പ്രണയദിനത്തിൽ ഭാര്യയ്ക്കും മകനുമൊപ്പം പുറത്തു പോയി ഭക്ഷണം കഴിച്ചു. വീട്ടിൽ തിരിച്ചെത്തി ഭാര്യയെ ഭർത്താവ് കണംകൈ മുറിച്ച് കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗാസിയാബാദിലാണ് സംഭവം.
ഗാസിയാബാദ് സ്വദേശിയായ ദേവ്ജീത്ത് ദത്ത്(36)ആണ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വാലന്റൈൻസ് ഡേ ആയ ഞായറാഴ്ച്ച ഭാര്യയ്ക്കും മകനുമൊപ്പം പുറത്തു പോയി ഭക്ഷണം കഴിച്ച് രാത്രിയാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയത്.
ഉച്ച ഭക്ഷണത്തിന് ശേഷം കരോൾബാഗിലുള്ള ഭാര്യയുടെ വീട്ടിലെത്തി മകനെ അവിടെ നിർത്തിയ ശേഷമാണ് ദമ്പതികൾ വീട്ടിലേക്ക് മടങ്ങിയത്. രാത്രി പതിനൊന്ന് മണിയോടെയാണ് സെക്ടർ 5 വൈശാലി റസിഡൻസിൽ ഇരുവരും എത്തിയത്.
ഉറങ്ങിക്കിടന്ന ഭാര്യയുടെ കണംകൈ മുറിച്ചാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. ഇതിന് ശേഷം ദേവ്ജീത്ത് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
തിങ്കളാഴ്ച്ച രാവിലെ അയൽവാസികളാണ് ദേവ്ജീത്തിനേയും ഭാര്യയേയും രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. രാവിലെ വീട്ടിൽ നിന്നും ഇരുവരേയും പുറത്തു കാണാത്തതിനെ തുടർന്നാണ് അയൽവാസികൾ വാതിൽ കുത്തിപ്പൊളിച്ച് അകത്തു കടന്നത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
You may also like:തിരുക്കുറൾ ഈരടികൾ കാണാതെ ചൊല്ലാമോ? എന്നാൽ ഇവിടെ പെട്രോൾ ഫ്രീയായി കിട്ടും
പൊലീസ് എത്തുമ്പോൾ ദേവ്ജീത്ത് അബോധാവസ്ഥയിലായിരുന്നു. അടുത്ത് ഭാര്യ മരിച്ചു കിടക്കുന്നു. വിവരം അറിഞ്ഞ് ഇരുവരുടേയും ബന്ധുക്കളും സ്ഥലത്തെത്തി. പൊലീസെത്തിയാണ് ദേവ്ജീത്തിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു.
ദേവ്ജീത്തിനെതിരെ കൊലപാതകത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭാര്യയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ദേവ്ജീത്തിന്റെ ആത്മഹത്യാ കുറിപ്പിനെ അടിസ്ഥാനമാക്കിയാണ് അന്വേഷണം.
You may also like:'വാട്സ്ആപ്പ് മാമനെ' വിശ്വസിച്ചു; കൊറോണ കുറയാൻ അമ്മയും മക്കളും സ്വന്തം മൂത്രം കുടിച്ചു
അതേസമയം, യുവതിയുടെ കുടുംബവും ദേവ്ജീത്തിനെതിരെ പരാതി നൽകിയിട്ടുണ്ട്.
മറ്റൊരു സംഭവത്തിൽ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കോഴിക്കോട് കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പില്‍ മുഹ്സിലയാണ് മരിച്ചത്. ഭര്‍ത്താവ് ഷഹീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നു രാവിലെയായിരുന്നു സംഭവം. ആറു മാസം മുൻപായിരുന്നു ഇരുവരുടേയും വിവാഹം. ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നെന്നും ഷഹീറിന് സംശയ രോഗമുണ്ടായിരുന്നതായും പൊലീസ് പറയുന്നു.
ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പുലർച്ചയോടെ ഷഹീറിന്റെ മുറിയിൽ നിന്നും വലിയ ശബ്ദം കേട്ട് തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്നു മാതാപിതാക്കൾ എഴുന്നേറ്റ് വന്ന് വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ഷഹീർ കൂട്ടാക്കിയില്ല. തുടർന്ന് ഇവർ അടുത്ത വീടുകളിലുള്ള ബന്ധുക്കളെ വിളിച്ചുവരുത്തിയതോടെ ഷഹീർ വാതിൽ തുറന്ന് പുറത്തേക്ക് ഓടുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ മുറിയുടെ അകത്തേക്ക് കയറി നോക്കുമ്പോഴാണ് മുഹ്സിലയെ രക്തത്തിൽ കുളിച്ച് കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ഇവർ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
പുറത്തേക്ക് ഓടിയ ഷഹീറിനെ ബന്ധുക്കൾ പിടികൂടുകയായിരുന്നു. മുക്കം പൊലിസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. മലപ്പുറം ഒതായി സ്വദേശിനിയാണ് കൊല്ലപ്പെട്ട മുഹ്സില.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime, Murder, Valentine day