മാരക ലഹരി മരുന്നായ MDMA (മെഥിലിന്‍ ഡയോക്‌സി മെത്ത് ആംഫിറ്റമിന്‍) പിടിച്ചെടുത്ത കേസ്സില്‍ പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ഒറ്റപ്പാലം സ്വദേശി അത്താണിക്കൽ വീട്ടിൽ സാദിഖിൻ്റെ മകൻ ഷാഫിയെ ആണ് കോടതി ശിക്ഷിച്ചത്. 2021 നവംബർ 12നായിരുന്നു കേസിന് ആസ്പദമായ സംഭവം. പെരിന്തൽമണ്ണ പോലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന നൗഷാദ് സി.കെ. തടഞ്ഞുനിര്‍ത്തി പരിശോധിപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 52.2 ഗ്രാം തൂക്കം വരുന്ന MDMA യാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്.
പെരിന്തൽമണ്ണ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന സുനിൽ പുളിക്കലാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. മഞ്ചേരി NDPS കോടതി ജഡ്ജ് ജയരാജ് എന്‍.പി.യാണ് ശിക്ഷ വിധിച്ചത്. സംഭവ സമയത്ത് അറസ്റ്റ് ചെയ്യപ്പെട്ട പ്രതി ജാമ്യം ലഭിക്കാതെ കസ്റ്റഡിയില്‍ കഴിഞ്ഞ് വരികയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അബ്ദുൾ സത്താര്‍ തലാപ്പില്‍ ഹാജരായി. മഞ്ചേരി പ്രോസിക്യൂഷൻ വിങ്ങിലെ എ.എസ്.ഐ. സുരേഷ്ബാബു പ്രോസിക്യൂഷനെ സഹായിച്ചു.
Also read: ആളില്ലാത്ത വീട്ടിൽ കയറിയ കള്ളൻ ഷേവ് ചെയ്ത് ഫ്രിഡ്ജിലിരുന്ന കശുവണ്ടിയും കഴിച്ച് മടങ്ങി
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ അഞ്ചുലക്ഷത്തിലധികം രൂപ വില വരുന്ന ലഹരിവസ്തുവാണ് ഷാഫിയിൽ നിന്നും പിടിച്ചത്. മുഹമ്മദ് ഷാഫിയെ മുൻപ് ആറുകിലോ കഞ്ചാവുമായി പിടിച്ചിരുന്നു. പെരിന്തല്‍മണ്ണ എക്‌സൈസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ജില്ലയിലെ തന്നെ ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് വേട്ടയിലൊന്നായിരുന്നു ഇത്. മലപ്പുറം ജില്ലയില്‍ യുവാക്കളുടെ ഇടയില്‍ സിന്തറ്റിക് മയക്കുമരുന്നുകളായ MDMA, എല്‍എസ്എല്‍ഡി തുടങ്ങിയവയുടെ ഉപയോഗം വര്‍ധിച്ചുവരുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഒരാഴ്ചയോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ലഹരിമരുന്ന് പിടികൂടിയത്.
ബാംഗ്ലൂരില്‍ നിന്നും ഗ്രാമിന് 1000 രൂപ നിരക്കില്‍ വാങ്ങി ട്രയിന്‍ മാര്‍ഗം കേരളത്തിലെത്തിച്ച് 5000 രൂപമുതല്‍ വിലയിട്ട് ഒരു ഗ്രാം വരുന്ന പായ്ക്കറ്റുകളിലാക്കി മലപ്പുറം, പാലക്കാട്, എറണാകുളം, തൃശൂര്‍, കോയമ്പത്തൂര്‍ ഭാഗങ്ങളിലെ ചെറുകിട വില്‍പനക്കാര്‍ക്ക് കൈമാറിയാണ് വില്‍പന. ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നൈജീരിയന്‍ സംഘമാണ് ഇത്തരം മയക്കുമരുന്നുകള്‍ മൊത്തവിതരണക്കാര്‍ക്ക് വില്‍പന നടത്തുന്നതെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആയിരുന്നു പോലീസ് അന്വേഷണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.