ലോക്കറിൽ സൂക്ഷിച്ച സ്വർണ-വജ്രാഭരണങ്ങൾ മോഷണം പോയെന്ന് കാണിച്ചാണ് സംവിധായകയും രജനീകാന്തിന്റെ മകളുമായ ഐശ്വര്യ രജനീകാന്ത് പൊലീസിൽ പരാതി നൽകിയത്. ചെന്നൈയിലെ തന്റെ വീട്ടിൽ നിന്നാണ് ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടതെന്ന് സംവിധായകയുടെ പരാതിയിൽ പറയുന്നു.
അറുപത് പവൻ സ്വർണാഭരണങ്ങൾ, വജ്രാഭരണങ്ങൾ എന്നിവയടക്കമാണ് കാണാതായത്. വീട്ടിൽ സൂക്ഷിച്ച ആഭരണങ്ങൾ താൻ അവസാനമായി കണ്ടത് 2019 ലാണെന്ന് ഐശ്വര്യയുടെ പരാതിയിൽ പറയുന്നു. ഇളയ സഹോദരിയുടെ വിവാഹത്തിനായിരുന്നു അന്ന് ആഭരണങ്ങൾ ഉപയോഗിച്ചത്. അതിനു ശേഷം തിരിച്ച് ലോക്കറിൽ തന്നെ വെച്ചു.
2021 ഓഗസ്റ്റ് വരെ ചെന്നൈയിലെ സെന്റ് മേരി റോഡിലുള്ള കൃപ അപാർട്മെന്റിലായിരുന്നു ലോക്കറുണ്ടായിരുന്നത്. അതിനു ശേഷം ഭർത്താവായിരുന്ന ധനുഷിന്റെ സിഐടി നഗറിലുള്ള ഫ്ലാറ്റിലേക്ക് ലോക്കർ കൊണ്ടുവന്നു. സെപ്റ്റംബർ 29 വരെ ഇവിടെയായിരുന്നു ലോക്കർ സൂക്ഷിച്ചിരുന്നത്.
Also Read- ലോക്കറില്‍ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള ആഭരണങ്ങള്‍ കാണാനില്ല; ജീവനക്കാര്‍ക്കെതിരെ പരാതിയുമായി ഐശ്വര്യ രജനീകാന്ത്
സെപ്റ്റംബർ 30 ന് സെന്റ് മേരീസ് റോഡിലുള്ള അപാർട്മെന്റിലേക്ക് താമസം മാറി. 2022 ഏപ്രിൽ മാസത്തിൽ പൊയസ് ഗാർഡനിലുള്ള തന്റെ വീട്ടിലേക്ക് ലോക്കർ മാറ്റി. സെന്റ് മേരീസ് റോഡിലുള്ള അപാർട്മെന്റിലായിരുന്നു ലോക്കറിന്റെ താക്കോൽ സൂക്ഷിച്ചിരുന്നത്.
ജോലിക്കാരായ ഈശ്വരി, ലക്ഷ്മി, ഡ്രൈവർ വെങ്കട്ട് എന്നിവരെ സംശയമുണ്ടെന്നാണ് ഐശ്വര്യ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. താൻ വീട്ടിലില്ലാത്ത സമയങ്ങളിൽ ജോലിക്കാരാണ് വീട്ടിൽ വന്നുപോയിരുന്നത്. ലോക്കറിന്റെ താക്കോൽ സൂക്ഷിച്ചത് എവിടെയാണെന്ന് ഇവർക്ക് അറിയാം.
ഫെബ്രുവരി 10 ന് ലോക്കർ തുറന്നപ്പോഴാണ് ആഭരണങ്ങൾ മോഷണം പോയ കാര്യം അറിയുന്നത്. വിവാഹം കഴിഞ്ഞതിനു ശേഷം പതിനെട്ട് വർഷത്തിനിടയിൽ വാങ്ങിയ ആഭരണങ്ങളാണ് നഷ്ടമായതെന്നും സംവിധായകയുടെ പരാതിയിൽ പറയുന്നു. ഐശ്വര്യയുടെ പരാതിയിൽ ജോലിക്കാർക്കെതിരെ കേസെടുത്ത് തേനാംപേട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.