കരിപ്പൂര്‍: അടിവസ്ത്രത്തില്‍ സ്വര്‍ണം(Gold) ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച വിമാന ജീവനക്കാരി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍(Arrest) ആയി. മലപ്പുറം സ്വദേശിനി മുപ്പതു വയസ്സുകാരി ഷഹാന പി ആണ് പിടിയില്‍ ആയത്. തിങ്കളാഴ്ച ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേക്ക് വന്ന ഐ എക്സ് 354 വിമാനത്തിലെ ജീവനക്കാരിയെ ആണ് എയര്‍പോര്‍ട്ട് ഇന്റലിജന്‍സ് അധികൃതര്‍ പിടികൂടിയത്.
ഐ എക്സ് 354 വിമാനത്തിലെ ക്രൂ അംഗമായ ഇവര്‍ 2.4 കിലോഗ്രാം സ്വര്‍ണം മിശ്രിത രൂപത്തില്‍ ആണ് കടത്താന്‍ ശ്രമിച്ചത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണ്ണം കടത്തിയത്. മിശ്രിതത്തില്‍ നിന്ന് വേര്‍തിരിച്ച് എടുത്ത സ്വര്‍ണത്തിന് 2054 ഗ്രാം തൂക്കം വരും.
99 ലക്ഷം രൂപ ആണ് വിപണി മൂല്യം കണക്കാക്കുന്നത്. യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തില്‍ കസ്റ്റംസ് കൂടുതല്‍ അന്വേഷണം തുടങ്ങി.
Also Read-വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
ഒരു വർഷത്തിലേറെയായി കാണാതായ വീട്ടമ്മയെ മലപ്പുറത്ത് കാമുകനൊപ്പം കണ്ടെത്തി
പയ്യന്നൂരിലെ കവ്വായിയിൽ നിന്ന് 2020 ജൂലൈയിൽ കാണാതായ വീട്ടമ്മയെ മലപ്പുറത്ത് കാമുകനൊപ്പം കണ്ടെത്തി. കവ്വായി സ്വദേശിനിയും രണ്ടു മക്കളുടെ അമ്മയുമായ കല്ലേന്‍ ഹൗസില്‍ പ്രസന്ന (49)യെയാണ് ഇളമ്ബച്ചി സ്വദേശിയായ അബ്ദുള്‍ റഹ്മാനോടൊപ്പം മലപ്പുറം കാലടിയില്‍ കണ്ടെത്തിയത്. കവ്വായിയിൽ പാചക തൊഴിലാളിയായിരുന്നു പ്രസന്ന.
2020 ജൂലായ് 11 ന് രാവിലെ മുതലാണ് പ്രസന്നയെ കാണാതായത്. പതിവു പോലെ കല്യാണ വീടുകളിലെ പാചക ജോലിക്കായി രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു പ്രസന്ന. വൈകുന്നേരമായിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ബാബു പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പൊലീസിന് ഒരു വിവരവും ലഭിച്ചിരുന്നില്ല.
അതിനിടെയാണ് തൃക്കരിപ്പൂര്‍ മാണിയാട്ട് വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പാചക തൊഴിലാളി അബ്ദുള്‍ റഹ്മാനെ (55)യും കാണാതായതായെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. ചില സ്ഥലങ്ങളിൽ ഒരുമിച്ച് പാചകജോലി ചെയ്തിരുന്ന പ്രസന്നയും അബ്ദുൽ റഹ്മാനും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും, ഇരുവരും ഒരുമിച്ച് നാടുവിടുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. എന്നാൽ ഇവർ എവിടെയാണെന്ന് കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല. ഫോൺ വഴി ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ഇരുവരും ബന്ധം പുലർത്തിയിരുന്നില്ല. ഇത് പൊലീസ് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇവരെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.
Also Read-Murder| കുളി കഴിഞ്ഞ് തോർത്ത് നൽകാൻ വൈകി; ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു
അതിനിടെയാണ് രണ്ടു ദിവസം മുമ്പ് സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച ചില രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പയ്യന്നൂർ പൊലീസ് മലപ്പുറം കാലടിയിൽനിന്ന് പ്രസന്നയെ കണ്ടെത്തുകയായിരുന്നു. സുബൈദ എന്ന പേരില്‍ ചായക്കട നടത്തുകയായിരുന്നു പ്രസന്ന. അബ്ദുള്‍ റഹ്മാന് ഉദുമ, കുടക്, മലപ്പുറം എടവണ്ണപ്പാറ എന്നിവിടങ്ങളില്‍ ഭാര്യമാരുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രസന്ന എന്ന സുബൈദ അബ്ദുള്‍ റഹ്മാനോടൊപ്പം പോകണമെന്ന് താൽപര്യം പറഞ്ഞതോടെ കോടതി അനുമതി നൽകുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.