ക്ഷേത്രത്തിൽ കയറിയ ദളിത് യുവാവിനെ ഒരു സംഘം ആളുകൾ ചേർന്ന് അതിക്രൂരമായി ആക്രമിച്ചു. മർദ്ദിച്ച് അവശനാക്കിയ ശേഷം കെട്ടിയിട്ട് പൊളളലേൽപിക്കുകയും ചെയ്തതായി പരാതി. ബൈനോൾ സ്വദേശിയായ 22 കാരനായ ദളിത് യുവാവ് ആയുഷിനാണ് ക്ഷേത്രത്തിൽ കയറിയതിന്റെ പേരിൽ മർദ്ദനമേറ്റത്.
ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ സൽറ ഗ്രാമത്തില്‍ ജനുവരി 9 നാണ് സംഭവം. മേൽജാതിയിൽപെട്ട ചിലർ തന്നെ മർദിക്കുകയും കെട്ടിയിട്ട് പൊള്ളലേൽപിക്കുകയും ചെയ്തു എന്ന് ആയുഷ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
അവശനായ ആയുഷിനെ ജനുവരി 10ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു എന്നാൽ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തതായി അധികൃതർ അറിയിച്ചു. ദളിതനായ താൻ ക്ഷേത്രത്തിൽ കയറിയതിൽ പ്രകോപിതരായവരാണ് അക്രമികളെന്ന് ആയുഷ് പരാതിയിൽ പറയുന്നു. ആയുഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ഗ്രാമീണർക്കെതിരെ എസ്സി/എസ്ടി ആക്ട് പ്രകാരം കേസെടുത്തതായി ഉത്തരകാശി പോലീസ് സൂപ്രണ്ട് അർപൺ യദുവൻഷി പറഞ്ഞു. സർക്കിൾ ഓഫീസർ പ്രശാന്ത് കുമാറിനെ സംഭവത്തിന്റെ അന്വേഷണ ചുമതല ഏൽപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.