കൊച്ചി. ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് നടക്കുന്ന ചോദ്യം ചെയ്യലിൽ ദിലീപിൻ്റെ (dileep) സുഹൃത്തും സംവിധായകനുമായ റാഫിയുടെ (Rafi) മൊഴിയും ക്രൈംബ്രാഞ്ച് (Crime Branch) രേഖപ്പെടുത്തി. ബാലചന്ദ്രകുമാറിൻ്റെ മൊഴികളും ആയി ബന്ധപ്പെട്ട് ആയിരുന്നു റാഫിയെയും അന്വേഷണസംഘം വിളിച്ചു വരുത്തിയത്.
'പിക് പോക്കറ്റ്' എന്ന സിനിമയിൽ നിന്ന് ദിലീപ് പിൻമാറുന്നത് തന്നെ അറിയിച്ചത് ബാലചന്ദ്രകുമാറെന്ന് റാഫി മൊഴി നൽകി. ഒരു വർഷം മുൻപാണ് ഇക്കാര്യം അറിയിച്ചത്. പല കാരണങ്ങളാൽ സിനിമ വൈകുകയായിരുന്നു. മറ്റൊരു സിനിമ വന്നതുകൊണ്ടാണ് തനിക്ക് ഈ ചിത്രം ചെയ്യാൻ കഴിയാതെ പോയത്. സിനിമയിൽ നിന്ന് പിന്മാറിയതുമായി ബന്ധപ്പെട്ട് ബാലചന്ദ്രകുമാറിന് ദേഷ്യമുള്ളതായി അറിയില്ല. സിനിമ വൈകുന്നതിൽ ബാലചന്ദ്രകുമാറിന് മാനസിക ബുദ്ധിമുട്ട് ഉണ്ടായിരുന്നു.
ദിലീപിന്റെ സത്യവാങ്മൂലത്തിലെ മറ്റൊരു പരാമർശവും റാഫി തള്ളി. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം നെഗറ്റീവ് ക്യാരക്ടർ ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു എന്ന് ദിലീപ് സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. എന്നാൽ ബാലചന്ദ്രകുമാറിന്റെ ചിത്രത്തിലെ കഥാപാത്രത്തിനോട് ദിലീപിന് താല്പര്യം ഉണ്ടായിരുന്നു എന്ന് റാഫി വെളിപ്പെടുത്തി.
പിക് പോക്കറ്റ് ' സിനിമയിൽ നിന്ന് ദിലീപ് പിന്മാറിയതിൽ ബാലചന്ദ്രകുമാറിന് വിഷമമുണ്ടായിരുന്നുവെന്നും, വൈരാഗ്യമുള്ളതായി അറിയില്ലെന്നും മൊഴി നൽകിയ ശേഷം പുറത്തിറങ്ങിയ റാഫി പ്രതികരിച്ചു.' പറക്കും പപ്പൻ എന്ന സിനിമയിലേക്ക് കൂടുതൽ ശ്രദ്ധിക്കാൻ നിർമ്മാതാക്കളായ കാർണിവൽ ഗ്രൂപ്പ് നിർദേശിച്ചതനുസരിച്ചാണ് അതിൻ്റെ തിരക്കഥയിലേക്ക് മാറിയതെന്നും റാഫി പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൻ്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ പുതിയ നീക്കങ്ങളിലാണ് ക്രൈംബ്രാഞ്ച്. ദീലീപിനെ ചോദ്യം ചെയ്യുന്നതിനൊപ്പം തന്നെ ദിലീപുമായി അടുപ്പമുള്ള സിനിമാ മേഖലയിലെ കൂടുതൽ പേരെ ചോദ്യം ചെയ്യുന്ന നടപടികളിലേക്ക് കടന്നിരിക്കുകയാണ് ക്രൈംബ്രാഞ്ച്. സംവിധായകൻ റാഫി, ദിലീപിൻ്റെ പ്രൊഡക്ഷൻ കമ്പനിയായ ഗ്രാൻ്റ് പ്രൊഡക്ഷൻസിലെ ജീവനക്കാർ എന്നിവരെ ഇന്ന് ചോദ്യം ചെയ്തു. തുടരന്വേഷണ സാദ്ധ്യതകൾ മങ്ങിയിട്ടില്ലെന്നും, കേസിൽ ശാസ്ത്രീയ ശബ്ദ പരിശോധനയ്ക്ക് വിധേയരായവരുമായി അടുപ്പമുള്ളവരെയാണ് വിളിച്ചു വരുത്തുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി മോഹനചന്ദ്രൻ പറഞ്ഞു .
ദിലീപ് , സഹോദരൻ അനൂപ് , സഹോദരി ഭർത്താവ് സൂരജ് , ഡ്രൈവർ അപ്പു , സുഹൃത്ത് ബൈജു എന്നിവരെ രണ്ടാം ദിവസവും വിശദമായി ചോദ്യം ചെയ്തു . ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിൽ ഉള്ള കാര്യങ്ങളിൽ ചിലത് ചോദ്യം ചെയ്യലിന് വിധേയരായവരിലൊരാൾ സമ്മതിച്ചിട്ടുള്ളതായാണ് വിവരം . ഈ മൊഴി മജിസ്ട്രേറ്റിന് മുന്നിലും രേഖപ്പെടുത്തിയേക്കും. ദിലീപിനെയും, മറ്റ് നാല് പ്രതികളെയും ചോദ്യം ചെയ്യുന്നത് നാളെയും തുടരും.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.