കാസർഗോഡ്: കാറിൽ പിന്തുടർന്നെത്തി അപായപ്പെടുത്താൻ ശ്രമിച്ചു എന്ന പരാതിയിൽ നാലുപേർക്കെതിരെ കാസർഗോഡ് ചന്തേര പോലീസ് നരഹത്യ ശ്രമത്തിന് കേസ് എടുത്തു. പടന്ന എടച്ചക്കൈയിലെ വി കെ സുരൂർ റഹ്മാന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. മറ്റു രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ഇരുപതാം തീയതി പടന്ന കൊക്കാക്കടവിലാണ് കേസിനാസ്പദമായ സംഭവം.
എടച്ചാക്കൈ സ്വദേശി സുരൂർ റഹ്മാനും സുഹൃത്തുക്കളും സഞ്ചരിച്ച കാറിനെ പിന്തുടർന്നെത്തിയ മറ്റൊരു കാർ ഇടിപ്പിച്ച് അപകടം ഉണ്ടാക്കാൻ ശ്രമിക്കുകയായിരുന്നു. മുന്നിൽ സുരൂർ റഹ്മാനും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാറിൽ അതിവേഗതയിൽ പിന്തുടർന്നെത്തിയ മറ്റൊരു കാറാണ് റോഡിൽ പരാക്രമം സൃഷ്ടിച്ചത്. റോഡിലെ മറ്റു യാത്രക്കാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇതോടെ റോഡിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. അക്രമത്തിൽ സുരൂർ റഹ്മാൻ പരിക്കേറ്റു.
നാട്ടുകാർ ഇടപെട്ടാണ് പ്രശ്നം തീർപ്പാക്കി വിട്ടത്. എന്നാൽ അപകടം ഉണ്ടാക്കാൻ ശ്രമിച്ച കാറിൽ ഉണ്ടായിരുന്ന റംഷാദ്, ബന്ധുക്കളെയും കൂട്ടിയെത്തി വീണ്ടും ആക്രമിച്ചു എന്നാണ് പരാതി. കഴുത്തിൽ സീറ്റ് ബെൽറ്റ് മുറുക്കുകയും തലയ്ക്ക് കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നും സുരൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കേസിൽ അറസ്റ്റിലായ ബാദുഷ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലും പ്രതിയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.