• HOME
  • »
  • NEWS
  • »
  • crime
  • »
  • ബൈക്കിൽ നിന്ന് തെറിച്ചു വീണ അമ്മ അമിതവേഗതയിൽ വാഹനമോടിച്ച മകനെതിരെ പരാതി നൽകി

ബൈക്കിൽ നിന്ന് തെറിച്ചു വീണ അമ്മ അമിതവേഗതയിൽ വാഹനമോടിച്ച മകനെതിരെ പരാതി നൽകി

മകനോട് വേഗത കുറക്കാന്‍ പല തവണ ആവശ്യപ്പെട്ടെങ്കിലും വേഗത കുറക്കാന്‍ മകൻ കൂട്ടാക്കിയില്ല. ഇതാണ് അപകടത്തിന് കാരണമായത്.

  • Share this:

    ഗുജറാത്ത്:  അമിത വേഗതയില്‍ അശ്രദ്ധമായി വാഹനമോടിച്ച മകനെതിരെ അമ്മ പരാതി നല്‍കി. കഴിഞ്ഞ ഞായറാഴ്ച ഗുജറാത്തിലെ നദിയാദ് നഗരത്തിലാണ് സംഭവം നടന്നത്. 58 കാരിയായ മീന പട്ടേല്‍ എന്ന വിധവയായ സ്ത്രീയാണ് പരാതി നൽകിയത്. മകന്റെ ബൈക്കിന് പിന്നിലിരുന്ന് അഹമ്മദാബാദില്‍ നിന്ന് നദിയാദിലേക്ക് പോകുന്നതിനിടെ ഇവർ ബൈക്കിൽ നിന്ന് തെറിച്ച് വീണിരുന്നു. ഇതിനെ തുടർന്നാണ് മകനെതിരെ പരാതിയുമായി അമ്മ പൊലീസ് സ്റ്റേഷനിലെത്തിയത്.

    യാത്രയ്ക്കിടെ മകന്‍ ബൈക്കിന്റെ വേഗത കൂട്ടിയത് മീനയെ ഭയപ്പെടുത്തിയിരുന്നു. മകനോട് വേഗത കുറക്കാന്‍ പല തവണ ആവശ്യപ്പെട്ടെങ്കിലും വേഗത കുറക്കാന്‍ മകൻ കൂട്ടാക്കിയില്ല. ഇതാണ് അപകടത്തിന് കാരണമായത്. ബൈക്കില്‍ നിന്ന് താഴെ വീണ മീനയുടെ തോള്‍ എല്ല് പൊട്ടി. ഇതേ തുടര്‍ന്നാണ് മകനെതിരെ ഇവര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.

    നദിയാദിലെ ദേഗാം പട്ടേല്‍ ഫലിയയിലാണ് മീന താമസിക്കുന്നത്. തന്റെ 34 കാരനായ മകന്‍ ആനന്ദ് അമിത വേഗതയില്‍ വാഹനമോടിച്ചെന്ന് ആരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. വാസോ പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ദാവ്ദയ്ക്കും ദേഗാമിനും ഇടയിലുള്ള റോഡില്‍ വെച്ചാണ് മീന പട്ടേൽ ബൈക്കില്‍ നിന്ന് തെറിച്ചു വീണത്. വീഴ്ചയില്‍ തോളെല്ലിന് പൊട്ടലുണ്ടായതിനെ തുടര്‍ന്ന് നദിയാദിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഇവര്‍ ചികിത്സ തേടുകയും ചെയ്തിരുന്നു.

    Also read-ഓണ്‍ലൈനിലൂടെ ഇന്ത്യക്കാരനെ പ്രണയിച്ച് വിവാഹം കഴിച്ച് അനധികൃതമായി രാജ്യത്ത് തങ്ങിയ പാക് യുവതിയെ മടക്കിയയച്ചു

    എട്ട് മാസം മുമ്പ് തന്റെ ഭര്‍ത്താവ് മരിച്ചതായും 34 കാരനായ മകന്‍ ആനന്ദിനൊപ്പമാണ് ഇപ്പോള്‍ താമസിക്കുന്നതെന്നും അവര്‍ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആനന്ദ് ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഞായറാഴ്ച രാവിലെ മീനയ്ക്ക് നദിയാദില്‍ ഒരാളെ കാണാനുണ്ടായിരുന്നു, അതിനാല്‍ മകനോട് അവിടെ കൊണ്ടുവിടാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍, ആനന്ദിന്റെ ബൈക്ക് ബ്രേക്ക് ഡൗണ്‍ ആയതിനാല്‍ സുഹൃത്തിന്റെ ബൈക്കുമായാണ് പോയത്.

    മകന്‍ അമിത വേഗത്തിലായിരുന്നു വാഹനമോടിച്ചതെന്നും മകന്റെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്നും അമ്മ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ബൈക്കില്‍ നിന്ന് വീണ് എനിക്ക് പരിക്കേറ്റു. ഈ വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുന്നതിന് വേണ്ടിയാണ് മകനെതിരെ പരാതി നല്‍കുന്നതെന്നും മീന വ്യക്തമാക്കി. അമ്മയുടെ പരാതിയിൽ വാസോ പോലീസ് ആനന്ദ് പട്ടേലിനെതിരെ കേസെടുത്ത് തുടര്‍ നടപടി സ്വീകരിച്ചു.

    Also read-കുട്ടികളുടെ ഉച്ചഭക്ഷണത്തിലെ ചിക്കൻ കാലും നല്ല കഷണങ്ങളും അധ്യാപകർ ‘മോഷ്ടിക്കുന്നു’; രക്ഷിതാക്കളുടെ പരാതി

    ആനന്ദ് പട്ടേലിനെതിരെ ഐപിസി സെക്ഷന്‍ 279 (അമിത വേഗതയില്‍ വാഹനമോടിക്കുക), 337 (മറ്റൊരാളുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടത്തിലാക്കുന്ന പ്രവൃത്തി ചെയ്യുക), 338 (മറ്റൊരാളുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടത്തിലാക്കുക, ഗുരുതരമായി പരിക്കേല്‍പ്പിക്കുക) എന്നീ വകുപ്പുകൾ പ്രകാരമാണ് വാസോ പോലീസ് കേസെടുത്തിരിക്കുന്നത്.

    Published by:Sarika KP
    First published: