നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഉളി കൊണ്ടുളള മരണം; നേരിട്ടു തെളിവില്ലാത്ത കേസിൽ നിർണായകമായത് പോസ്റ്റുമോർട്ടം

  ഉളി കൊണ്ടുളള മരണം; നേരിട്ടു തെളിവില്ലാത്ത കേസിൽ നിർണായകമായത് പോസ്റ്റുമോർട്ടം

  സ്വാഭാവിക മരണം എന്ന നിലയിലാണ് ആദ്യം  ഈ സംഭവത്തെ പോലീസ് കണ്ടത്. എന്നാൽ പിന്നീട് നടന്ന പോസ്റ്റ്മോർട്ടം പരിശോധന സംഭവത്തിൽ നിർണായകമാവുകയായിരുന്നു.

  News 18 Malayalam

  News 18 Malayalam

  • Share this:
  വളരെ എളുപ്പത്തിൽ ഒരു സ്വാഭാവിക മരണം ആകുന്ന കേസാണ് നിർണായകമായ വഴിത്തിരിവിലൂടെ കൊലപാതകം എന്ന നിഗമനത്തിലേക്ക് എത്തിയത്. കോട്ടയം-ഇടുക്കി അതിർത്തിയിൽ പെരുവന്താനം മരുതുംമൂട്ടിൽ ആണ്  നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. യുവാവ് ഉളി കൊണ്ട് മരിച്ച സംഭവമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. മരുതുംമൂട് ആലപ്പാട്ട് ലിൻസൺ മരിച്ച സംഭവത്തിലാണ് പ്രതി മരുതുംമൂട് കുഴിവേലിമറ്റത്തിൽ അജോയെ പെരുവന്താനം പോലീസ് അറസ്റ്റ് ചെയ്തത്.

  സംഭവത്തിൽ നടന്ന നാടകീയതകളാണ് പോലീസിനെയും നാട്ടുകാരെയും ഞെട്ടിച്ചത്. വയറ്റിൽ ഉളി കൊണ്ട് മുറിവേറ്റ മരുതുംമൂട് സ്വദേശിയായ  ആലപ്പാട്ട് ലിൻസണെ സുഹൃത്തായ അജോയാണ് ആശുപത്രിയിൽ എത്തിച്ചത്. ജോലി ചെയ്യുന്നതിനിടെ വീണപ്പോൾ ഉളി കൊണ്ട് പരിക്കേറ്റു എന്നായിരുന്നു അജോ നൽകിയ മൊഴി. ആദ്യം പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ ലിൻസൺ ഗുരുതരാവസ്ഥയിലായിരുന്നു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് ഇദ്ദേഹത്തെ മാറ്റുകയായിരുന്നു. മെഡിക്കൽ കോളജിലും ഇതേ മൊഴി തന്നെയാണ് അജോ ആവർത്തിച്ചത്. പരിശോധിച്ച ഡോക്ടർമാർക്കും ഇതിൽ സംശയം ഒന്നും തോന്നിയിരുന്നില്ല. മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും ബോധം നഷ്ടപ്പെട്ടതിനാൽ ലിൻസൺ സംസാരിച്ചിരുന്നില്ല. ഇതോടെ സംഭവത്തെക്കുറിച്ച് നേരിട്ട് വിവരം ശേഖരിക്കുന്നതിന് പോലീസിനും കഴിയാതെയായി. വെള്ളിയാഴ്ച രാത്രി ലിൻസൺ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തു.

  സ്വാഭാവിക മരണം എന്ന നിലയിലാണ് ആദ്യം  ഈ സംഭവത്തെ പോലീസ് കണ്ടത്. എന്നാൽ പിന്നീട് നടന്ന പോസ്റ്റ്മോർട്ടം പരിശോധന സംഭവത്തിൽ നിർണായകമാവുകയായിരുന്നു. പോസ്റ്റ്മോർട്ടം പരിശോധന നടത്തിയ കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാരാണ് സംശയവുമായി രംഗത്തെത്തിയത്. ഈ സംശയമാണ് ലിൻസന്റെ മരണം കൊലപാതകമാണെന്ന് നിർണായക കണ്ടെത്തലിലേക്ക് എത്താൻ കാരണമായത്. ശരീരത്തിനുള്ളിലേക്ക് മഴു കയറിപ്പോയ രീതി കണ്ടാണ് ഇത് വീഴ്ചയിൽ പറ്റിയതല്ല എന്ന് ഡോക്ടർമാർ വിലയിരുത്തിയത്. ആരെങ്കിലും ബോധപൂർവ്വം കുത്തിയതാണെന്ന നിഗമനത്തിൽ ഡോക്ടർമാർ എത്തി. പോലീസിനെ അറിയിച്ചതോടെ പിന്നീട് നിർണായക അന്വേഷണങ്ങൾക്ക് പോലീസ് തന്നെ നേതൃത്വം നൽകി. സുഹൃത്തായ അജോയെ വീണ്ടും ചോദ്യം ചെയ്തതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. വഴിക്കിനിടെ അജോ നേരിട്ട്  ഇയാളെ കുത്തിയതാണെന്ന് നിർണായക മൊഴിയും നൽകി.

  സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെയാണ്. പ്രതിയായ  അജോ ആശാരിപ്പണിക്കാരനാണ്. ഇയാളുടെ മരുതുംമൂട്ടിലെ വർക് ഷോപ്പിൽ വച്ച് സുഹൃത്ത് കൂടിയായ മരിച്ച ലിൻസണുമായി വാക്കുതർക്കം ഉണ്ടായി.  അന്ന് പകലാണ് ആദ്യം വഴക്ക് ഉണ്ടായത്. സന്ധ്യയോടെ വീണ്ടും ലിൻസൺ അജോയുടെ വർക്ക്ഷോപ്പിലെത്തുകയും ഇവിടെ കിടന്ന ദിവാൻ കോട്ടിൽ കയറി കിടക്കുകയും ചെയ്തു. എഴുന്നേറ്റ് പോകാൻ അജോ ആവശ്യപ്പെട്ടെങ്കിലും ലിൻസൺ തയ്യാറായില്ല. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും അജോ ആശാരിപ്പണിക്ക് ഉപയോഗിക്കുന്ന ഉളി ഉപയോഗിച്ച് ലിൻസണെ കുത്തുകയുമായിരുന്നു.

  വയറ്റിനുള്ളിൽ ആഴത്തിലുണ്ടായ മുറിവും, ആന്തരികമായി രക്തം കട്ടപിടിച്ചതുമാണ് ലിൻസൻ്റെ മരണകാരണമെന്ന് പോസ്റ്റ്മോർട്ടം പരിശോധനയിൽ വ്യക്തമാക്കുകയായിരുന്നു. സംഭവത്തിൽ പ്രതിയായ അജോയെ പോലീസ് അറസ്റ്റ് ചെയ്ത് കൊലപാതകം നടന്ന വർഷോപ്പിൽ എത്തിച്ച് തെളിവെടുത്തു. പീരുമേട് ഡി വൈ എസ് പി സനൽ കുമാർ, പെരുവന്താനം എസ് എച്ച് ഒ വികെ ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
  Published by:Naveen
  First published:
  )}