കണ്ണൂർ: കേളകത്തെ ആദിവാസി യുവതിയുടെ ദുരൂഹമരണം കൊലപാതകമെന്ന് തെളിഞ്ഞു. പെരുവ സ്വദേശി വിപിനിനെ (24) കേളകം പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ അഗസ്റ്റ് 28നാണ് താഴെ മന്ദംചേരി സ്വദേശിനിയായ ശോഭയെ (33) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആഗസ്റ്റ് 24നാണ് യുവതിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ കേളകം പോലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മാലൂർ തോലമ്പ്ര കുറിച്യ കോളനിക്ക് സമീപം ആളൊഴിഞ്ഞ കശുമാവിൻ തോട്ടത്തിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കഴുത്തിൽ ഷാൾ കുരുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കെട്ടിത്തൂക്കിയതായാണ് പോലീസ് കണ്ടെത്തൽ. കൊലപ്പെടുത്തിയ ശേഷം സ്വർണവും മൊബൈലും പ്രതി കൈക്കലാക്കിയതായും അന്വേഷണ സംഘം വ്യക്തമാക്കി.
ഒൻപത് വയസ്സ് പ്രായം കുറഞ്ഞ വിപിനുമായി ശോഭ അടുപ്പത്തിലായിരുന്നു എന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്. വിവാഹ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ വിപിൻ മറ്റൊരു പെൺകുട്ടിയുമായി സ്നേഹത്തിലാണ് എന്ന കാര്യം ശോഭ അറിഞ്ഞതോടെയാണ് ഇവർക്കിടയിലെ ബന്ധം വഷളായത്. പ്രശ്നം പറഞ്ഞു തീർക്കുന്നതിനായി വിളിച്ചുവരുത്തിയാണ് ശോഭയെ വിപിൻ കൊലപ്പെടുത്തി കെട്ടിതൂക്കിയതെന്ന് പോലീസ് കണ്ടെത്തി.
ആദ്യഘട്ടത്തിൽ ആത്മഹത്യ എന്ന് തോന്നിയെങ്കിലും കേളകം സി.ഐ. പി.വി. രാജൻ, പ്രിൻസിപ്പൾ എസ്.ഐ. ടോണി ജെ. മറ്റത്തിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ വിദഗ്ധമായ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.