• HOME
 • »
 • NEWS
 • »
 • crime
 • »
 • മലപ്പുറത്ത് ഒരു കോടിയോളം രൂപ വില വരുന്ന ലഹരിമരുന്നുമായി ഒരാൾ പിടിയിൽ

മലപ്പുറത്ത് ഒരു കോടിയോളം രൂപ വില വരുന്ന ലഹരിമരുന്നുമായി ഒരാൾ പിടിയിൽ

പാര്‍സലുകളിലും വെഹിക്കിള്‍ പാര്‍ട്സ്, കളിപ്പാട്ടങ്ങള്‍ എന്നിവയിലും മറ്റും ഒളിപ്പിച്ചാണ് ബസ്, ട്രെയിന്‍ മാര്‍ഗ്ഗം കേരളത്തിലേക്ക് കടത്തുന്നത്

 • Last Updated :
 • Share this:
  മലപ്പുറം: ഒരു കോടിയോളം രൂപ വില വരുന്ന 140 ഗ്രാം എംഡിഎംഎയുമായി ഒരാൾ പിടിയിലായി. അന്താരാഷ്ട്ര വിപണിയിൽ ഒരു കോടിയോളം രൂപ വിലവരുന്ന 140 ഗ്രാം ക്രിസ്റ്റല്‍ എംഡിഎംഎയാണ് പിടിച്ചെടുത്തത്. ഒതുക്കുങ്ങല്‍ മറ്റത്തൂര്‍ സ്വദേശി കാളങ്ങാടന്‍ സുബൈര്‍ ആണ് അറസ്റ്റിലായത്.

  ബാംഗ്ലൂര്‍, വിരാജ്പേട്ട എന്നിവിടങ്ങളില്‍ നിന്ന് മലപ്പുറം ജില്ലയിൽ വില്‍പ്പന നടത്താനായി സിന്തറ്റിക് മയക്കുമരുന്നിനത്തില്‍ പെട്ട മെഥിലിന്‍ ഡയോക്സി മെത്ത് ആംഫിറ്റമിന്‍ (എംഡിഎംഎ) , LSD സ്റ്റാംപുകള്‍ തുടങ്ങിയ സിന്തറ്റിക് മയക്കുമരുന്നുകള്‍ അവിടെയുള്ള തദ്ദേശീയരായ ഏജന്‍റുമാര്‍ മുഖേന മലപ്പുറം ജില്ലയിൽ എത്തിച്ച് വിൽപന നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.

  കോട്ടക്കല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ സംഘത്തിലെ ചില കണ്ണികളെ കുറിച്ച് മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐ.പി.എസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്.പി എം.സന്തോഷ് കുമാര്‍, പെരിന്തല്‍മണ്ണ, കൊളത്തൂര്‍ ഇന്‍സ്പെക്ടര്‍മാരായ സി. അലവി,സുനില്‍ പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തിൽ കൊളത്തൂര്‍ എസ്.ഐ. ടി. കെ. ഹരിദാസ്, എസ്‌. ഐ. എ. എം. യാസിര്‍ എന്നിവരടങ്ങുന്ന പ്രത്യേക സംഘം ഒരാഴ്ചയോളം നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് പടപ്പറമ്പ് ടൗണിന് സമീപം വച്ച് വില്‍പനയ്ക്കായെത്തിച്ചപ്പോഴാണ് 140 ഗ്രാം എംഡിഎംഎയുമായി ഒതുക്കുങ്ങല്‍ മറ്റത്തൂര്‍ സ്വദേശി കാളങ്ങാടന്‍ സുബൈർ അറസ്റ്റിലായത്.

  കര്‍ണാടകയിലെ കുടക്, വിരാജ്പേട്ട എന്നിവിടങ്ങളില്‍ നേരിട്ട് പോയി രഹസ്യ കേന്ദ്രങ്ങളില്‍ ദിവസങ്ങളോളം തങ്ങിയാണ് സംഘം മയക്കുമരുന്ന് വാങ്ങുന്നത്. അവിടെയുള്ള ഏജന്‍റുമാര്‍ മുഖേനയാണ് മൊത്തവില്‍പ്പനക്കാരില്‍ നിന്ന് വിലപറഞ്ഞുറപ്പിച്ച് വാങ്ങുന്ന ഇത്തരം മയക്കുമരുന്ന് പ്രത്യേക കാരിയര്‍മാര്‍ മുഖേനയാണ് കേരളത്തിലേക്ക് എത്തിക്കുന്നത്.

  പാര്‍സലുകളിലും വെഹിക്കിള്‍ പാര്‍ട്സ്, കളിപ്പാട്ടങ്ങള്‍ എന്നിവയിലും മറ്റും ഒളിപ്പിച്ചാണ് ബസ്, ട്രെയിന്‍ മാര്‍ഗ്ഗം കേരളത്തിലേക്ക് കടത്തുന്നത്. ചെറിയ പാക്കറ്റുകളിലാക്കിയ അര ഗ്രാമിന് 3000 രൂപ മുതല്‍ വിലയിട്ടാണ് ചെറുകിട വില്‍പ്പനക്കാര്‍ വില്‍പ്പന നടത്തുന്നത്. ഒരു തവണ ഉപയോഗിച്ചാല്‍ പോലും അഡിക്ടാവുന്ന അതിമാരകമായ മയക്കുമരുന്നായ എംഡിഎംഎ. മാഫിയ ലക്ഷ്യം വയ്ക്കുന്നത് യുവാക്കളേയാണ്.

  Also Read- തലസ്ഥാനത്ത് വൻ ലഹരി വേട്ട; 158 കോടിയോളം രൂപയുടെ ഹെറോയിനുമായി രണ്ടുപേർ പിടിയിൽ

  ആറുമാസത്തോളം തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ മാനസികനില വരെ തകരാറിലാകുമെന്നും പഠനങ്ങള്‍ പറയുന്നു. യുവാക്കളെ ലക്ഷ്യം വച്ച്‌ അന്യസംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്ക് കടത്തുന്ന ഇത്തരം ലഹരിമാഫിയാ സംഘങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് അറിയിച്ചു.

  പെരിന്തല്‍മണ്ണ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജേഷിന്‍റെ സാന്നിധ്യത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.

  Summary- A Man was arrested with 140 grams of MDMA worth around Rs 1 Crore. 140 grams of crystal MDMA, worth around Rs 1 crore in the international market, was seized. Kalangadan Zubair, a native of Othukkungal Mattathur, was arrested.
  Published by:Anuraj GR
  First published: