കൊച്ചി: എറണാകുളം നെട്ടൂരിലുള്ള പെറ്റ് ഷോപ്പിൽനിന്നു 15,000 രൂപയുടെ നായയെ ഹെല്‍മറ്റില്‍ കടത്തിവര്‍ക്കായി അന്വേഷണം. യുവതിയും യുവാവും ചേർന്നാണ് നായയെ കടത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. തുടർന്ന് വൈറ്റിലയിലുള്ള മറ്റൊരു പെറ്റ് ഷോപ്പിൽനിന്ന് ഇരുവരും ഡോഗ് ഫുഡ് മോഷ്ടിച്ചു. പനങ്ങാട് പൊലീസ് അന്വേഷണം തുടങ്ങി.
ശനിയാഴ്ച രാത്രി ഏഴു മണിയോടെയാണ് കേസിമാസ്പദമായ സംഭവം. പെറ്റ് ഷോപ്പിലെത്തിയ ഇവർ കടയിലെ ജീവനക്കാരൻ അറിയാതെ കൂട്ടിലടച്ചിരുന്ന നായക്കുട്ടിയെ എടുത്ത് കൈവശമുണ്ടായിരുന്ന ഹെൽമറ്റിലേക്ക് വയ്ക്കുകയുമായിരുന്നു. ഇടപ്പള്ളി സ്വദേശിയിൽനിന്നു കടയുടമ കഴിഞ്ഞ ദിവസം വാങ്ങിച്ച സ്വിഫ്റ്റ് ഇനത്തിൽപെട്ട മൂന്നു നായക്കുട്ടികളിൽ ഒന്നിനെയാണ് കൊണ്ടുപോയത്. ആലപ്പുഴ സ്വദേശിക്കു വിൽക്കുന്നതിനായാണ് രണ്ടു നായക്കുട്ടികളെ കടയിൽ കൊണ്ടുവന്നത്.
യുവതിയും യുവാവും കടയിൽനിന്നു പോയതിനു പിന്നാലെ നായക്കുട്ടിയെ വാങ്ങിക്കുന്നതിന് ആലപ്പുഴ സ്വദേശി എത്തിയപ്പോഴാണ് ഒരെണ്ണത്തിനെ കാണാനില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഓടിപ്പോയെന്ന നിഗമനത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താതിനെ തുടർന്നാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്. അപ്പോഴാണ് യുവതിയും യുവാവും നായക്കുട്ടിയെ മോഷ്ടിച്ചെന്ന വിവരം മനസ്സിലാക്കിയത്.
തുടർന്ന് ഇവർ പോയ വഴിയിലെ മറ്റു സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചപ്പോഴാണ് വൈറ്റിലയിലുള്ള മറ്റൊരു ഷോപ്പിൽനിന്നു നായയ്ക്കുള്ള ഫുഡ് മോഷ്ടിച്ചതായി അറിയുന്നത്. ഇതോടെ ഇവര്‍ക്കായുളള അന്വേഷണം ഊർജിതമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.