കേരളത്തിൽ അവധിക്കാലം ആഘോഷിക്കാൻ പദ്ധതിയിട്ട കുടുംബത്തിന് ഓൺലൈൻ ടാക്സി ബുക്ക് ചെയ്യുന്നതിനിടെയാണ് രണ്ടുലക്ഷം രൂപ നഷ്ടമായി. ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകിയതിന് പിന്നാലെയാണ് ബാങ്ക് അക്കൌണ്ടിലുണ്ടായിരുന്ന പണം നഷ്ടമായത്. മുംബൈ സ്വദേശിയായ 64കാരനും കുടുംബത്തിനുമാണ് ഈ ദുരനുഭവമുണ്ടായത്. സംഭവത്തിൽ മുംബൈ സാന്താക്രൂസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
നവംബർ 24നായിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പരാതിക്കാരനായ 64 കാരനും കുടുംബവും നവംബർ 25 മുതൽ ഡിസംബർ 1 വരെ കേരളത്തിൽ അവധിക്കാലം ആഘോഷിക്കാൻ പദ്ധതിയിട്ടിരുന്നതായിരുന്നു. “കേരളത്തിലേക്ക് വരാൻ എയർലൈൻ ടിക്കറ്റുകളും ആഡംബര ഹോട്ടലും ബുക്ക് ചെയ്ത ശേഷം, ഞാൻ മുംബൈയിൽ നിന്ന് ഓൺലൈനായി ഒരു ക്യാബ് ബുക്ക് ചെയ്യാൻ ശ്രമിച്ചു. കൊച്ചി എയർപോർട്ടിൽ നിന്ന് ഞങ്ങളെ പിക്ക് ചെയ്യുന്നതിനായി ഇന്റർനെറ്റിൽ നിന്ന് ലഭിച്ച ഒരു നമ്പറിൽ നിന്നാണ് ടാക്സി ബുക്ക് ചെയ്യാൻ ശ്രമിച്ചത്”- പരാതിക്കാരൻ പറഞ്ഞു.
ടാക്സി ബുക്ക് ചെയ്തതിന്റെ പണമിടപാട് നടത്തുന്നതിനായി ഇയാൾ തന്റെ ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ കൈമാറി. സാങ്കേതിക പ്രശ്നമാണ് പണമടയ്ക്കൽ പരാജയപ്പെട്ടതെന്ന് ഓൺലൈൻ ടാക്സിയുടെ പ്രതിനിധി അദ്ദേഹത്തോട് പറഞ്ഞു. തുടർന്ന് ഭാര്യയുടെ ക്രെഡിറ്റ് കാർഡിന്റെ വിശദാംശങ്ങൾ നൽകി. എന്നാൽ അഞ്ച് മിനിറ്റിനുള്ളിൽ മൂന്ന് ഇടപാടുകളിലായി രണ്ട് ലക്ഷം രൂപ അക്കൌണ്ടിൽനിന്ന് നഷ്ടമായി. പണം നഷ്ടമായതായി കാണിച്ച് മൊബൈൽഫോണിൽ മെസേജ് വന്നതോടെയാണ് തട്ടിപ്പ് വിവരം മനസിലായത്. ഉടൻ തന്നെ പൊലീസിൽ പരാതി നൽകി.
64കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ സാന്താക്രൂസ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തട്ടിപ്പുകാരെ കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ടെന്നും, പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.