രാജു ഗുരുവായൂർ
തൃശൂർ: ഇസ്രായേലിൽ അധികൃതമായി ചിട്ടി നടത്തി കോടികളുടെ നിക്ഷേപട്ടിപ്പ് നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. ചാലക്കുടി പരിയാരം സ്വദേശിയായ ലിജോ ജോർജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇസ്രായേലിൽനിന്ന് നൂറുകണക്കിന് പ്രവാസികളിൽനിന്ന് പണം തട്ടിയെടുത്ത് മുങ്ങുകയായിരുന്നു ഇയാൾ.
ഇന്ത്യയിലെത്തി ഒളിവിൽ കഴിഞ്ഞ പ്രതിയെ ഈ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് കുറ്റാന്വേഷണ വിഭാഗം തൃശൂർ യൂണിറ്റ് പോലീസ് സൂപ്രണ്ട് സന്തോഷ് ടി.ആറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഇസ്രായേലിൽ കെയർ വിസയിൽ ജോലി ചെയ്തിരുന്ന ലിജോ ജോർജ് നിയമവിരുദ്ധമായി പെർഫെക്ട് കുറീസ് എന്ന പേരിൽ ചിട്ടി നടത്തുകയായിരുന്നു.
ഫേസ്ബുക്ക്, വാട്സാപ്പ് എന്നീ സോഷ്യൽ മീഡിയകൾ വഴി പരസ്യം നൽകിയാണ് പ്രതി ചിട്ടിയിലേക്ക് ആളുകളെ ചേർത്തിരുന്നത്. കൂടുതലും ടേക്കർമാരായി ജോലി ചെയ്തുവന്നിരുന്ന നിരവധി മലയാളികളെയാണ് ഇയാൾ പറ്റിച്ചത്.
പ്രവാസികളിൽ നിന്നും കോടികണക്കിന് രൂപയുടെ നിക്ഷേപങ്ങൾ തട്ടിയെടുത്ത് ഇസ്രായിൽ നിന്നും ഇന്ത്യയിലേയ്ക്ക് കടന്ന് ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു ലിജോ ജോർജ്. മലയാളികളെ കൂടാതെ ഇതരസംസ്ഥാന പ്രവാസികളും ഇയാളുടെ തട്ടിപ്പിന് ഇരയായിരുന്നു.
ചാലക്കുടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് നിലവിൽ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് അന്വേഷണം നടത്തി വരുന്നത്. പ്രതിയെ ചാലക്കുടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്കോടതി മുമ്പാകെ ഹാജരാക്കി റിമാൻറ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.