ഹൈദരാബാദ്: ഹൈദരാബാദിലെ കൊണ്ടാപ്പൂരിൽ നാല് യുവാക്കൾ ചേർന്ന് യുവതിയെ അതിക്രൂരമായി പീഡിപ്പിച്ചു. എന്നാൽ മറ്റൊരു സ്ത്രീയാണ് ഈ ക്രൂരകൃത്യം ആസൂത്രണം ചെയ്തതെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്. ഗായത്രി എന്ന സ്ത്രീ ഇരയായ യുവതിയെ പീഡിപ്പിക്കാൻ നാല് യുവാക്കളെ വാടകയ്ക്കെടുക്കുകയായിരുന്നു. മുൻകൂട്ടി ആസൂത്രണം ചെയ്താണ് ഇവർ ഇരയെ പീഡിപ്പിച്ചത്.
ഗായത്രിയും ഭർത്താവും പീഡനത്തിനിരയായ പെൺകുട്ടിയും കൊണ്ടാപ്പൂരിൽ ഒരേ കോളനിയിലാണ് താമസിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഗായത്രിയുടെ ഭർത്താവും ഇരയാക്കപ്പെട്ട പെൺകുട്ടിയും ചുരുങ്ങിയ സമയത്തിനുള്ളിൽ സുഹൃത്തുക്കളായി.
ചില ആരോഗ്യ പ്രശ്നങ്ങൾ കാരണം ഗായത്രിയ്ക്ക് ഇടയ്ക്കിടെ അസുഖങ്ങൾ ഉണ്ടാകുമായിരുന്നു. ഈ സാഹചര്യത്തിൽ ഗായത്രിയ്ക്ക് സഹായത്തിനായി പെൺകുട്ടിയെ ശ്രീകാന്ത് കൊണ്ടാപൂരിലെ വീട്ടിലേക്ക് ക്ഷണിച്ചു. അതനുസരിച്ച്, ഇരയായ പെൺകുട്ടി 2022 ഫെബ്രുവരി വരെ ഗായത്രിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇതിനിടയിൽ ഭർത്താവ് ശ്രീകാന്തിന്റെയും ഇരയുടെയും പെരുമാറ്റത്തിൽ ഗായത്രിയ്ക്ക് ചില സംശയങ്ങൾ തോന്നി തുടങ്ങി. ഇക്കാരണത്താൽ ഏപ്രിൽ 24ന് ഗച്ചിബൗളി പൊലീസ് സ്റ്റേഷനിൽ ഇരയ്ക്കെതിരെ പരാതിയും നൽകി.
അടുത്തിടെ കേസ് പിൻവലിക്കുന്ന കാര്യം ചർച്ച ചെയ്യാനെന്ന വ്യാജേന ഇരയെയും കുടുംബാംഗങ്ങളെയും ഗായത്രി വീട്ടിലേക്ക് ക്ഷണിച്ചു. കുറച്ചു നേരം അവരുമായി ചർച്ച നടത്തിയ ശേഷം, മുൻകൂട്ടി ആസൂത്രണം ചെയ്ത രീതിയിൽ ഗായത്രി ഇരയെ വീട്ടിലെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് വാടകയ്ക്കെടുത്ത നാല് യുവാക്കൾ ചേർന്ന് ഇരയെ ആക്രമിക്കുകയായിരുന്നു. ഒരു തുണികൊണ്ട് ഇരയുടെ വായ പൊത്തിയ ശേഷം അവർ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവം ഗായത്രി മൊബൈൽ ഫോണിൽ പകർത്തി. ഇക്കാര്യങ്ങൾ ആരോടെങ്കിലും പറഞ്ഞാൽ വീഡിയോ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുമെന്നും ഗായത്രി ഇരയെ ഭീഷണിപ്പെടുത്തിയിരുന്നു.
സാരമായി പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുകാർ പോലീസിൽ പരാതി നൽകി. സംഭവത്തിൽ ഗായത്രിയും നാല് യുവാക്കളും ഉൾപ്പെടെയുള്ള പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം.
കഴിഞ്ഞ വർഷം ഉത്തർപ്രദേശിൽ ലൈംഗിക അതിക്രമം ചെറുത്ത സ്ത്രീയെ ആസിഡ് കുടിപ്പിച്ചും കുത്തിയും കൊലപ്പെടുത്താൻ ശ്രമം നടത്ത വാർത്ത പുറത്തു വന്നിരുന്നു. പീഡനം തടയാനുള്ള ശ്രമത്തിനിടെ മുപ്പതുകാരിയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തിൽ ഇവരുടെ അയൽവാസിയായ സതേന്ദ്ര എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരയായ സ്ത്രീയുടെ ഭർത്താവ് ഡൽഹിയിലാണ് ജോലി ചെയ്യുന്നത്. മൂന്ന് മക്കൾക്കൊപ്പമാണ് യുവതി കഴിഞ്ഞുവന്നിരുന്നത്. അക്രമം നടന്ന ദിവസം രാത്രിയോടെ പ്രതി സതേന്ദ്ര ഇവരുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനെ യുവതി എതിർത്തതോടെ ബലപ്രയോഗത്തിലൂടെ ആസിഡ് കുടിപ്പിച്ചു. അതിക്രമത്തിൽ നിന്നും രക്ഷപ്പെടാൻ ബഹളം വച്ചതോടെ കത്തിയെടുത്ത് കുത്തുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.