പത്തനംതിട്ട: വീട്ടിൽ നിന്ന് പണം മോഷ്ടിച്ചെന്ന സംസശയത്തിൽ വയോധികനെ സുഹൃത്ത് തല്ലിക്കൊന്നു. തേപ്പുപാറ സ്വദേശി വിലങ്ങു മണി എന്നറിയപ്പെടുന്ന മണിക്കുട്ടന്‍(60) ആണ് മരിച്ചത്. സംഭവത്തിൽ ഏഴംകുളം ഒഴുകുപാറ കൊടന്തൂർ കിഴക്കേക്കര വീട്ടിൽ സുനിൽ കുമാറിനെ(42) പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച പുലർച്ചെയാണ് മണിക്കുട്ടന്റെ മൃതദേഹം കണ്ടെത്തിയത്. സുനിലും മണിക്കുട്ടനും പതിവായി ഒരുമിച്ച് മദ്യപിക്കാറുണ്ട്. ഈ മാസം ആദ്യ ആഴ്ച സുനിലിന്റെ വീട്ടിൽ മദ്യപിക്കാനെത്തിയ മണി അവിടെനിന്ന് 12,000 രൂപ മോഷ്ടിച്ചതായി സംശയമുണ്ടായി. തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
Also Read-സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച തൃശൂരിലെ മർദന ദൃശ്യങ്ങളിലെ ലോറി ഡ്രൈവർക്കെതിരെ പോക്സോ കേസ്
മർദനത്തിൽ മണിക്കുട്ടൻ മരിച്ചെന്ന് അറിഞ്ഞപ്പോൾ വീടിന് സമീപത്തെ വഴിയരികിൽ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് വീടും മുറികളും കഴുകി വൃത്തിയാക്കിയിട്ടു. വഴിയരികിൽ മൃതദേഹംകണ്ട നാട്ടുകാരും പഞ്ചായത്തംഗവുമാണ് പൊലീസിൽ വിവരമറിയിച്ചത്. മുറിവുകൾ കണ്ടതിനെ തുടർന്ന് മൃതദേഹം പോലീസ് പരിശോധനയ്ക്ക് അയച്ചു.
കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന പരിശോധനയിൽ മർദനംമൂലം വാരിയെല്ലുകൾ ഒടിയുകയും ആന്തരിക രക്തസ്രാവം ഉണ്ടാകുകയും ചെയ്തതായി തെളിഞ്ഞു. ഇതോടെയാണ് മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. സംഭവത്തിൽ പൊലീസിന്റെ ചോദ്യങ്ങൾക്ക് സുനിൽ പരസ്പരവിരുദ്ധമായ മറുപടി നൽകിയത് സംശയത്തിനിടയാക്കി. കസ്റ്റഡിയിൽ എടുത്ത് ചോദ്യംചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.