• HOME
 • »
 • NEWS
 • »
 • crime
 • »
 • മുംബൈയിൽ മലയാളി യുവതി കുഞ്ഞിനെയുംകൊണ്ട് കെട്ടിടത്തിൽനിന്ന് ചാടി മരിച്ച നിലയിൽ

മുംബൈയിൽ മലയാളി യുവതി കുഞ്ഞിനെയുംകൊണ്ട് കെട്ടിടത്തിൽനിന്ന് ചാടി മരിച്ച നിലയിൽ

രേഷ്മ എഴുതിവെച്ച ആത്മഹത്യാ കുറിപ്പിൽ അയൽക്കാർ നിരന്തരം ശല്യം ചെയ്യുന്നതായും, ജീവിക്കാൻ സമ്മതിക്കുന്നില്ലെന്നും സൂചിപ്പിച്ചിട്ടുണ്ട്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  മുംബൈ: മലയാളി യുവതി ആറു വയസുള്ള കുഞ്ഞിനെയും കൊണ്ട് ഫ്ലാറ്റിൽനിന്ന് ചാടി മരിച്ച നിലയിൽ. പാലാ രാമപുരം സ്വദേശിയായ രേഷ്മ മാത്യു ട്രെഞ്ചില്‍ (43), മകന്‍ ഗരുഡ് (6) എന്നിവരാണ് മരിച്ചത്. മുംബൈ ചാണ്ഡീവ്ലിയിലെ ഫ്ളാറ്റില്‍ നിന്നാണ് രേഷ്മ കുഞ്ഞിനെയുംകൊണ്ട് ചാടിയത്. തിങ്കളാഴ്ച അര്‍ധരാത്രി 2.30ഓടെ രേഷ്മ താമസിച്ച ഫ്ളാറ്റില്‍ നിന്നും മകനോടൊപ്പം ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

  രേഷ്മ എഴുതിവെച്ച ആത്മഹത്യാ കുറിപ്പിൽ അയൽക്കാർ നിരന്തരം ശല്യം ചെയ്യുന്നതായും, ജീവിക്കാൻ സമ്മതിക്കുന്നില്ലെന്നും സൂചിപ്പിച്ചിട്ടുണ്ട്. ഇത് അനുസരിച്ച് ആത്മഹത്യാപ്രേരണക്കുറ്റത്തിന് അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. അയല്‍ക്കാരനായ 33കാരനെതിരെയും ഇയാളുടെ മാതാപിതാക്കള്‍ക്കെതിരെയുമാണ് ആത്മഹത്യാ പ്രേരണക്ക് കേസെടുത്തത്.

  രേഷ്മയുടെ ഭർത്താവ് ശരത് മുലുക്തല ഇക്കഴിഞ്ഞ മേയിൽ കോവിഡ് ബാധിച്ച് മരിച്ചു. അതിനു ശേഷം വിഷാദാവസ്ഥയിലായിരുന്നു രേഷ്മയെന്ന് സുഹൃത്തുക്കൾ പറയുന്നു. വാരണാസിയിൽ വെച്ച് കോവിഡ് ബാധിച്ചു മരിച്ച ഭർത്താവിനെ അവസാനമായി കാണാനോ, അന്ത്യ കർമ്മങ്ങൾ ചെയ്യാനോ സാധിച്ചിരുന്നില്ല. ഭർത്താവിന്‍റെ വേർപാടിനെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ എഴുതിയിരുന്നു. അതിനിടെയാണ് അയൽക്കാർ രേഷ്മയുമായി പ്രശ്നമുണ്ടാക്കിയത്. മകൻ ബഹളം വെക്കുന്നുവെന്ന് കാട്ടി അയൽക്കാർ സൊസൈറ്റി ബോർഡ് അംഗങ്ങളോടും പൊലീസിനോടും പരാതിപ്പെട്ടുവെന്നാണ് രേഷ്മയുടെ ആരോപണം. ഇതേത്തുടർന്ന് ഒരു തവണ പൊലീസ് ഇവരുടെ ഫ്ലാറ്റിൽ എത്തുകയും ചെയ്തിരുന്നു. അതിനുശേഷം രേഷ്മയെ അധികം പുറത്തേക്ക് കണ്ടിരുന്നില്ല.

  അതിനിടെ കൊല്ലം ശാസ്താംകോട്ടയിലെ വിസ്‌മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിനെതിരെ ശക്തമായ തെളിവുണ്ടെന്ന് ഐ ജി ഹര്‍ഷിത അട്ടല്ലൂരി. മെഡിക്കല്‍, ഇലക്ട്രോണിക്‌സ് തെളിവുകളെല്ലാം ശക്തമാണ്. കുറ്റക്കാര്‍ക്ക് ശക്തമായ ശിക്ഷ ലഭിക്കുമെന്നും ഐ ജി പറഞ്ഞു. വിസ്‌മയയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്‌ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹർഷിത.

  വിസ്‌മയയുടെ വീട്ടിലെത്തി കിരണ്‍ ആക്രമണം നടത്തിയ സംഭവത്തില്‍ വീട്ടുകാരുടെ സ്റ്റേറ്റ്‌മെന്‍റ് എടുത്തശേഷം കേസെടുക്കുമെന്ന് ഐ ജി വ്യക്തമാക്കി. അന്നത്തെ സംഭവത്തില്‍ പൊലീസിന്‍റെ ഭാഗത്തുനിന്നും വീഴ്‌ചയുണ്ടായിട്ടില്ല. വിവരം അറിഞ്ഞ ഉടന്‍ തന്നെ പൊലീസെത്തി ശക്തമായ നടപടിയെടുത്തു. കുട്ടിയുടെ ജീവിതം തകര്‍ക്കേണ്ടെന്ന് കരുതിയാണ് അവര്‍ കേസില്‍ നിന്നും പിന്മാറിയതെന്നും ഐ ജി പറഞ്ഞു.
  Also Read- ആലപ്പുഴയിൽ ഭർതൃഗൃഹത്തിൽ യുവതി തൂങ്ങി മരിച്ച നിലയിൽ; രണ്ടു ദിവസത്തിനുള്ളിൽ സമാനമായ അഞ്ചാം മരണം

  വിസ്‌മയയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഡോക്‌ടറുമായി കൂടുതല്‍ സംസാരിക്കേണ്ടതുണ്ട്. അതുകൊണ്ട് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ല. വിസ്‌മയയുടെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍, അയല്‍ക്കാര്‍ തുടങ്ങിയവരില്‍ നിന്നും മൊഴിയെടുക്കുമെന്നും ഐ ജി പറഞ്ഞു.

  കൊലക്കുറ്റം 302 ആണ്. സ്ത്രീധനമരണമാണെങ്കില്‍ 304 (ബി) ആണ്. ഏഴു വര്‍ഷം തടവ് മുതല്‍ ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റമാണ്. കൊലപാതകമാണോ എന്നതല്ല, ഒരു പെണ്‍കുട്ടിയുടെ ജീവന്‍ പോയതല്ലേ. ഇത് ഗുരുതരമായ കേസാണ്. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നാണ് വിശ്വാസമെന്നും ഐ ജി കൂട്ടിച്ചേർത്തു.

  (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
  Published by:Anuraj GR
  First published: