കൊച്ചി: പെരുമ്പാവൂരിൽ മാവിൽ കല്ലെറിഞ്ഞ ഇതരസംസ്ഥാന തൊഴിലാളിയുടെ മകനെ മർദ്ദിച്ചതായി പരാതി. കണ്ടംതറ സ്വദേശി റഹീം എന്നയാളാണ് പശ്ചിമ ബംഗാൾ സ്വദേശിയായ പതിനാലുകാരനെ മർദ്ദിച്ചത്. സംഭവത്തിൽ സിഡബ്ല്യുസിയുടെ നിർദേശത്തെ തുടർന്ന് പെരുമ്പാവൂർ പൊലീസ് കേസെടുത്തു. ഈ മാസം 18-നു രാത്രി എട്ടുമണിയോടെയിരുന്നു സംഭവം.
സംഭവത്തിനു തലേദിവസം പതിനാലുകാരനും സുഹൃത്തുക്കളും ചേർന്ന് റഹീമിന്‍റെ വീട്ടുവളപ്പിലെ മാവിൽ കല്ലെറിഞ്ഞിരുന്നു. ഇതിൽ ഒന്ന് റഹീമിന്‍റെ തലയിൽ വീണ് പരിക്കേറ്റെന്ന് ആരോപിച്ച് റഹീമും സംഘവും കാറിലെത്തി കുട്ടിയെ പിടിച്ചുകൊണ്ടുപോയി ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളിൽ വച്ച് മർദ്ദിക്കുകയായിരുന്നു. മുഖത്തും, കഴുത്തിലും , വയറ്റിലുമാണ് മർദ്ദനം. എന്നാല്‍ അവിടുന്ന രക്ഷപ്പെട്ട കുട്ടി കോളനിക്കുള്ളിലെ പലചരക്ക് കടയിൽ അഭയംതേടിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
പരിക്കേറ്റ കുട്ടിയെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നൽകി. കുട്ടിയുടെ പരിക്ക് ഗുരുതരമല്ല. നാല് മാസം മുമ്പാണ് പതിനാലുകാരൻ അമ്മയോടൊപ്പം പെരുന്പാവൂരിൽ എത്തിയത്. പശ്ചിമബംഗാൾ മൂർഷിതാബാദാണ് സ്വദേശം. കണ്ടംതറയിൽ വിറക് കച്ചവടം നടത്തുന്ന ആളാണ് പ്രതിയായ റഹീം. പ്രോഗ്രസീവ് വർക്കേഴ്സ് ഓർഗനൈസേഷൻ ചെയർപേഴ്സണാണ് സിഡബ്ല്യുസിയെയും പൊലീസിലും വിവരമറിയിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.