കൊല്ലം: ഉത്സവ ആഘോഷത്തിനിടയിൽ ഉണ്ടായ അടിപിടിയിൽ യുവാവ് വെട്ടേറ്റ് മരിച്ചു (Murder). കോക്കാട് മനുവിലാസത്തിൽ മനോജ് (39) ആണ് കൊല്ലപ്പെട്ടത്. കൊല്ലം വെട്ടിക്കവല കോക്കാട് ശിവക്ഷേത്രത്തിലെ ഉത്സവ ആഘോഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രാത്രിയാണ് സംഘർഷമുണ്ടായത്. വെട്ടേറ്റ നിലയിൽ കോക്കാട് റോടിൽ കിടക്കുകയായിരുന്ന മനോജിനെ പുനലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൈകളിലെ വിരലുകൾ വെട്ടി മാറ്റി നിലയിലും കഴുത്തിന് വെട്ടേറ്റ നിലയിലുമാണ് മനോജ് റോഡിൽ കിടന്നിരുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. യൂത്ത് ഫ്രണ്ട് ചക്കുവരയ്ക്കൽ മണ്ഡലം പ്രസിഡണ്ട് ആണ് കൊല്ലപ്പെട്ട മനോജ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.
അതേസമയം കോക്കാട് കൊലപാതകം രാഷ്ട്രീയപ്രേരിതമെന്ന് കെ. ബി ഗണേഷ് കുമാർ എം എൽ എ ആരോപിച്ചു. മരിക്കുന്നതിനുമുമ്പ് പ്രതികളെ പറ്റിയുള്ള കൃത്യമായ വിവരം മനോജ് ജേഷ്ടനോട് പറഞ്ഞിരുന്നു. പോലീസ് കാര്യക്ഷമമായി ഇടപെട്ട് പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഗണേഷ്കുമാർ എം എൽ എ ആവശ്യപ്പെട്ടു.
റേഷനരി കടത്തുന്നതിനിടെ യുവാവിനെ കൊലപ്പെടുത്തിയ സംഭവം; മൂന്നുപേർ അറസ്റ്റിൽ
കേരള-തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിൽ റേഷനരി കടത്തുന്നതിടെയുണ്ടായ ഏറ്റുമുട്ടലിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയും (Murder) മറ്റൊരാളെ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നുപേരെ പൊലീസ് (Police) അറസ്റ്റുചെയ്തു. കളിയിക്കാവിള പറയാടിവിള സ്വദേശി ഷിജിയെ (38) കൊലപ്പെടുത്തിയ സംഭവത്തിലാണ് മരുതൻകോട് സ്വദേശി ക്ലൈൻ (26), കുളപ്പുറം സ്വദേശി ജസ്റ്റിൻ ജോസഫ് രാജ് (38), മരയാപുരം സ്വദേശി മഹേന്ദ്രകുമാർ (48) എന്നിവർ പിടിയിലായത്. വെട്ടേറ്റ എസ്. ടി. മങ്കാട് സ്വദേശി അജിനാണ് (26) ആശുപത്രിയിൽ ചികിത്സയിലുള്ളത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, മാർച്ച് 26ന് രാത്രി 10ന് അജിനും ഷിജിയും കാറിൽ ഒരു ടൺ റേഷനരി തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരുമ്പോൾ കളിയിക്കാവിളയ്ക്ക് സമീപത്തുവച്ച് ഏഴംഗസംഘം കാർ തടഞ്ഞുനിർത്തി രണ്ടുപേരെയും കത്തി കൊണ്ട് കുത്തുകയും അരിവാൾ കൊണ്ട് വെട്ടിപ്പരിക്കേല്പിക്കുകയുമായിരുന്നു. അജിന് തോളിലും തലയിലുമാണ് വെട്ടേറ്റത്. ഷിജിക്ക് വയറിലും കഴുത്തിലും കുത്തേറ്റു. നിലവിളികേട്ട് നാട്ടുകാരെത്തിയപ്പോഴേക്കും അക്രമിസംഘം രക്ഷപെട്ടു.
Also Read- കാമുകനൊപ്പം പോകാന്‍ മക്കളെ കൊല്ലാൻ ശ്രമിച്ചു: ഒന്നര വയസുള്ള കുഞ്ഞ് മരിച്ച കേസിൽ യുവതി അറസ്റ്റില്‍
അബോധാവസ്ഥയിൽ കിടന്ന രണ്ടുപേരയും നാട്ടുകാർ നാഗർകോവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ ഏപ്രിൽ മൂന്നിന് രാത്രിയാണ് ഷിജി മരിച്ചത്. ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ നിർദ്ദേശപ്രകാരം കളിയിക്കാവിള ഇൻസ്പെക്ടർ എഴിലരസിയുടെ നേതൃത്വത്തിൽ മൂന്ന് പ്രത്യേക സംഘങ്ങൾ അന്വേഷണം നടത്തുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി തക്കല ഡിവൈ.എസ്.പി ഗണേശന്റെ ഓഫീസിലെത്തി പ്രതികൾ കീഴടങ്ങിയത്. റേഷനരി കേരളത്തിലേക്ക് കൊണ്ടുവരുന്നതിലുണ്ടായ തർക്കം കാരണമാണ് ഏറ്റുമുട്ടലുണ്ടായതെന്ന് കളിയിക്കാവിള പൊലീസ് ചോദ്യം ചെയ്തപ്പോൾ പ്രതികൾ സമ്മതിച്ചു. പ്രതികളെ റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.