കൊച്ചി: ദിലീപിന്റെ (Dileep) അഭിഭാഷകൻ ബി. രാമന്‍പിള്ളക്കെതിരേ (B Raman Pillai) ബാര്‍ കൗണ്‍സിലില്‍ (Bar Council) പരാതിയുമായി അക്രമിക്കപ്പെട്ട നടി (Actress). കേസിലെ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും മുതിര്‍ന്ന അഭിഭാഷകനായ രാമന്‍പിള്ള നേതൃത്വം നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്. ഇത് അഭിഭാഷക വൃത്തിയുടെ ചട്ടങ്ങളുടെ ലംഘനമാണെന്നും പരാതിയില്‍ നടി ചൂണ്ടിക്കാട്ടുന്നു.
ദിലീപ് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധന നടത്തിയതിന്റെ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിലാണ് തെളിവുകള്‍ നശിപ്പിക്കാന്‍ അഭിഭാഷകരടക്കം കൂട്ടുനിന്നുവെന്ന ഗുരുതരമായ ആരോപണം പുറത്തുവന്നത്. ഈ പശ്ചാത്തലത്തിലാണ് നടി ബാര്‍ കൗണ്‍സിലിനെ സമീപിച്ചിരിക്കുന്നത്. ബാര്‍ കൗണ്‍സില്‍ സെക്രട്ടറിക്കാണ് നടി പരാതി നല്‍കിയിരിക്കുന്നത്.
ബാര്‍ കൗണ്‍സില്‍ അംഗമായ മുതിര്‍ന്ന അഭിഭാഷകന്‍ ബി രാമന്‍പിള്ള അടക്കമുള്ളവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടുകൊണ്ടാണ് നടിയുടെ പരാതി. ഈ അഭിഭാഷകര്‍ അഭിഭാഷകവൃത്തിയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നാണ് നടി പരാതിയില്‍ പറയുന്നത്.
കേസിലെ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും അഭിഭാഷകര്‍ തന്നെ നേതൃത്വം നല്‍കുന്ന സാഹചര്യമുണ്ടായി. ഇതാണ് തെളിവുകള്‍ സഹിതം പുറത്തേക്ക് വന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഈ അഭിഭാഷകര്‍ക്കെതിരേ ബാര്‍ കൗണ്‍സില്‍ നടപടിയെടുക്കണമെന്നാണ് നടിയുടെ ആവശ്യം. എന്നാല്‍, പരാതി സംബന്ധിച്ച് ബാര്‍ കൗണ്‍സില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
നേരത്തെ കേസിൽ രാമന്‍പിള്ളക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ അഭിഭാഷകര്‍ തന്നെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇത്തരത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞാണ് ഹൈക്കോടതി അഭിഭാഷകര്‍ പ്രതിഷേധിച്ചത്. കൂടുതൽ വെളിപ്പെടുത്തലുമായി സംവിധായകൻ ബാലചന്ദ്രകുമാർ രംഗത്തെത്തിയതോടെയാണ് കേസ് വീണ്ടും ശ്രദ്ധ നേടിയത്. തുടരന്വേഷണം അനുവദിക്കരുതെന്ന ദിലീപിന്റെ ഹർജി കോടതി തള്ളിയിരുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.