ചണ്ഡീഗഢ്: ചണ്ഡീഗഢില്‍ തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്തുകൊണ്ടിരുന്ന 25കാരിയെ ഇടിച്ചുതെറിപ്പിച്ച കാറിന്റെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തുള്ള സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.
തേജസ്വിത എന്ന യുവതിയ്ക്കാണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. അമിത വേഗത്തിലെത്തിയ കാര്‍ തേജസ്വിതയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ യുവതി ഇപ്പോള്‍ ചികിത്സയിലാണ്.
വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ സന്ദീപ് സാഹി ആണ് കാര്‍ അമിത വേഗത്തിലോടിച്ചിരുന്നത്. മൊഹാലിയിലെ ആര്‍മി ഫ്ളാറ്റിലാണ് ഇയാള്‍ താമസിക്കുന്നത്. രാജസ്ഥാനില്‍ ഒരു സെക്യൂരിറ്റി ഏജന്‍സി നടത്തിവരികയാണ് ഇയാള്‍.
പ്രതി സ്ഥിരമായി ചായകുടിക്കാനെത്തുന്ന സ്ഥലമാണ് ചണ്ഡീഗഢിലെ 43 ബസ് സ്റ്റാന്‍ഡ്. അവിടെ വെച്ചാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്. രാത്രിയിലാണ് അപകടം ഉണ്ടായത്.
തന്റെ വാഹനം ഏതോ വണ്ടിയിലാണ് ഇടിച്ചതെന്നാണ് സന്ദീപ് ആദ്യം കരുതിയത്. അതുകൊണ്ടാണ് നിര്‍ത്താതെ പോയത്. എന്നാല്‍ കുറച്ചധികം ദൂരം പോയപ്പോഴാണ് അപകടത്തിന്റെ വ്യാപ്തി പ്രതിയ്ക്ക് മനസ്സിലായതെന്ന് പൊലീസ് പറഞ്ഞു.
തുടര്‍ന്ന് പ്രതി തന്റെ കാര്‍ ചണ്ഡീഗഢിലെ ഒരു വര്‍ക്ക് ഷോപ്പില്‍ ഏല്‍പ്പിച്ചു. അവിടെ നിന്നാണ് പൊലീസ് കാര്‍ കണ്ടെടുത്തത്.
അതേസമയം അപകടത്തില്‍ അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
അപകടം നടക്കുമ്പോള്‍ തേജസ്വിയുടെ അമ്മ ആ പരിസരത്ത് തന്നെ ഉണ്ടായിരുന്നു. മകള്‍ നിന്നിരുന്ന സ്ഥലത്ത് നിന്ന് കുറച്ച് അകലെയായിരുന്നു താന്‍ നിന്നിരുന്നതെന്ന് തേജസ്വിയുടെ അമ്മ മജീന്ദര്‍ കൗര്‍ പറഞ്ഞു. വാഹനമോടിച്ചിരുന്നയാള്‍ മദ്യപിച്ചിരുന്നുവെന്നും ഇവര്‍ പറഞ്ഞു.
ശനിയാഴ്ച ചണ്ഡീഗഢിലെ ഫര്‍ണിച്ചര്‍ മാര്‍ക്കറ്റിന് സമീപം തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്തുകൊണ്ടിരിക്കെയാണ് തേജസ്വിയ്ക്ക് നേരെ എസ്യുവി കാര്‍ പാഞ്ഞടുത്തത്. തിങ്കളാഴ്ചയാണ് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടത്.
ആര്ക്കിടെക്ടറ്റായി ജോലി നോക്കുകയായിരുന്നു തേജസ്വിത. എന്നാല്‍ ജോലി ഉപേക്ഷിച്ച് കഴിഞ്ഞ കുറച്ച് നാളുകളായി യുപിഎസ് സി എക്സാമുകള്‍ക്കായി തയ്യാറെടുക്കുകയായിരുന്നു തേജസ്വിതയെന്ന് അമ്മ മജീന്ദര്‍ കൗര്‍ പറഞ്ഞു. കഴിഞ്ഞ ആറ് വര്‍ഷമായി തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ തങ്ങള്‍ പ്രദേശത്ത് പതിവായി എത്താറുണ്ടെന്നും മജീന്ദര്‍ പറഞ്ഞു.
അതേസമയം സിക്കിമില്‍ വാഹനാപകടത്തില്‍ മരിച്ച 16 സൈനികരില്‍ മലയാളിയും. പാലക്കാട് മാത്തൂര്‍ സ്വദേശി 26കാരനായ വൈശാഖാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ 4 സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കന്‍ സിക്കിമിലെ സേമയില്‍ സൈനികരുമായി പോയ വാഹനം കൊക്കയിലേക്കു മറിഞ്ഞാണ് അപകടം. താങ്ങുവിലേക്കു പോയ 3 സൈനിക വാഹനങ്ങളില്‍ ഒന്നാണ് അപകടത്തില്‍പ്പെട്ടത്. വൈശാഖിന്റെ മരണ വിവരം സൈനികവൃത്തങ്ങള്‍ ഔദ്യോഗികമായി കുടുംബത്തെ അറിയിച്ചു. എട്ട് വര്‍ഷത്തോളമായി വൈശാഖ് സൈന്യത്തില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.