ഓൺലൈൻ ഡേറ്റിങ്ങിലേക്ക് കൂടുതൽ ആളുകൾ എത്തുന്ന കാലമാണിത്. എന്നാൽ ഇതിന് പിന്നിലെ ചതിക്കുഴികളുമേറെ. ഇപ്പോൾ നമ്മുടെ രാജ്യത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന അഫ്താബ്-ശ്രദ്ധ പ്രണയവും തുടർന്നുള്ള നിഷ്ഠൂര കൊലപാതകവും ഓൺലൈൻ ഡേറ്റിങ്ങിനെ തുടർന്നായിരുന്നു. ഇപ്പോഴിതാ ഓൺലൈൻ കാമുകനെ കാണാനുള്ള യാത്രയ്ക്കൊടുവിൽ മെക്സിക്കൻ യുവതിക്ക് ജീവൻ നഷ്ടപ്പെട്ട വാർത്തയാണ് പുറത്തുവരുന്നത്.
51 വയസ്സുള്ള ബ്ലാങ്ക ഒലിവിയ അരെല്ലാനോ ഗുട്ടിറെസ് എന്ന സ്ത്രീ തന്റെ ഓൺലൈൻ കാമുകനായ ജുവാൻ പാബ്ലോ ജെസസ് വില്ലഫ്യൂർട്ടെയെ കാണാനായി 5000 കിലോമീറ്റർ യാത്ര ചെയ്ത് എത്തിയതായിരുന്നു. എന്നാൽ ബ്ലാങ്കയെ കാത്തിരുന്നത് അതിദാരണമായ അന്ത്യമായിരുന്നു. മെക്സിക്കോയിൽനിന്നാണ് ഇവർ കാമുകനെ കാണാൻ പെറുവിൽ എത്തിയത്.
ബ്ലാങ്കയെ കൊലപ്പെടുത്തി അവയവങ്ങൾ കവർന്നതായാണ് റിപ്പോർട്ട്. പുറത്തുവരുന്ന വിവരം അനുസരിച്ച് കാമുകൻ ബ്ലാങ്കയെ കൊല്ലുകയും അവയവങ്ങൾ തട്ടിയെടുക്കുകയും ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായി. ജുവാനെതിരെ അവിടുത്തെ പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
വീട്ടിൽനിന്ന് പോയി ബ്ലാങ്കയെക്കുറിച്ച് ഒരു വിവരവും ലഭിക്കാത്തതോടെയാണ് അവരുടെ അമ്മായി പൊലീസിൽ പരാതി നൽകിയത്. അമ്മായി ബ്ലാങ്കയുടെ കാമുകനെ ബന്ധപ്പെട്ടപ്പോൾ, തന്നെ സന്ദർശിച്ചശേഷം മെക്സിക്കോയിലേക്ക് മടങ്ങിയെന്നായിരുന്നു മറുപടി.
അന്വേഷണം നടക്കുന്നതിനിടെയാണ് നവംബർ 9 ന് ഒരു മത്സ്യത്തൊഴിലാളിയാണ് സ്ത്രീയുടെ വികൃതമാക്കിയ മൃതദേഹം ഹുവാച്ചോ ബീച്ചിൽ കടലിൽ പൊങ്ങിക്കിടക്കുന്ന വിവരം പൊലീസിൽ അറിയിച്ചത്. അന്വേഷണത്തിൽ മൃതദേഹം ബ്ലാങ്കയുടേതാണെന്ന് കണ്ടെത്തി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ബ്ലാങ്ക ഒലിവിയ, കാമുകനൊപ്പം ബീച്ചിന് സമീപത്തെ ഹോട്ടലിൽ താമസിച്ചിരുന്നതായി കണ്ടെത്തി.
മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തപ്പോഴാണ് വൃക്ക ഉൾപ്പടെയുള്ള അവയവങ്ങൾ ശരീരത്തിൽ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായത്. ജുവാന് അവയവമാഫിയയുമായി അടുത്തബന്ധപ്പമുണ്ടെന്നും വ്യക്തമായി. ഇതോടെ ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. എന്നാൽ ഇയാൾ ഒളിവിലാണ്. ബ്ലാങ്ക ഒലിവിയയ്ക്കും കുടുംബത്തിനും നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററിൽ ഉൾപ്പടെ ഹാഷ് ടാഗ് ക്യാംപയ്ൻ ആരംഭിച്ചിട്ടുണ്ട്. ട്വിറ്ററിൽ #JusticiaParaBlanca (Justice for Blanca) എന്ന ഹാഷ് ടാഗിലാണ് പ്രചരണം നടക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.