മുംബൈ: എഴുപതുകാരിയായ ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മുംബൈയിലെ മലാഡ് വെസ്റ്റിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ഭാര്യയുടെ സ്വഭാവത്തിലുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഭാര്യയെ കൊന്നതിനു ശേഷം സ്വയം കുത്തി മരിക്കാൻ ശ്രമിച്ച എഴുപത്തിയഞ്ച് വയസ്സുള്ള ഭർത്താവ് മുംബൈ കൂപ്പർ ആശുപത്രിയിൽ ചികിത്സയിലാണ്.
കൊലപാതകത്തിൽ മൽവാനി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംറുദ്ദീൻ ചന്ദസ്സ ഷെയ്ഖ് എന്നയാളാണ് ഭാര്യയായ മുംതാസ് സംറുദ്ദീൻ ഷെയ്ഖിനെ കൊലപ്പെടുത്തിയത്. മലാഡ് വെസ്റ്റിലുള്ള ശിവാജി നഗർ സ്വദേശികളാണ് ഇവർ.
ഭാര്യയുടെ സ്വഭാവത്തിൽ സംറുദ്ദീന് സംശയമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇതിനെ തുടർന്ന് ഇയാൾ നിരന്തരം ഭാര്യയുമായി കലഹിച്ചിരുന്നു. ശനിയാഴ്ച്ച രാവിലെയും ഭാര്യയുമായി ഇയാൾ ഇതേ കാരണത്തിന് വഴക്കിട്ടു. തുടർന്ന് അടുക്കളയിൽ നിന്ന് കറിക്കത്തിയെടുത്ത് മുംതാസിനെ തുടർച്ചയായി കുത്തിക്കൊല്ലുകയായിരുന്നു.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സംറുദ്ദീൻ കത്തി കൊണ്ട് സ്വയം കുത്തുകയും പ്രാണവേദനയിൽ നിലവളിക്കുകയുമായിരുന്നുവെന്ന് പൊലീസ്. നിലവിളി കേട്ട് ഓടിക്കൂടിയ ആളുകളാണ് രക്തത്തിൽ കുളിച്ച നിലയിൽ സംറുദ്ദീനേയും മരിച്ച നിലയിൽ മുംതാസിനേയും കണ്ടെത്തിയത്. ഇരുവരേയും ഉടൻ തന്നെ കൂപ്പർ ആശുപത്രിയിലെത്തിച്ചെങ്കിലും മുംതാസ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സംറുദ്ദീനെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിൽ ദമ്പതികളുടെ മകന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംറുദ്ദീൻ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയാൽ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.