ചെന്നൈ: പ്രായത്തിൽ കുറവുള്ള സുഹൃത്തുക്കൾ ബഹുമാനിച്ചില്ലെന്നു പറഞ്ഞുണ്ടായ തർക്കത്തില്‍ യുവാവിനെ സുഹൃത്തുക്കൾ കുത്തിക്കൊലപ്പെടുത്തി. രാഘവേന്ദ്ര (25)-നെയാണ് 20 വയസ്സുള്ള നാലു സുഹൃത്തുക്കൾ ചേർന്ന് കുത്തിക്കൊന്നത്. തമിഴ്നാട് ചെന്നൈയ്ക്ക് സമീപം പലവാക്കത്താണ് സംഭവം.
രാഘവേന്ദ്രയുടെ പ്രായത്തിൽ കുറവുള്ള സുഹൃത്തുക്കൾ തന്നെ ബഹുമാനിക്കുന്നില്ലെന്ന പരാതിയാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ അജയ്, ബാലാജി, നിസാമുദ്ദീൻ എന്നിവർ ഉൾപ്പെടെ നാലുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മദ്യലഹരിയിലാണ് കൊലപാതകം നടന്നത്. പ്രതികൾ മുൻപും അടിപിടിക്കേസിൽ പിടിയിലായവരാണ്.
വീട്ടിലേക്കു നടന്നുപോകുന്നതിനിടെ പ്രതികൾ പിന്നാലെയെത്തി രാഘവേന്ദ്രയെ ആക്രമിക്കുകയായിരുന്നു. റോഡിൽവച്ച് വീണ്ടും വാക്കുതർക്കമുണ്ടായപ്പോൾ കത്തി ഉപയോഗിച്ചു രാഘവേന്ദ്രയെ കുത്തിയെന്നു പൊലീസ് പറഞ്ഞു. ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും ഗുരുതരമായി പരുക്കേറ്റ രാഘവേന്ദ്രയെ പൊലീസാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപ് രാഘവേന്ദ്ര മരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.