കോട്ടയം: തിരിച്ചറിയൽ കാർഡിന് ഫോട്ടോ എടുക്കാനെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സ്റ്റുഡിയോ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. തലയോലപ്പറമ്പിൽ സ്റ്റുഡിയോ നടത്തുന്ന കിണറ്റുകരയിൽ ജോർജിനെയാണ് (59) പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പൊലീസാണ് ഇയാളെ പിടികൂടിയത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. തലയോലപ്പറമ്പിലെ സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്ന യുവതി തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാനാണ് ഫോട്ടോ എടുക്കാൻ സ്റ്റുഡിയോയിൽ എത്തിയത്.
ഫോട്ടോ എടുക്കുന്നതിനായി അകത്തെ മുറിയിലേക്ക് കയറിയപ്പോൾ ജോർജ് യുവതിയുടെ കൈയിൽ കടന്നുപിടിക്കുകയായിരുന്നു. ഉടനെ യുവതി നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങിയോടി. തുടർന്ന് തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നൽകി.
ഇതോടെ പൊലീസ് സ്റ്റുഡിയോയിലെത്തി ജോർജിനെ കസ്റ്റഡിയിലെടുത്തു. എസ്.ഐ പി.എസ് സുധീരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.