ജർമനിയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലുള്ള രോഗിയുടെ വെന്റിലേറ്റർ മെഷീൻ ഓഫാക്കിയ വൃദ്ധ അറസ്റ്റിലായി. വെന്റിലേറ്ററിൽ നിന്ന് തനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിലുള്ള അസഹനീയമായ ശബ്ദം കേൾക്കുന്നെന്ന് ആരോപിച്ചാണ് 72കാരിയായ വൃദ്ധ സമീപത്തുണ്ടായിരുന്നു മറ്റൊരു രോഗി ഉപയോഗിച്ചിരുന്ന വെന്റിലേറ്റർ മെഷീൻ രണ്ടു തവണ ഓഫാക്കിയത്. മാൻഹേം സിറ്റിയിലെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ആശുപത്രിയിൽ വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം നടന്നത്. മനപ്പൂർവ്വമായ നരഹത്യയ്ക്ക് ശ്രമിച്ച എന്ന കുറ്റമാണ് ഈ വൃദ്ധയ്ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. ആശുപത്രി അധികൃതർ തന്നെയാണ് ഇവർക്കെതിരെ പരാതി നൽകിയത്.
ആരോപണവിധേയയായ വൃദ്ധയ്ക്കൊപ്പം തീവ്രപരിചരണ വിഭാഗത്തിൽ 79 വയസ്സുകാരിയായ മറ്റൊരു രോഗി കൂടി കിടന്നിരുന്നു. വെന്റിലേറ്റർ സഹായത്തോടെയാണ് ഇവരുടെ ജീവൻ നിലനിർത്തിയിരുന്നത്. ആശുപത്രി അധികൃതരുടെ കർശനമായ നിർദ്ദേശം മറികടന്നാണ് ആരോപണവിധേയയായ വൃദ്ധ വെന്റിലേറ്റർ രണ്ടു തവണ ഓഫ് ചെയ്തതെന്ന് അഭിഭാഷകർ കോടതിയെ അറിയിച്ചു. വെന്റിലേറ്റർ ഓഫ് ചെയ്യുന്നത് കൂടെയുള്ള രോഗിയുടെ ജീവൻ അപകടത്തിലാക്കുമെന്ന് ആശുപത്രി സ്റ്റാഫ് ഇവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. എന്നാൽ ഇതെല്ലാം പാടെ അവഗണിച്ചാണ് മെഷീനിന്റെ ശബ്ദം അസഹ്യമാണെന്ന് പറഞ്ഞു 72കാരിയായ വൃദ്ധ വെന്റിലേറ്റർ ഓഫ് ചെയ്തത്.
Also Read-പ്രണയം നടിച്ച് വിവാഹം കഴിച്ച് ഭർത്താവിന്റെ പണവും ആഭരണവുമായി മുങ്ങിയ യുവതി പിടിയിൽ
അതേസമയം ഈ സംഭവം കൃത്യസമയത്ത് കണ്ടെത്തിയതോടെ ഗുരുതരാവസ്ഥയിലുള്ള രണ്ടാമത്തെ രോഗിയുടെ ജീവൻ രക്ഷിക്കാൻ ആശുപത്രി അധികൃതർക്ക് കഴിഞ്ഞു. ഇവർ അപകടാവസ്ഥ തരണം ചെയ്തിട്ടുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും എന്നാൽ വെന്റിലേറ്ററിൽ തന്നെ തുടരുമെന്നും ഡോക്ടർമാർ അറിയിച്ചു. ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയ 72കാരിയായ വൃദ്ധയെ പിന്നീട് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ഇവർ മനപ്പൂർവ്വം കൊലപാതകം നടത്തുകയെന്ന ഉദ്ദേശത്തോടെ ആണോ ആശുപത്രിയിൽ എത്തിയതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇവരുടെ മുൻകാല ചരിത്രവും പരിശോധിച്ച് വരികയാണ്.
നവംബർ 29ന് വൈകീട്ടാണ് പരാതിക്ക് ആസ്പദമായ സംഭവങ്ങൾ നടന്നത്. വെന്റിലേറ്ററിൽ നിന്ന് കേൾക്കുന്ന ശബ്ദം കാരണം തനിക്ക് ഉറങ്ങാനാകുന്നില്ല എന്നായിരുന്നു പ്രതിയായ വൃദ്ധയുടെ പരാതി. ആശുപത്രി മാനേജ്മെന്റിന്റെ പരാതിയിൽ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. ശ്വസിക്കാൻ പറ്റാതെ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് കൃത്രിമമായി ഓക്സിജൻ നൽകാനാണ് വെന്റിലേറ്റർ ഉപയോഗിക്കുന്നത്. രാത്രി 8 മണിക്ക് വെന്റിലേറ്റർ ഓഫാക്കിയ വൃദ്ധയെ ആദ്യം താക്കീത് ചെയ്തിരുന്നു. ഇതിന് ശേഷവും മുന്നറിയിപ്പ് അവഗണിച്ച് രാത്രി 9 മണിയോടെ ഇവർ വെന്റിലേറ്റർ ഓഫ് ചെയ്തു. രോഗികളുടെ പേര് വിവരങ്ങൾ ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല.
പ്രോസിക്യൂഷൻ വിഭാഗം നടത്തിയ വാർത്താസമ്മേളനത്തോടെ ആണ് ഇത്തരമൊരു സംഭവം പുറംലോകം അറിയുന്നത്. ആരോപണ വിധേയയായ വൃദ്ധയ്ക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. സ്വാർത്ഥ താൽപ്പര്യം മുൻനിർത്തി മറ്റൊരു രോഗിയുടെ ജീവനെടുക്കാൻ ശ്രമിച്ച അവരെ വെറുതെ വിടരുതെന്നും നിരവധി പേർ ട്വിറ്ററിൽ വിമർശിച്ചു. ആശുപത്രി അധികൃതരുടെ അശ്രദ്ധയും വിമർശിക്കപ്പെടുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.