കൊച്ചി: ലീന മരിയ പോളിന്റെ ബ്യൂട്ടിപാർലറിന് നേരെ വെടിയുതിർത്ത ബിലാലിനും വിപിനും കിട്ടിയത് മുപ്പതിനായിരം രൂപയെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. ഒരു കോടി രൂപയുടെ ക്വട്ടേഷനായിരുന്നുവെങ്കിലും കൃത്യം പൂർണ്ണമായി നിർവഹിക്കാതിരുന്നതു കൊണ്ടാണ് മുപ്പതിനായിരം മാത്രം നൽകിയത്. രവി പൂജാരിയുമായി ബന്ധമുള്ള കാസർകോട് സംഘമാണ് ക്വട്ടേഷൻ നൽകിയത്.
നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ ബ്യൂട്ടി പാർലറിനുള്ളിൽ കയറി വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുക എന്നതായിരുന്നു പ്രതികൾക്ക് നൽകിയിരുന്ന ക്വട്ടേഷൻ. എന്നാൽ, പാർലറിന് ഉള്ളിലേക്ക് കടക്കാൻ ഇവർക്ക് കഴിഞ്ഞിരുന്നില്ല. അതിനാൽ ക്വട്ടേഷൻ തുകയിലും കുറവ് വരുത്തി.
എറണാകുളം സ്വദേശികളായ ബിലാൽ, വിപിൻ എന്നിവരാണ് പിടിയിലായത്. ആക്രമണം നടത്തിയതിന് ശേഷം ഇരുവരും പലതവണ കാസർകോട് പോയിരുന്നു. ഇവർക്കെതിരെ നേരത്തെയും കേസുകള്‍ ഉണ്ടായിന്നുവെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. കൊല്ലം സ്വദേശിയായ ഡോക്ടർക്കും ആസൂത്രണത്തിൽ പങ്കുണ്ട്. പിടിയിലായവരില്‍ നിന്ന് കൃത്യത്തിന് ഉപയോഗിച്ച തോക്കും കണ്ടെടുത്തിട്ടുണ്ട്. പിടിയിലായവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
കഴിഞ്ഞ ഡിസംബര്‍ 15നാണ് കൊച്ചി കടവന്ത്രയിൽ ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിന് നേരെ ബൈക്കിലെത്തിയവർ വെടിവെച്ചത്. പിന്നാലെ താനാണ് കൃത്യത്തിന് പിന്നിലെന്ന് അവകാശപ്പെട്ട് രവി പൂജാരി രംഗത്ത് വന്നിരുന്നു. നടി ലീന മരിയ പോളിൽ നിന്ന് 25 കോടി രൂപ തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് രവി പൂജാരി ഭീഷണിപ്പെടുത്തിയതെന്നും അത് നടക്കാതെ വന്നതോടെയാണ് വെടിയുതിർത്തത് എന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.