ആലപ്പുഴ: 22 വർഷം മുമ്പ് കൊലക്കേസ് പ്രതിക്ക് നേരെ ആസിഡ് ആക്രമണം നടത്തി മുങ്ങിയ പ്രതി പിടിയിൽ. കോട്ടയം കടനാട് കാവതിയാൻ കുന്നേൽ വീട്ടിൽ സുനിൽ (41)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലക്കേസ് പ്രതിയായിരുന്ന കോട്ടയം പാല കുളക്കാട് സ്വദേശി പ്രസാദ് (ഉണ്ണി-57) യെയാണ് ആസിഡ് ഒഴിച്ച് കാഴ്ച നഷ്ടപ്പെടുത്തിയത്. പ്രതിയുടെ 19-ാം വയസിലാണ് ആസിഡ് ആക്രമണം നടത്തിയത്.
2000 ഒക്ടോബറിൽ വാരനാട് ക്ഷേത്രത്തിന് സമീപത്തായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി ജാമ്യത്തിൽ ഇറങ്ങി കഴിഞ്ഞ 22 വർഷമായി പലസ്ഥലങ്ങളിലും ഒളിവിൽ താമസിച്ചു വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
വൈക്കം സ്വദേശിയെ തണ്ണീർമുക്കം ബണ്ടിൽ വെച്ച് ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രസാദ്. ചേർത്തല ഇൻസ്പെക്ടർ ബി വിനോദ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സബ് ഇൻസ്പെക്ടർ ആർ വിനോദിന്റെ നേതൃത്വത്തിൽ എസ് ഐ വി.ജെ ആന്റണി, സി പി ഒ മാരായ സെയ്ഫുദ്ദീൻ, ബിനുമോൻ, സിനോ എന്നിവർ ചേർന്ന് എറണാകുളം രാമമംഗലത്ത് വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.