• HOME
 • »
 • NEWS
 • »
 • crime
 • »
 • A KERALITE FROM HARYANA MAKES LEWD CALLS TO NEARLY FORTY WOMEN IN KERALA DURING NIGHT

ഒരു രാത്രി കേരളത്തിലെ നാല്പതോളം സ്ത്രീകള്‍ക്ക് വരെ ഫോൺ; ഉറക്കമിളച്ച് ശല്യം ചെയ്യുന്നത് ഹരിയാനയിൽ നിന്നൊരു മലയാളി

ഫോൺ രേഖകൾ പരിശോധിച്ച പൊലീസ് ഞെട്ടി. ഇയാൾ പതിവായി രാത്രി കാലങ്ങളിൽ 30 മുതൽ 40വരെ തവണയാണ് വിളിക്കുന്നത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  കോട്ടയം: സ്ത്രീകളെ രാവും പകലും ഫോൺ വിളിച്ച് ശല്യം ചെയ്യുന്ന ഒട്ടേറെ സംഭവങ്ങളാണ് പുറത്തുവരുന്നത്. രാത്രി ഉറക്കമിളിച്ച് 40 ഓളം പേർക്ക് ഫോൺ ചെയ്യുന്ന മലയാളിയെ പൊലീസാണ് അടുത്തിടെ കണ്ടെത്തിയത്. ജില്ലയിലെ ആർപ്പൂക്കര, അമ്മഞ്ചേരി, മണിയാ പറമ്പ്, അതിരമ്പുഴ മേഖലകളിലെ ലാൻഡ് ഫോണുകളിലേക്കാണ് രാത്രിയിൽ നിരന്തരമായി ഫോൺ വിളികളെത്തുന്നത്. സ്ത്രീകളാണ് ഫോൺ എടുക്കുന്നതെങ്കിൽ അശ്ലീലം പറയുന്നതായിരുന്നു പതിവ്. ഇങ്ങനെ കോൾ കിട്ടിയ ഒരു അധ്യാപിക പൊലീസിനെ സമീപിക്കുകയായിരുന്നു.

  അധ്യാപികയുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫോൺ കോൾ ഹരിയാനയിൽ നിന്നാണെന്ന് കണ്ടെത്തി. അന്വേഷണത്തിനൊടുവിലാണ് ഹരിയാനയിൽ ജോലി ചെയ്യുന്ന നമ്പ്യാകുളം സ്വദേശിയാണ് കഥയിലെ വില്ലനെന്ന് കണ്ടെത്തിയത്. ഇയാളുടെ ഫോൺ രേഖകൾ പരിശോധിച്ച പൊലീസ് ഞെട്ടി. ഇയാൾ പതിവായി രാത്രി കാലങ്ങളിൽ 30 മുതൽ 40വരെ തവണയാണ് വിളിക്കുന്നത്. ഇതു ഒറ്റപ്പെട്ട സംഭവമല്ല. സമാനമായ ഒട്ടേറെ പരാതികളാണ് റിപ്പോർട്ട് ചെയ്യുന്നത്.

  വാകത്താനത്തെ വീട്ടമ്മ

  കോട്ടയം വാകത്താനം സ്വദേശിനിയായ വീട്ടമ്മയ്ക്ക് നേരിട്ട ദുരനുഭവം കഴിഞ്ഞ ദിവസങ്ങളിലാണ് പുറംലോകം അറിഞ്ഞത്. ലൈംഗിക തൊഴിലാളിയുടേതെന്ന പേരിൽ വീട്ടമ്മയുടെ ഫോൺ നമ്പർ ചില സാമൂഹ്യ വിരുദ്ധർ, ശൗചാലയങ്ങളിൽ അടക്കം എഴുതിവെച്ച് പ്രചരിപ്പിച്ചതോടെയാണ് ദുരിതം തുടങ്ങിയത്. കുടുംബം പോറ്റാനായി തുന്നൽ ജോലി ചെയ്യുന്ന വീട്ടമ്മയുടെ മൊബൈൽ ഫോണിലേക്ക് രാവും പകലും ഫോൺ വിളികളെത്തി. ശല്യം സഹിക്കാനാകാതെ വീട്ടമ്മ പൊലീസിൽ പരാതി നൽകിയെങ്കിലും ഫോണ്‍ നമ്പർ മാറ്റാനായിരുന്നു നിർദേശം. ഫോൺ നമ്പർ മാറ്റിയാൽ തന്റെ തുന്നൽ ജോലിക്ക് പ്രശ്നമാകുമോ എന്നാണ് വീട്ടമ്മ ഭയപ്പെട്ടത്. ഒടുവിൽ സഹികെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി. മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ടതോടെ പൊലീസ് ഉണർന്നു. വീട്ടമ്മയുടെ ഫോണിലേക്ക് നിരന്തരം വിളിച്ച് ശല്യം ചെയ്തവരെ പൊലീസ് പിടികൂടി.

  നഗരസഭയുടെ സന്ദർക ഡയറിയിൽ നമ്പർ എഴുതി, പിന്നാലെ നിർത്താകെ ഫോൺവിളി

  കോട്ടയം നഗരസഭയുടെ കുമാരനല്ലൂർ മേഖലാ ഓഫീസിലെ സന്ദർശക ഡയറിയിൽ കോവിഡ് മാനദണ്ഡപ്രകാരം ഫോൺ നമ്പർ എഴുതിയതാണഅ മറ്റൊരു വീട്ടമ്മയ്ക്ക് വിനയായത്. പിന്നാലെ രാവും പകലും ഫോൺവിളികളെത്തി. അവസാനം പൊലീസിൽ പരാതി നൽകേണ്ടിവന്നു. കോവിഡ് മാനദണ്ഡപ്രകാരം, സന്ദർശകർ ഫോൺ നമ്പർ എഴുതണമെന്ന നിർദേശം അനുസരിച്ചതാണ്. എഴുതി മണിക്കൂറുകൾക്കുള്ളിൽ ഫോൺ വിളി വന്നു. നിക്ഷേപത്തിന് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് മാന്യമായി സംസാരിച്ചായിരുന്നു തുടക്കം. വീട്ടമ്മയുടെ കുടുംബ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഭർത്താവ് ജീവിച്ചിരിപ്പില്ലെന്ന് അറിഞ്ഞതോടെ നിരന്തരം വിളിയെത്തി. സംഭാഷണത്തിന്റെ സ്വഭാവം ക്രമേണ മാറി വന്നു. വീട്ടമ്മ പൊലീസിൽ പരാതി നൽകി. പൊലീസ് ഒരു തവണ വിളിച്ചതോടെ ഫോൺ നമ്പർ ഓഫായി. വ്യാജ വിലാസത്തിലെടുത്ത ഫോൺ നമ്പറാണെന്ന് പൊലീസ് കണ്ടെത്തി. പിന്നീട് ഫോൺ വഴിയുള്ള ശല്യം ഉണ്ടായിട്ടില്ല.

  പാമ്പാടിയിലെ വീട്ടമ്മ

  പാമ്പാടിയിലെ വീട്ടമ്മയ്ക്ക് അബദ്ധത്തിൽ വന്ന ഫോൺ കോൾ ഒടുവിൽ പോക്സോ കേസിൽ എത്തിയ സംഭവം നടന്നത് രണ്ടാഴ്ച മുൻപാണ്. ഇന്റർനെറ്റ് കോളായിരുന്നു. വിദേശത്തുള്ള ബന്ധുവാണെന്നു കരുതി വീട്ടമ്മ സംസാരിച്ചു. മറുതലയ്ക്കലുള്ള ആൾ വിദേശത്തുള്ള ബന്ധുവായി അഭിനയിക്കുകയും ചെയ്തു. ഇയാൾ വീണ്ടും വിളിച്ചപ്പോൾ 11 വയസ്സുള്ള മകളാണ് ഫോണെടുത്തത്. കുട്ടിയുമായി പരിചയത്തിലായതോടെ ഓൺലൈൻ ക്ലാസ് സമയത്ത് ഇയാൾ പതിവായി കുട്ടിയെ വിളിച്ചുതുടങ്ങി. കുട്ടിയുടെ ഫോട്ടോകൾ കൈക്കലാക്കി. ഇതു വീട്ടിലേക്ക് അയച്ചുകൊടുത്ത് പണം ആവശ്യപ്പെട്ടതോടെയാണ് വീട്ടുകാർ സംഭവം അറിയുന്നത്. നെറ്റ് കോൾ വന്നതിനാൽ ലൊക്കേഷൻ കണ്ടെത്താൻ പൊലീസ് ഏറെ ബുദ്ധിമുട്ടിയെങ്കിലും സൈബർ സെ‍ൽ സഹായത്തോടെ മലേഷ്യയിൽ നിന്നു പ്രതിയെ ചെന്നൈയിൽ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തു. വർക്കല സ്വദേശിയാണ് അറസ്റ്റിലായത്.
  Published by:Rajesh V
  First published:
  )}