• HOME
  • »
  • NEWS
  • »
  • crime
  • »
  • ബധിരനായി അഭിനയിച്ചെത്തി ചിട്ടി സ്ഥാപനത്തിൽ കവർച്ച; പ്രതി തമിഴ്നാട്ടിൽനിന്നു പിടിയിൽ

ബധിരനായി അഭിനയിച്ചെത്തി ചിട്ടി സ്ഥാപനത്തിൽ കവർച്ച; പ്രതി തമിഴ്നാട്ടിൽനിന്നു പിടിയിൽ

കഴിഞ്ഞയാഴ്ച 1.36 ലക്ഷം രൂപയാണ് ചിട്ടിക്കമ്പനിയിൽ നിന്ന് പ്രതി മോഷ്ടിച്ചത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    കോട്ടയം : കോട്ടയം നഗരത്തിൽ ബധിരനായി അഭിനയിച്ചെത്തി  ചിട്ടിക്കമ്പനിയിൽ നിന്ന് പണം കവർന്ന സംഭവത്തിൽ ഒളിവിൽ പോയ പ്രതി അറസ്റ്റിൽ. തമിഴ്നാട് ശങ്കരമംഗലം സ്വദേശി പളനി മുരുകൻ ആണ് പിടിയിലായത്. കഴിഞ്ഞയാഴ്ച 1.36 ലക്ഷം രൂപയാണ് ചിട്ടിക്കമ്പനിയിൽ നിന്ന് പളനി മോഷ്ടിച്ചത്. പളനി ബധിരന്‍ അല്ലെന്നും തട്ടിപ്പിനായി ബധിരനായി അഭിനയിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കോട്ടയത്തു നിന്നുള്ള പൊലീസ് സംഘം തമിഴ്നാട് ആമ്പൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ 6ന് മാർക്കറ്റിനുള്ളിൽ കളരിക്കൽ ബസാറിന് സമീപം കുര്യൻസ് റോഡിൽ‌ പ്രവർത്തിക്കുന്ന ചിട്ടി സ്ഥാപനത്തിൽ എത്തിയ പളനി ബധിരനും മൂകനുമാണെന്ന് ആംഗ്യഭാഷയിൽ പരിചയപ്പെടുത്തി ഭക്ഷണം കഴിക്കാൻ സ്ഥാപന ഉടമയോട് പണം ചോദിച്ചു.

    ഈ സമയം മറ്റൊരാൾക്ക് നൽകാനുള്ള 1,39,000 രൂപ പേപ്പറിൽ പൊതിഞ്ഞ് മേശപ്പുറത്ത് വച്ചിരുന്നു. ഉടമ പളനിക്ക് നൽകാൻ താഴത്തെ മേശവലിപ്പിൽ നിന്ന് 50 രൂപയെടുത്ത ശേഷം നോക്കുമ്പോഴേക്കും മേശപ്പുറത്തെ പണവുമായി ഇയാൾ കടന്നുകളഞ്ഞിരുന്നു.സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു വെസ്റ്റ് പൊലീസിന്റെ ആദ്യ അന്വേഷണം.കെകെ റോഡിലേക്കിറങ്ങി ഓടിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യം സമീപത്തെ സ്ഥാപനത്തിൽ നിന്നു ലഭിച്ചു. പിടികൂടിയ പ്രതിയെ ഇന്നലെ സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

    Published by:Vishnupriya S
    First published: