കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച കേസിൽ വിചാരണക്കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടൻ ഉണ്ണി മുകുന്ദൻ ഹൈക്കോടതിയിൽ. ഈ മാസം 17ന് കേസിൽ വിശദമായ വാദം കേൾക്കാനിരിക്കേയാണ് ഉണ്ണി മുകുന്ദൻ ഇളവ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം ഒമ്പതിനാണ് സ്ത്രീത്വത്തെ അപമാനിച്ചെന്ന നടൻ ഉണ്ണി മുകുന്ദനെതിരായ കേസിന്റെ സ്റ്റേ നീക്കിയത്.
ഹൈക്കോടതി കോഴ കേസിൽ പ്രതിയായ അഡ്വ. സൈബി ജോസ് ഹാജരായി അനുകൂല വിധി വാങ്ങിയ കേസാണിത്.കേസുമായി ബന്ധപ്പെട്ട് അഡ്വ. സൈബി ജോസ് കോടതിയിൽ ഹാജരാവുകയും 2021 ൽ പരാതിക്കാരിയുമായി വിഷയം ഒത്തുതീർപ്പാക്കിയെന്ന് കോടതിയെ അറിയിച്ചുകൊണ്ട് സ്റ്റേ വാങ്ങുകയായിരുന്നു.
Also Read-ഉണ്ണി മുകുന്ദന് തിരിച്ചടി; സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിലെ സ്റ്റേ ഹൈക്കോടതി നീക്കി
കേസ് ഒത്തുതീർപ്പായെന്ന സത്യവാങ്മൂലം വ്യാജമാണെന്ന് പരാതിക്കാരി പറഞ്ഞിരുന്നു. കോടതിയിൽ വ്യാജസത്യവാങ്മൂലം നൽകിയത് എങ്ങനെയെന്ന് വിശദീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഒമ്പതാം തീയതി കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് പരാതിക്കാരിയുടെ അഭിഭാഷകൻ വ്യാജ സത്യവാങ്മൂലത്തെക്കുറിച്ച് കോടതിയിൽ വ്യക്തമാക്കുന്നത്.
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ മജിസ്ട്രേറ്റ് കോടതിയിലെ നടപടികൾ റദ്ദാക്കണമെന്ന നടന്‍റെ ഹർജിയിൽ വാദം നടക്കുന്നതിനിടെയാണ് പരാതിക്കാരി കോടതിയെ വിവരം അറിയിച്ചത്. തുടർന്ന് ജസ്റ്റിസ് കെ ബാബു കേസിലെ സ്റ്റേ നീക്കുകയും വ്യാജ സത്യവാങ്മൂലം സമർപ്പിച്ചതിയിൽ വിശദീകരണം നൽകാൻ നടൻ ഉണ്ണി മുകുന്ദനോട് ആവശ്യപ്പെടുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.