• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അടിമാലി കുഞ്ഞൻപിള്ള കൊലക്കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി

Ardra S | news18
Updated: May 15, 2018, 11:13 PM IST
അടിമാലി കുഞ്ഞൻപിള്ള കൊലക്കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി
Ardra S | news18
Updated: May 15, 2018, 11:13 PM IST


ഇടുക്കി: അടിമാലിയിൽ കൃഷിയിടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ  മധ്യവയസ്‌കന്റെ മരണം കൊലപാതകമെന്ന് പോലീസ്. പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് പ്രകാരം മൃതദേഹത്തില്‍ 27 മുറിവുകളുണ്ടായിരിന്നു. ഇതിൽ നിന്ന്  ഇയാളെ വെട്ടിയും കുത്തിയുമാണു കൊലപ്പെടുത്തിയതെന്ന് വ്യക്തമായി. തുമ്പിപ്പാറയ്ക്കു സമീപം താമസിക്കുന്ന കൊച്ചുവീട്ടില്‍ കുഞ്ഞന്‍പിള്ളയുടെ മൃതദേഹമാണു ഞായറാഴ്ച ഒരു കിലോമീറ്റര്‍ അകലെയുള്ള വായ്ക്കലാംകണ്ടം കൃഷിയിടത്തില്‍ കണ്ടെത്തിയത്.



ദിവസവും ജോലിക്ക് പോകുന്ന വഴിയോടു ചേര്‍ന്നുള്ള വിജനമായ കൃഷിയിടത്തിലാണ് കമിഴ്ന്നു കിടക്കുന്ന രീതിയില്‍ മൃതദേഹം കണ്ടെത്തിയത്. സമീപത്തുള്ള പാറയുടെ മുകളില്‍നിന്നു തെന്നി വീണതാകാമെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. വിശദമായ പരിശോധനയിലാണ് അരുംകൊലയാണു നടന്നതെന്നു വ്യക്തമായത്. പിന്നില്‍നിന്നും പൊടുന്നനെയുണ്ടായ ആക്രമണമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണു സൂചന.


മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള വെട്ടിലും കുത്തിലുമായി ആഴത്തിലുള്ള ഇരുപത് മുറിവുകളുണ്ട്. കൂടാതെ നിലത്ത് ഉരഞ്ഞ നിലയിലാണ് ബാക്കിയുള്ള മുറിപ്പാടുകള്‍. കഴുത്തിലേറ്റ ശക്തമായ വെട്ട് മൂലം ശിരസ് മുറിഞ്ഞു തൂങ്ങാറായ നിലയിലായിരുന്നുവെന്നും പൊലീസ് പറയുന്നു. മൃതദേഹം കണ്ട സ്ഥലത്തു തന്നെയാണ് കൊലപാതകം നടന്നതെന്ന നിഗമനത്തിലാണു പോലീസ്.  ശക്തമായ മഴയില്‍ മുറിവുകളിലൂടെ ആന്തരാവയങ്ങളില്‍ വെള്ളം കയറി രണ്ടു ദിവസം കൊണ്ട് തന്നെ മൃതദേഹം അഴുകി പുഴുനിറഞ്ഞ നിലയിലായിരുന്നു.


അടിമാലിയിലെ വ്യാപാര സ്ഥാപനത്തിലെ ജോലിക്കാരനായിരുന്ന കുഞ്ഞന്‍പിള്ള വെള്ളിയാഴ്ച ജോലിക്കെത്തിയിരുന്നതായി സ്ഥാപന ഉടമ പോലീസിനോടു പറഞ്ഞു. ശനിയാഴ്ച രാവിലെ ഏഴരയോടെ വീട്ടില്‍നിന്ന് ഇറങ്ങിയതായി ഇളയ മകന്‍  മൊഴി നല്‍കിയിട്ടുണ്ട്. സ്ഥിരമായി കുഞ്ഞന്‍പിള്ളയുടെ വീട്ടില്‍ വഴക്കുണ്ടായിരുന്നതായും ഭാര്യയും മൂത്ത മകനും കുടുംബവും സമീപത്തെ മറ്റൊരു വീട്ടിലാണ്  മാസങ്ങളായി താമസിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. ‌ഇളയ മകന്‍ ഏതാനും നാളുകള്‍ക്കു മുന്‍പ് പീഡന കേസില്‍ ഉള്‍പ്പെട്ടിരുന്നു. ഇയാള്‍ സ്ഥലത്തില്ലാത്ത സന്ദര്‍ഭത്തില്‍ വസ്തു വീതം വച്ചതും കുടുംബ വഴക്കിനു കാരണമായിരുന്നു.


 ഇന്നലെ വൈകിട്ടോടെ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും പോസ്റ്റുമോര്‍ട്ടം ചെയ്ത ശേഷം മൃതദേഹം രാത്രിയോടെ സംസ്‌കരിച്ചു. ആലപ്പുഴയില്‍ നിന്നുള്ള ഫോറന്‍സിക് വിദഗ്ധരാണ് സംഭവ സ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചത്.  ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാല്‍, ഡിെവെ.എസ്.പി: എസ്. അഭിലാഷ്, സി.ഐ: പി.കെ. സാബു, എസ്.ഐ: അബ്ദുള്‍ സത്താര്‍ എന്നിവരുടെ നേതൃത്വത്തില്‍ പല സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍  കുറ്റവാളികളെ കണ്ടെത്തുമെന്ന് എസ്.പിവേണുഗോപാല്‍  പറഞ്ഞു.

First published: May 15, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍