ഇടുക്കി: വിനോദസഞ്ചാരകേന്ദ്രമായ വാഗമണിൽ ആൾമാറാട്ടം നടത്തി പട്ടയം നേടി 3.3 ഏക്കർ സർക്കാർ ഭൂമി മറിച്ചുവിറ്റയാളെ വർഷങ്ങൾക്കുശേഷം വിജിലൻസ് അറസ്റ്റ് ചെയ്തു. വാഗമണ്‍ കോയക്കാരന്‍പറമ്പില്‍ ജോളി സ്റ്റീഫന്‍ (61)ആണ് ബെംഗളൂരുവില്‍ ഒളിവില്‍ കഴിയുന്നതിനിടെ പിടിയിലായത്. ഇയാൾക്കെതിരെ കേസെടുത്ത് വർഷങ്ങൾക്കുശേഷമാണ് പിടിയിലാകുന്നത്. ജോളി സ്റ്റീഫന്റെ ആദ്യ ഭാര്യ ഷേര്‍ളി മറ്റൊരു സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയപ്പോഴാണ് കൈയേറ്റ വിവരം പുറത്തായത്.
വാഗമണ്ണില്‍ റാണിമുടി എസ്റ്റേറ്റ് എന്ന പേരില്‍ 55 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയതായി റവന്യൂ വകുപ്പ് കണ്ടെത്തിയിരുന്നു. പട്ടയങ്ങള്‍ വ്യാജമാണെന്ന് റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതേത്തുടര്‍ന്ന് 2019-ലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഉദ്യോഗസ്ഥരുടെ സഹായത്തോടെ പട്ടയമേളയില്‍നിന്ന് ഇയാള്‍ 3.3 ഏക്കര്‍ സ്ഥലത്തിന്റെ കള്ളപ്പട്ടയം നേടിയെടുക്കുകയായിരുന്നു. ബന്ധുക്കള്‍ ഉള്‍പ്പെടെ നിരവധി ആളുകളുടെ പേരില്‍ ഇങ്ങനെ പട്ടയം നേടിയെടുത്തു. മിക്കവരും അറിയാതെയാണ് ഇത്തരത്തിൽ പട്ടയം നേടിയെടുത്തത്. പിന്നീട് ആള്‍മാറാട്ടം നടത്തി ഈ പട്ടയങ്ങള്‍ ജോളി സ്റ്റീഫന്‍ സ്വന്തം പേരിലേക്ക് രജിസ്റ്റര്‍ചെയ്യുകയും മറിച്ചുവില്‍ക്കുകയുമായിരുന്നു.
1989-ലാണ് വാഗമണ്‍ റാണിമുടി എസ്റ്റേറ്റ് ഉടമ ജോളി സ്റ്റീഫന്‍ 55 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറുന്നത്. 1994-ല്‍ റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജ പട്ടയങ്ങളുണ്ടാക്കി. ജോളി സ്റ്റീഫന്റെ ആദ്യ ഭാര്യ ഷേര്‍ളി തന്റെയും സഹോദരിയുടെയും പേരില്‍ വാഗമണ്ണിലുള്ള 10 ഏക്കര്‍ ഭൂമി വ്യാജ പട്ടയം ചമച്ച് വിറ്റെന്നായിരുന്നു പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.