കൊച്ചി: ജോജു ജോർജിന്റെ (Joju George) കാർ തകർത്ത കേസിൽ (car demolition case) കൊച്ചി മുൻ മേയർ ടോണി ചമ്മണി (Tony Chammany) ഉൾപ്പെടെയുള്ളവർ ജയിൽ മോചിതരായി. രണ്ട് ദിവസത്തെ ജയിൽ വാസത്തിന് ശേഷം കാക്കനാട് ജില്ലാ ജയിലിൽ നിന്നും പുറത്തിറങ്ങിയ നേതാക്കൾക്ക് ജയിലിന് പുറത്ത് ഉജ്ജ്വല സ്വീകരണമാണ് ഡി.സി.സി. നൽകിയത്. ഡി.സി.സി. പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിൻ്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തകർ നേതാക്കളെ സ്വീകരിക്കാൻ ജയിലിന് പുറത്തെത്തിയിരുന്നു.
പെട്രോളിയം ഉൽപന്നങ്ങളുടെ വിലകുറയ്ക്കാൻ സമരം തുടരുമെന്നും, സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തൽ ഉണ്ടാകുമെന്നും ടോണി ചമ്മിണി പറഞ്ഞു. കോൺഗ്രസ് ഒരു ഭീഷണിക്ക് മുൻപിലും മുട്ട് മടക്കില്ല. പാർട്ടി നേതൃത്വത്തിൻ്റെ തീരുമാന പ്രകാരമാണ് കീഴടങ്ങിയത്. സംഭവം ഉണ്ടായ ദിവസം മുതൽ പാർട്ടി പൂർണ്ണമായും ഒപ്പമുണ്ടായിരുന്നു. ഈ സമരം പാർട്ടിക്ക് പുതിയ ഉണർവാണ് നൽകിയത്. ജോജുവിന് എതിരെ സമരം തുടരണമോയെന്ന് പാർട്ടി തീരുമാനിക്കുമെന്നും ടോണി ചമ്മിണി പറഞ്ഞു.
ടോണി ചമ്മണി അടക്കം അഞ്ചു പ്രതികൾക്കാണ് ജാമ്യം അനുവദിച്ചത്. പ്രതികൾ ഓരോരുത്തരും 37,500 രൂപവീതം കോടതിയിൽ കെട്ടിവെക്കണം. 50,000 രൂപയുടെ രണ്ട് ആൾ ജാമ്യവും നൽകണം. മുൻ മേയർ ടോണി ചമ്മിണി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ പി.വൈ. ഷാജഹാൻ, മനു ജേക്കബ്, തമ്മനം മണ്ഡലം പ്രസിഡന്റ് ജർജസ്, തൃക്കാക്കര കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡന്റ് ഷെരീഫ് ബുഹാരി, എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.
ടോണി ചമ്മിണി ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയിൽ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്നലെ വാദം പൂർത്തിയാക്കിയിരുന്നു. ഇന്നലെ മരട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാൻ, മണ്ഡലം പ്രസിഡൻ്റ് അരുൺ വർഗീസ്, വൈറ്റില ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ ഐഎൻടിയുസി നേതാവ് ജോസഫ് ജോർജ്ജ്, എന്നിവരും റിമാൻഡിലാണ്. ജോജുവിന്‍റെ കാര്‍ തകര്‍ത്ത കേസില്‍ എട്ട് പേര്‍ക്കതിരെയാണ് കേസ്.
ഇന്ധന വിലവര്‍ധനക്കെതിരെ കഴിഞ്ഞയാഴ്ച യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരത്തിലാണ് നടന്‍ ജോജു ജോര്‍ജുമായി തർക്കം ഉടലെടുത്തത്. സമരത്തെ തുടര്‍ന്നുണ്ടായ ഗതാഗത തടസ്സത്തില്‍ പ്രതികരിച്ച ജോജുവിന്റെ കാറിന് നേരെ ആക്രമണമുണ്ടാകുകയായിരുന്നു. സംഭവം ഒത്തുതീര്‍ക്കാന്‍ ജോജുവിന്‍റെ സുഹൃത്തുക്കള്‍ വഴി കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചിരുന്നു. എന്നാൽ ജോജു കേസില്‍ കക്ഷി ചേര്‍ന്നു. ഇതോടെ സമവായ സാധ്യത അടഞ്ഞു.
ജോജുവിനെതിരെയുള്ള മഹിളാ കോൺഗ്രസ് പ്രവർത്തകയുടെ പരാതിയിൽ പോലീസ് കേസ് എടുത്തില്ലെന്ന പരാതിയിൽ മഹിളാ കോൺഗ്രസ് മരട് പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ജോജു ജോർജ് ഇടതുപക്ഷ ഗുണ്ടയെ പോലെയാണ് കോൺഗ്രസ് നടത്തിയ സമരത്തിലേക്ക് ചാടിയിറങ്ങിയതെന്ന് പ്രതിഷേധം ഉദ്‌ഘാടനം ചെയ്ത മഹിളാകോൺഗ്രസ് മുൻ അധ്യക്ഷ ബിന്ദു കൃഷ്ണ പറഞ്ഞു. ജോജുവിനെതിരെ വനിതകൾ നൽകിയ പരാതിയിൽ കേസ് എടുക്കാൻ കമ്മിഷണർ തയാറായില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.