വനിതാ ഫിറ്റ്‌നസ്സ് ട്രെയിനറെന്ന് തെറ്റിദ്ധരിപ്പിച്ച് സ്ത്രീകളെ കബളിപ്പിച്ച പുതുച്ചേരി സ്വദേശിയായ 22 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. താനൊരു വനിതയാണെന്ന് സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച ഇയാള്‍ പല സ്ത്രീകളുടെയും നഗ്ന ചിത്രങ്ങൾ കൈക്കലാക്കിയിരുന്നു. ശേഷം ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും പൊലീസ് പറഞ്ഞു.
പുതുച്ചേരിയിലെ മുത്തിയാല്‍പേട്ട് സ്വദേശിയായ ദിവാഗറാണ് പൊലീസ് പിടിയിലായത്. ഒരു സ്വകാര്യ ഫാര്‍മ കമ്പനിയിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. ഇയാളുടെ ഫോണ്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. നിരവധി സ്ത്രീകളുടെ നഗ്ന വീഡിയോകള്‍ ഫോണില്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിശദമായ അന്വേഷണത്തിനായി ഫോണ്‍ വിദഗ്ധ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഇയാളുടെ കെണിയില്‍ കൂടുതല്‍ സ്ത്രീകള്‍ പെട്ടിരിക്കാമെന്നും പൊലീസ് പറഞ്ഞു.
ഫിറ്റ്‌നസ്സ് നിര്‍ദ്ദേശങ്ങള്‍ക്കായി ദിവാഗര്‍ ഒരു ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങിയിരുന്നു. തുടർന്ന് നിരവധി സ്ത്രീകളാണ് ഫിറ്റ്‌നെസ്സ് നിര്‍ദ്ദേശങ്ങള്‍ക്കായി ഇയാളെ സമീപിച്ചത്.
Also read-വിദ്യാർഥികളെ ലൈംഗികമായി ചൂഷണം ചെയ്ത ആറ് അധ്യാപികമാർ അമേരിക്കയിൽ അറസ്റ്റിൽ
” താനൊരു സ്ത്രീയാണെന്നാണ് ഇയാള്‍ മറ്റ് സ്ത്രീകളെ ധരിപ്പിച്ചിരുന്നത്. നിര്‍ദ്ദേശങ്ങള്‍ക്കായി തന്നെ സമീപിക്കുന്ന സ്ത്രീകള്‍ക്ക് ഇയാള്‍ ഫിറ്റ്‌നസ്സ് നിർദേശങ്ങൾ നല്‍കിയിരുന്നു. ശേഷം അവരുടെ ശരീരം പരിശോധിക്കണമെന്നും അതിനായി നഗ്ന ചിത്രം അയയ്ക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഫിറ്റ്‌നസ്സ് ആവശ്യങ്ങള്‍ക്കാണ് എന്ന് പറഞ്ഞാണ് ഇയാള്‍ സ്ത്രീകളില്‍ നിന്ന് ഫോട്ടോ വാങ്ങിയത്. ഇയാളെ വിശ്വസിച്ച സ്ത്രീകള്‍ നഗ്ന ഫോട്ടോയും വീഡിയോയും അയച്ച് കൊടുത്തിരുന്നു. കുറച്ച് ദിവസത്തിന് ശേഷം മറ്റൊരു സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്ന് ഇയാള്‍ സ്ത്രീകളെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. വീഡിയോ കോളില്‍ നഗ്നയായി വരണമെന്നും അല്ലെങ്കില്‍ ഈ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പരസ്യമാക്കുമെന്ന് പറഞ്ഞാണ് ഇയാള്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തിയിരുന്നത്,’ പൊലീസ് പറഞ്ഞു.
പ്രതിയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇയാളുടെ അയല്‍വാസി തന്നെ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് ഈ വിവരങ്ങള്‍ പുറത്തായത്. ഇതോടെ അപരിചിതരായവര്‍ക്ക് നഗ്ന ചിത്രങ്ങളും വീഡിയോയും പങ്കുവെയ്ക്കരുത് എന്ന് പുതുച്ചേരി പൊലീസ് നിര്‍ദ്ദേശം നല്‍കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cyber crime, Puducherry