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാൾക്ക് തെക്കൻ കേരളത്തിൽ വിവിധ സ്ഥലങ്ങളിലായി അഞ്ച് ഭാര്യമാരുണ്ടെന്നും പൊലീസ് പറയുന്നു.

കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളിലാണ് ബലഭദ്രൻ തട്ടിപ്പ് നടത്തിയിരുന്നത്. കൃഷി പണിക്കും കൂലിവേലയ്ക്കും മാറ്റുമായി എത്തി, വീട്ടിലെ സ്ത്രീകളുമായി ചങ്ങാത്തം സ്ഥാപിക്കുകയാണ് ഇയാൾ ചെയ്തിരുന്നത്. ഇതിനിടെ വീട്ടിലെ പ്രശ്നങ്ങൾ ചോദിച്ചു മനസിലാക്കും. മകളുടെയോ മകന്‍റെയോ വിവാഹം നടക്കാത്തതും കുട്ടികളുണ്ടാകാത്തതും കടബാധ്യതയും ഉൾപ്പടെയുള്ള പ്രശ്നങ്ങൾ വീട്ടമ്മമാർ ഇയാളോട് പറയും. ഒരു നിമിഷം കണ്ണടച്ച് ചില മന്ത്രങ്ങൾ ഉരിവിട്ടുകൊണ്ട് കുടുംബത്തിൽ ചില ദോഷങ്ങൾ കാണുന്നുണ്ടെന്നും തനിക്ക് മന്ത്രവാദം അറിയാമെന്നും ഇയാൾ വീട്ടമ്മമാരെ പറഞ്ഞു വിശ്വസിപ്പിക്കും. തുടർന്ന് ചില പൂജകൾ ചെയ്യാമെന്നും തകിട് ജപിച്ച് കുഴിച്ചിടണമെന്നും പറയും. ഇതിനായി കാശ് വാങ്ങുകയും തുടർന്ന് പൂജകൾ നടത്തി തകിട് കൈമാറുകയും ചെയ്യും. അതിനിടെ നല്ല രീതിയിൽ പണം കൈക്കലാക്കുകയും ചെയ്യുന്നതാണ് ബലഭദ്രന്‍റെ രീതി. ഒരു സ്ഥലത്തുനിന്ന് പണം ലഭിച്ചു കഴിഞ്ഞാൽ പിന്നെ ആ പ്രദേശത്തേക്ക് ബലഭദ്രൻ വരില്ല. കിട്ടിയ കാശിനു അടിച്ചുപൊളിച്ചും ജീവിക്കുകയും ചെയ്യും.

Also Read- ലിവ്-ഇൻ പങ്കാളിയുടെ ഭർത്താവ് 45കാരനെ കൊലപ്പെടുത്തി

ഇതിനിടെ പല സ്ഥലത്തും സ്ത്രീകളുമായി ഇയാൾ ബന്ധം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഒറ്റയ്ക്ക് താമസിക്കുകയും ഭർത്താവ് മരിച്ചു പോകുകയും ചെയ്യുന്ന സ്ത്രീകളുമായാണ് ഇയാൾ ബന്ധം സ്ഥാപിക്കുന്നത്. തെക്കൻ കേരളത്തിലെ വിവിധ ജില്ലകളിലായി തനിക്ക് അഞ്ച് ഭാര്യമാരുണ്ടെന്നും ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

പാരിപ്പള്ളി സ്വദേശിനിയായ സ്ത്രീയെ കുത്തിവീഴ്ത്തിയതുമായി ബന്ധപ്പെട്ടാണ് ബലഭദ്രൻ കഴിഞ്ഞ ദിവസം അറസ്റ്റിലായത്. കേസിന് ആസ്പദമായ സംഭവം നടന്നത് മാർച്ച് 29നാണ്. പാരിപ്പള്ളി സ്വദേശിനിയായ യുവതിയുടെ അമ്മയുടെ പിതാവിന് പ്രേതബാധയുണ്ടെന്നും വീട്ടിലെ ബുദ്ധിമുട്ടുകൾക്ക് കാരണം ഇതാണെന്നും അത് ഒഴിപ്പിക്കാനായി ചില പൂജകൾ ചെയ്യണമെന്നും ഇയാൾ പറഞ്ഞു. ഇതിനായി പലപ്പോഴായി ഒരു ലക്ഷം രൂപ ബലഭദ്രൻ കൈപ്പറ്റുകയും ചെയ്തു. എന്നാൽ നിരവധി തവണ പൂജകൾ ചെയ്തിട്ടും വീട്ടിലെ ബുദ്ധിമുട്ടുകൾ മാറാതെ വന്നതോടെ തങ്ങൾ കബളിപ്പിക്കപ്പെട്ടതായി ഇവർക്ക് മനസിലായി. തുടർന്ന് ഇക്കഴിഞ്ഞ മാർച്ച് 29ന് താന്നിയിലെ വീട്ടിലെത്തി യുവതിയും മാതാവും ഭർത്താവും ബലഭദ്രനെ കണ്ടു. ഒരു പൂജകൂടി ചെയ്താൽ എല്ലാ ശരിയാകുമെന്നു പറഞ്ഞു യുവതിയെ മാത്രം, പൂജാമുറിയിലേക്ക് കയറ്റി കതകടച്ചു. തുടർന്ന് 'എന്‍റെയും നിന്‍റെയും വിയർപ്പുകൾ ഒന്നിച്ചാൽ എല്ലാ പ്രശ്നവും തീരും' എന്ന് ബലഭദ്രൻ പറഞ്ഞു. ഇതുകേട്ട് യുവതി അവിടെനിന്ന് ഇറങ്ങി ഓടി. പിന്നാലെ എത്തിയ ബലഭദ്രനുമായി യുവതിയുടെ ഭർത്താവ് വാക്കുതർക്കമുണ്ടാകുകയും ഇതിനിടെ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് ബലഭദ്രൻ യുവതിയുടെ അമ്മയെ കുത്തുകയുമായിരുന്നു. കുത്തേറ്റ് ഗുരുതരാവസ്ഥയിലായ യുവതിയുടെ അമ്മ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ഈ സംഭവത്തിനു ശേഷം ബലഭദ്രൻ ഒളിവിൽ പോയി. യുവതി നൽകിയ പരാതിയിൽ പൊലീസ് ബലഭദ്രനെ കണ്ടെത്താൻ ശ്രമം നടത്തി വരികയായിരുന്നു. അതിനിടെ വെളിയത്തുള്ള രണ്ടാം ഭാര്യയുടെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചു. എന്നാൽ അവിടെ പൊലീസ് എത്തിയപ്പോഴേക്കും ബലഭദ്രൻ കടന്നു കളഞ്ഞു. അതിനുശേഷമാണ് മാവേലിക്കരയിൽ ഉണ്ടെന്ന് വിവരം ലഭിക്കുന്നതും പൊലീസ് ബലഭദ്രനെ കസ്റ്റഡിയിലെടുക്കുന്നതും.

മാവേലിക്കര കൊല്ലകടവ് ഭാഗത്തുനിന്ന് ഇരവിപുരം ഇന്‍സ്പെക്ടര്‍ പി.എസ്. ധര്‍മജിത്ത്, എസ്‌ഐമാരായ ദീപു, സൂരജ്, സുതന്‍, സന്തോഷ്, അജിത് കുമാര്‍, എഎസ്‌ഐ ഷിബു പീറ്റര്‍, സിപിഒ വൈശാഖ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു. ബലഭദ്രൻ അറസ്റ്റിലായ വിവരം അറിഞ്ഞു നേരത്തെ തട്ടിപ്പിന് ഇരയായവർ പരാതിയുമായി രംഗത്തുവരാൻ തുടങ്ങിയിട്ടുണ്ട്.
Published by: Anuraj GR
First published: April 27, 2021, 3:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories