• HOME
  • »
  • NEWS
  • »
  • crime
  • »
  • പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഗോവയിലേക്ക് കടത്താൻ ശ്രമിച്ച കൊല്ലം സ്വദേശി കോട്ടയത്ത് അറസ്റ്റിലായി

പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഗോവയിലേക്ക് കടത്താൻ ശ്രമിച്ച കൊല്ലം സ്വദേശി കോട്ടയത്ത് അറസ്റ്റിലായി

പെൺകുട്ടിയെയുംകൊണ്ട് പ്രതി ഗോവയ്ക്കു കടക്കാനുള്ള ശ്രമത്തിനിടെ കണ്ണൂരിൽ നിന്ന് ഇവരെ പിടികൂടുകയായിരുന്നു

  • Share this:
കോട്ടയം: പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഗോവയിലേക്ക് കടത്താൻ ശ്രമിച്ച കൊല്ലം സ്വദേശി കോട്ടയത്ത് അറസ്റ്റിലായി. പാമ്പാടി പോലീസ് സ്റ്റേഷൻ പരിധിയിലാണ് പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം റിപ്പോർട്ട് ചെയ്തത്. പെൺകുട്ടിയെ  തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ  കൊല്ലം ചാത്തന്നൂർ കോയിപ്പാട്  കാരിക്കുഴി പുത്തൻവീട്ടിൽ  മോനച്ചൻ മകൻ ജോമോൻ എം (23) എന്നയാളെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.

ജോമോന് ആലപ്പുഴയിലുള്ള ആയുര്‍വേദ കമ്പനിയുടെ ഉൽപ്പന്നങ്ങൾ വീടുകളിൽ കൊണ്ടുപോയി വിൽക്കുന്ന ജോലിയായിരുന്നു. പെണ്‍കുട്ടിയും ഇതേ സ്ഥാപനത്തില്‍ ജോലിചെയ്തു വരികയായിരുന്നു. ഇയാള്‍ പെണ്‍കുട്ടിയെ പ്രണയം നടിച്ചു വശത്താക്കുകയും തുടർന്ന് കടത്തിക്കൊണ്ടു പോവുകയുമായിരുന്നു എന്ന് പാമ്പാടി പോലീസ് വ്യക്തമാക്കി.

പെണ്‍കുട്ടിയെ കാണാനില്ല എന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇരുവരെയും ഗോവയ്ക്കുള്ള യാത്രാമധ്യേ കണ്ണൂരിൽ നിന്നും പിടികൂടുകയായിരുന്നു. ഇയാൾക്ക് കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ സ്റ്റേഷനില്‍ പോക്സോ കേസും, മോഷണക്കേസും നിലവിലുണ്ട്. പാമ്പാടി സ്റ്റേഷൻ എസ്.എച്ച്. ഒ പ്രശാന്ത് കുമാർ, സി.പി.ഒമാരായ  ജിബിൻ ലോബോ, സിന്ധു മോൾ, സജു പി മാത്യു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

അതിനിടെ കോട്ടയം  അയർക്കുന്നം പോലീസ് സ്റ്റേഷൻ പരിധിയിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം ഉണ്ടായി. ഇവിടെ സഹോദരങ്ങൾ അടക്കം മൂന്നുപേരെയാണ് അയർകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. അയർക്കുന്നം ചേന്നമറ്റം ഭാഗം മുരിങ്ങയിൽ വീട്ടിൽ സുരേഷ് എം.ഡിയുടെ മകൻ അനന്തു സുരേഷ് (21) ഇയാളുടെ സഹോദരൻ ആനന്ദ് സുരേഷ് (20), അയർക്കുന്നം ചേന്നമറ്റം ഭാഗം വെട്ടിക്കപുഴ വീട്ടിൽ രാജൻ മാത്യുവിന്‍റെ മകൻ റോബിനോ രാജൻ (21) എന്നിവരെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തെക്കുറിച്ച്  പോലീസ് പറയുന്നത് ഇങ്ങനെയാണ്. അനന്തു സുരേഷ് അതിജീവിതയുമായി പ്രണയത്തിൽ ആവുകയും തുടർന്ന് പീഡിപ്പിക്കുകയുമായിരുന്നു. ഇതിനെ തുടർന്ന് ഇയാളുടെ സഹോദരനും സുഹൃത്തും ഇതിന്റെ പേരില്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു.  അതിനിടെ സ്കൂളിൽ നടന്ന കൗണ്‍സിലിങ്ങിനിടെ പെൺകുട്ടി ഈ വിവരം അധ്യാപികയോട് പറയുകയായിരുന്നു.

തുടർന്ന് ചൈൽഡ് ലൈൻ  മുഖാന്തിരം  പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ പിടികൂടുകയുമായിരുന്നു. അയർക്കുന്നം സ്റ്റേഷൻ എസ്.എച്ച്.ഒ മധു ആർ, എ.എസ്.ഐ മാരായ സജൂ.റ്റി.ലൂക്കോസ്, ആന്റണി, സോജൻ, സി.പി.ഒമാരായ ജിജോമോൻ, അനൂപ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Also Read- 'പറയാന്‍ അറപ്പുണ്ട് എവിടെയാണ് കയറിപ്പിടിച്ചതെന്ന്' കോഴിക്കോട് വെച്ച് അപമാനകരമായ അനുഭവമുണ്ടായതായി നടി

അതിനിടെ വാറണ്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പള്ളിക്കത്തോട് പോലീസും അറസ്റ്റ് ചെയ്തു.

കൂരോപ്പട ചിറപ്പുറത്ത് വീട്ടിൽ സജി (58) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വീട്ടിൽ കയറി  യുവതിയെ അപമാനിച്ച കേസിലെ കൂട്ടു പ്രതിയാണ്. ഈ കേസില്‍ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് കോടതി ഇയാളുടെ ജാമ്യം റദ്ദാക്കുകയും വാറണ്ട് പുറപ്പെടുവിക്കുകയുമായിരുന്നു. പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്.ഒ പ്രദീപ്.എസ്, സി.പി.ഓ മാരായ രഞ്ജിത്ത്, ഹരീഷ്, സജീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Published by:Anuraj GR
First published: