• HOME
  • »
  • NEWS
  • »
  • crime
  • »
  • പോക്സോ കേസിൽ നാളെ വിചാരണ തുടങ്ങാനിരിക്കെ പ്രതി മരിച്ച നിലയില്‍; പരാതി പച്ചക്കള്ളമെന്ന് കുറിപ്പ്

പോക്സോ കേസിൽ നാളെ വിചാരണ തുടങ്ങാനിരിക്കെ പ്രതി മരിച്ച നിലയില്‍; പരാതി പച്ചക്കള്ളമെന്ന് കുറിപ്പ്

വ്യാഴാഴ്ച കോടതിയില്‍ ഹാജരാകണമെന്ന് കഴിഞ്ഞ ദിവസം അറിയിപ്പ് കിട്ടിയതുമുതല്‍ ഏറെ അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു

  • Share this:

    പത്തനംതിട്ട: പോക്‌സോ കേസില്‍ നാളെ വിചാരണ തുടങ്ങാനിരിക്കെ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ പന്നിവിഴ സ്വദേശി പുത്തന്‍വീട്ടില്‍ നാരായണന്‍കുട്ടി(72)യെയാണ് ബുധനാഴ്ച രാവിലെ വീടിന്റെ രണ്ടാം നിലയില്‍ മരിച്ച നിലയില്‍ കണ്ടത്. നാരായണന്‍കുട്ടി എഴുതിയതെന്ന് കരുതുന്ന കുറിപ്പും പൊലീസ് കണ്ടെടുത്തു. 2021ല്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ ഒന്നാം പ്രതിയാണ് നാരായണന്‍കുട്ടി. ഈ കേസില്‍ വ്യാഴാഴ്ച അടൂര്‍ അതിവേഗ കോടതിയില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് മരണം.

    തനിക്കെതിരേയുള്ള പോക്‌സോ പരാതി പച്ചക്കള്ളമാണെന്നും ശാരീരിക ബുദ്ധിമുട്ടുകള്‍ കൂടി അലട്ടുന്നതിനാല്‍ ഇനി ജീവിച്ചിരിക്കില്ലെന്നുമാണ് കുറിപ്പിലുള്ളത്. കണ്ടെടുത്ത കുറിപ്പ് പൊലീസ് പരിശോധിച്ചുവരികയാണ്.

    വ്യാഴാഴ്ച കോടതിയില്‍ ഹാജരാകണമെന്ന് കഴിഞ്ഞ ദിവസം അറിയിപ്പ് കിട്ടിയതുമുതല്‍ നാരായണ്‍കുട്ടി ഏറെ അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. മൃതദേഹം അടൂര്‍ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

    Also Read- ആന്ധ്രാ സ്വദേശിയായ 23കാരൻ; യുവാവിനെ ട്രെയിനിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു

    2019ലെ തിരുവോണ ദിവസമാണ് പോക്‌സോ കേസിനാസ്പദമായ സംഭവമുണ്ടായത്. ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ കടന്നുപിടിച്ചെന്നായിരുന്നു ആരോപണം. 2021 ഒക്ടോബറിലാണ് കുട്ടിയുടെ അച്ഛന്‍ ഇതുസംബന്ധിച്ച് ചൈല്‍ഡ് ലൈനിലും പൊലീസിലും പരാതി നല്‍കുന്നത്. പെണ്‍കുട്ടിയുടെ അമ്മയാണ് കേസിലെ രണ്ടാം പ്രതി. വിവരമറിഞ്ഞിട്ടും ഇതെല്ലാം മറച്ചുവെച്ചെന്നാണ് അമ്മയ്‌ക്കെതിരെ ചുമത്തിയ കുറ്റം.

    Also Read- കൊല്ലം പുനലൂരിൽ കല്ലടയാറ്റിൽ ചാടി യുവതിയും രണ്ട് മക്കളും ജീവനൊടുക്കി

    മുന്‍വൈരാഗ്യത്തെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ പരാതി നല്‍കിയതെന്നും ആരോപണമുണ്ട്. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞ് കഴിയുന്നതിനിടെയാണ് പരാതി എത്തുന്നത്. ഇവരുടെ വിവാഹമോചന ഹര്‍ജികളും കോടതിയുടെ പരിഗണനയിലായിരുന്നു. എന്നാല്‍ പരാതിയിലെ കാര്യങ്ങളെല്ലാം പെണ്‍കുട്ടി മൊഴിയായി നല്‍കിയതോടെയാണ് പൊലീസ് പോക്‌സോ കേസെടുത്തത്. അതേസമയം, മുന്‍വൈരത്തിന്റെ പേരില്‍ ഭര്‍ത്താവ് മകളെ ഉപയോഗിച്ച് നല്‍കിയ വ്യാജപരാതിയാണെന്നായിരുന്നു അമ്മയുടെ പ്രതികരണം.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

    Published by:Rajesh V
    First published: