കൊച്ചി: നടിയെ ആക്രമിച്ച കേസിലെ (Actress Attack case) തുടരന്വേഷണം നീട്ടിക്കാണ്ടുപോകാനാവില്ലെന്ന് ഹൈക്കോടതി (Kerala High Court). തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന് ദിലീപ് (Dileep) സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം. ഈ കേസില്‍ മാത്രം എന്താണ് ഇത്ര പ്രത്യേകതയെന്നും ഒരു സാക്ഷിയുടെ വെളിപ്പെടുത്തലില്‍ മാത്രം എന്താണ് ഇത്ര അന്വേഷിക്കാനെന്നും കോടതി ചോദിച്ചു. തുടരന്വേഷണം പൂര്‍ത്തിയാക്കി മാര്‍ച്ച് ഒന്നിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കിക്കൂടേയെന്നും കോടതി ചോദിച്ചു.
കേസിലെ അന്വേഷണം അവസാനഘട്ടത്തിലാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് പി എ ഷാജി കോടതിയെ അറിയിച്ചു.20 സാക്ഷികളുടെ മൊഴിയടുപ്പ് പൂര്‍ത്തിയാക്കി. ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനയാണ് ബാക്കിയുള്ളത്. അന്വേഷണം പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് കോടതി സമയക്രമം നിശ്ചയിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും ഡി.ജി.പി കോടതിയെ അറിയിച്ചു. ക്രൈബ്രാഞ്ച് എടുത്ത കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുണ്ടായ കാലവിളംബം കേസ് അന്വേഷണം വൈകിപ്പിയ്ക്കാന്‍ കാരണമാകുന്നുണ്ടെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. ശബ്ദപരിശോധന അടക്കം പൂര്‍ത്തിയാക്കാനുണ്ട്. ഈ സാഹചര്യത്തില്‍ മാര്‍ച്ച് ഒന്നിന് അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിയുമോയെന്നതില്‍ ഉറപ്പില്ലെന്നും പ്രോസിക്യൂഷന് അറിയിച്ചു.
തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ഇനി എത്രസമയം കൂടി വേണ്ടിവരുമെന്ന് കോടതി ചോദിച്ചു. നിലവില്‍ രണ്ടുമാസം ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞിരിയ്ക്കുന്നു. വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി നാലുവട്ടം സമയം നീട്ടി നല്കി. കേസില്‍ അന്വേഷണം നടന്നുവന്ന നാലുവര്‍ഷം ബാലചന്ദ്രകുമാര്‍ എവിടെയായിരുന്നു എന്നും കോടതി ചോദിച്ചു.
ദിലീപുമായി എതിര്‍പ്പുണ്ടായതിനാലാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തല്‍ നടത്തിയതെന്ന് ഡി.ജി.പി പറഞ്ഞു. മുന്‍കൂര്‍ ജാമ്യം കിട്ടി ഫോണ്‍ ഹാജരാക്കുന്നതിന് മുന്‍പ് ഫോണ്‍ ഫോര്‍മാറ്റ് ചെയ്താണ് കൈമാറിയത്. ഒരു ഫോണ്‍ നശിപ്പിയ്ക്കുകയും ചെയ്തു. ഇവയെല്ലാം കേസന്വേഷണത്തെ ദോഷകരമായി ബാധിയ്ക്കുന്നതായും പ്രോസിക്യൂഷന് പറഞ്ഞു. നിലവിൽ പരിശോധന പൂർത്തിയാക്കിയ ഫോണുകളിൽ നിന്നും അന്വേഷണത്തെ സഹായിയ്ക്കുന്ന തെളിവുകൾ ലഭിച്ചതായും ഡി.ജി.പി അറിയിച്ചു. കേസില്‍ കക്ഷി ചേര്‍ന്ന ആക്രമണത്തിനിരയായ നടിയും ദിലീപിന്റെ ഹര്‍ജിയെ ശക്തമായി എതിര്‍ത്തു. കേസിലെ തുടരന്വേഷണം റദ്ദാക്കാന്‍ ആവശ്യപ്പെടാന്‍ പ്രതിയ്ക്ക് അവകാശമില്ലെന്ന് നടി വാദിച്ചു. തുടര്‍ന്ന് കേസ് മറ്റന്നാള്‍ പരിഗണിയ്ക്കാനായി മാറ്റി.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ സഹോദരന് അനൂപ് ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായി. ഇത് രണ്ടാം തവണയാണ് അനൂപിനെ ചോദ്യം ചെയ്യലിനായി ക്രൈം ബ്രാഞ്ച് വിളിച്ചു വരുത്തുന്നത്. കാര്‍ണിവല്‍ ഗ്രൂപ്പ് ഉടമ ശ്രീകാന്ത് ഭാസിയും ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായി. കാര്‍ണിവല്‍ ഗ്രൂപ്പ് ഉടമ ശ്രീകാന്ത് ഭാസിക്ക് ദിലീപുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.
അനൂപിന്റെ ഫോണിന്റെ ഫോറന്‍സിക് പരിശോധനാ ഫലം അടിസ്ഥാനമാക്കിയാണ് മൊഴിയെടുക്കുന്നത്. കേസില്‍ ദിലീപ്, അനൂപ് എന്നിവരടക്കമുള്ള പ്രതികള്‍ക്ക് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിനെയും അനൂപിനെയും ചോദ്യംചെയ്ത ശേഷം നടന് ദിലീപിനെയും ഈയാഴ്ച്ച ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.