ആലപ്പുഴ അര്‍ത്തുങ്കലില്‍ ദമ്പതിമാരെന്ന വ്യാജേന വീട്ടുജോലിക്കെത്തി 5.32 ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ച യുവതിയും യുവാവും അറസ്റ്റില്‍. കോട്ടയം പാറത്തോട് പോത്തല വീട്ടില്‍ ജിജോ (38), മുണ്ടക്കയം കാര്യാട്ട് വീട്ടില്‍ സുജാ ബിനോയ് (43) എന്നിവരെയാണ് അര്‍ത്തുങ്കല്‍ പോലീസ് അറസ്റ്റുചെയ്തത്. എറണാകുളം ഇടപ്പള്ളി സ്വദേശിനി ഷിജി ജിനേഷിന്റെ ആലപ്പുഴ ചെത്തിയിലുള്ള വീട്ടില്‍ 2021 നവംബര്‍ മുതല്‍ വീട്ടുജോലിക്കുനിന്നായിരുന്നു ഇവരുടെ മോഷണം.
സ്വര്‍ണമാല, ഗ്യാസ് കുറ്റികള്‍, ഇരുമ്പുഗേറ്റ്, വാഹനത്തിന്റെ ടയറുകള്‍, ലാപ്ടോപ്പ്, ഓട്ടുപാത്രങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങി 5,32,500 രൂപയുടെ സാധനങ്ങളാണ് ഇവര്‍ മോഷ്ടിച്ചതെന്നു പോലീസ് പറഞ്ഞു. ഇവ വിറ്റ പണം കുടുംബാവശ്യങ്ങള്‍ക്കും സ്കൂട്ടര്‍ വാങ്ങാനും ഉപയോഗിച്ചെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. മാരാരിക്കുളത്തെ സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ ഇവര്‍ പണയംവെച്ച സ്വര്‍ണം പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഒറ്റയ്ക്കു താമസിക്കുന്ന ഭര്‍ത്തൃമാതാവിനെ ശുശ്രൂഷിക്കാനും വീട്ടുജോലിക്കുമായി ദമ്പതിമാരെ ആവശ്യമുണ്ടെന്ന് കാണിച്ച് ഷിജി പത്രപ്പരസ്യം നല്‍കിയിരുന്നു. ഇതുകണ്ടാണ് പ്രതികള്‍ സ്ഥലത്തെത്തിയത്. വിദേശത്ത് ജോലിചെയ്തിരുന്ന ഷിജിയുടെ ഭര്‍ത്താവ് മകളുടെ വിവാഹത്തിന് നാട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
അര്‍ത്തുങ്കല്‍ ഇന്‍സ്പെക്ടര്‍ പി.ജി. മധുവിന്റെ നേതൃത്വത്തില്‍ എസ്.ഐ. ഡി. സജീവ് കുമാര്‍, ഗ്രേഡ് എസ്.ഐ. ശാലിനി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുധി, ബൈജു എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.