തിരുവനന്തപുരം: പുളിയറക്കോണത്തെ ആൻവി സൂപ്പര്‍ മാര്‍ക്കറ്റ് തട്ടിപ്പിന് ഇരയായ യുവാവ് ജീവനൊടുക്കി. പാലോട് സ്വദേശി അഭിലാഷാണ് ഈ മാസം നാലിന് ആത്മഹത്യ ചെയ്തത്. ബിസിനസ്സ് ചെയ്യാനായി ആന്‍വിയില്‍ അഭിലാഷ് ലക്ഷങ്ങള്‍ നിക്ഷേപിച്ചിരുന്നു. ആൻവി സൂപ്പർ മാർക്കറ്റ്, ആൻവിഗോ ആപ്പ് എന്നിവയുടെ പേരില്‍ സംസ്ഥാന വ്യാപകമായി 22 കോടിയുടെ വന്‍ തട്ടിപ്പാണ് നടന്നത്.
സ്വന്തമായി ഒരു ബിസിനസ് തുടങ്ങാൻ വേണ്ടി മൈക്രോഫിനാൻസ് സ്ഥാപനത്തിലുണ്ടായിരുന്ന ജോലി രാജിവച്ചാണ് അഭിലാഷ് ആൻവി സൂപ്പര്‍ മാര്‍ക്കറ്റിൽ നിക്ഷേപം നടത്തിയത്. ആൻവിഗോ ആപ്പിലൂടെ ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്ന സർവ്വീസ് നേടാനാണ് ആറ് ലക്ഷം മുടക്കിയത്. പലരോടുമായി കടം വാങ്ങിയ തുകയാണ് നിക്ഷേപിച്ചത്.
എന്നാല്‍ സ്ഥാപന ഉടമയായ വി.എസ്.വിപിൻ നിക്ഷേപകരെ പറ്റിച്ചു മുങ്ങുകയായിരുന്നു. കബളിപ്പിക്കപ്പെട്ടുവെന്ന് ബോധ്യമായതോടെ കടക്കാരുടെ ശല്യം കാരണം ഒരുമുഴം കയറില്‍ അഭിലാഷ് ജീവിതമവസാനിപ്പിക്കുകയായിരുന്നു.
രണ്ടുമാസം മുമ്പ് ബെംഗളൂരുവില്‍ പിടിയിലായ സ്ഥാപന ഉടമ വി.എസ് വിപിന്‍ റിമാന്‍ഡിലാണ്. സംസ്ഥാന വ്യാപകമായി 22 കോടി തട്ടിച്ചെന്നാണ് ഇയാള്‍ക്കെതിരെയുളള കേസ്. പരാതിപ്പെട്ടവരുടെ മാത്രം കണക്കാണിത്. മാനഹാനി ഭയന്ന് പുറത്തു മിണ്ടാത്തവര്‍ ഇതിലുമിരട്ടി വരുമെന്നാണ് വിവരം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.