തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ ബാഗിൽനിന്നു പണം മോഷ്ടിച്ച പ്രതി പിടിയിൽ. കോട്ടുകാൽ, ഊരൂട്ടുവിള ക്ഷേത്രത്തിനു സമീപം ജെ.കെ.ഭവനിൽനിന്ന് തൊഴുക്കൽ തോട്ടത്തുവിളാകത്തുവീട്ടിൽ വാടകയ്ക്കു താമസിക്കുന്ന അജയൻ എന്ന ജിജിൻ(30) ആണ് അറസ്റ്റിലായത്.
ജനറൽ ആശുപത്രിയിലെ മൂന്നാം വാർഡിൽ ചികിത്സയ്ക്കെത്തിയ വാഴിച്ചൽ സ്വദേശിയായ രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ ബാഗിൽനിന്നുമാണ് പണം മോഷ്ടിച്ചത്. ഈ മാസം ഒന്നിന് വെളുപ്പിന് 2.30-നാണ് സംഭവം. കൂട്ടിരിപ്പുകാരി ഉറങ്ങിക്കിടന്നപ്പോൾ ബാഗിൽനിന്നു പ്രതി 30,980 രൂപ മോഷ്ടിച്ചു. തുടർന്ന് ഇവർ നെയ്യാറ്റിൻകര പോലീസിൽ പരാതി നൽകുകയായിരുന്നു. നെയ്യാറ്റിൻകര പോലീസ് ഇൻസ്പെക്ടർ സി.സി.പ്രതാപചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ജില്ലയിൽ വിവിധ സ്റ്റേഷനുകളിൽ പ്രതിയുടെ പേരിൽ മോഷണ കേസുണ്ട്. എസ്.ഐ. എസ്.ശശിഭൂഷൻനായർ, എ.എസ്.ഐ. സെബാസ്റ്റ്യൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.