നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Actor assault case | ദിലീപിന്റെ ജാമ്യ ഹർജിയിൽ ഉച്ചയ്ക്ക് വിധി; വീട്ടിൽ നടത്തിയ പരിശോധനകൾ നിർണ്ണായകമാകും

    Actor assault case | ദിലീപിന്റെ ജാമ്യ ഹർജിയിൽ ഉച്ചയ്ക്ക് വിധി; വീട്ടിൽ നടത്തിയ പരിശോധനകൾ നിർണ്ണായകമാകും

    മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാർ ഇന്ന് കോടതിയിൽ നിലപാട് വ്യക്തമാക്കും

    ദിലീപ്

    ദിലീപ്

    • Share this:
    കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെ മുൻകൂർ ജാമ്യഹർജിയിൽ (anticipatory bail plea) ഹൈക്കോടതി ഉച്ചയ്ക്ക് ശേഷം വിധി പറയും. വധഭീഷണിക്കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാൻ ഒരു ദിവസം ശേഷിക്കെയായിരുന്നു ഇന്നലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം നടന്റെ വീട്ടിലും സ്ഥാപനത്തിലുമടക്കം മിന്നൽ റെയ്ഡ് നടത്തിയത്.

    സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലെടുത്ത കേസിൽ ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാർ ഇന്ന് കോടതിയിൽ നിലപാട് വ്യക്തമാക്കും. ദിലീപിനും കേസിലെ  മറ്റ് പ്രതികൾക്കും മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് ക്രൈം ബ്രാഞ്ചും വാദിക്കും.

    കേസ് കെട്ടിച്ചമച്ചതാണെന്നും, നാല് വർഷത്തിനിപ്പുറമുണ്ടായ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിൽ ദുരുദ്ദേശമുണ്ടെന്നുമാണ് ദിലീപിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിട്ടുള്ളത്. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയതിലുള്ള പ്രതികാര നടപടിയാണ് കേസെന്നും വാദമുണ്ട്.

    നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണെന്നും ചൊവ്വാഴ്ച ജാമ്യാപേക്ഷ പരിഗണിച്ച വേളയിൽ ഹർജിക്കാരൻ കോടതിയെ അറിയിച്ചിരുന്നു. കേസിൽ ജനുവരി 14 വെള്ളിയാഴ്ച വരെ ദിലീപിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ട്.

    ദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, ബന്ധുക്കളായ സൂരജ്, അപ്പു, ദിലീപിന്റെ സുഹൃത്ത് ബൈജു ചെങമനാട് എന്നിവരും കേസിൽ അറസ്റ്റ് ഉണ്ടാകാമെന്ന സാഹചര്യം ചൂണ്ടിക്കാട്ടി മുൻകൂർ ജാമ്യം തേടിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപകടപ്പെടുത്താനായി ദിലീപും കൂട്ടരും ഗൂഢാലോചന നടത്തിയെന്ന ബാലചന്ദ്ര കുമാറിന്റ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്.



    ഡി.വൈ.എസ്.പി. ബൈജു പൗലോസിനെ വാഹനം കയറ്റി കൊല്ലുമെന്നും, എസ്.പി. കെ.എസ്.സുദര്‍ശന്റെ കൈവെട്ടുമെന്നും ദിലീപ് ഭീഷണി മുഴക്കിയതായി ബാലചന്ദ്രകുമാറിന്റെ മൊഴിയായി എഫ്.ഐ.ആറിൽ രേഖപ്പെടുത്തിട്ടുണ്ട്. താൻ ഇത് നേരിട്ട് കാണുകയും കേൾക്കുകയും ചെയ്തു. ദിലീപിന്റെ ആലുവയിലെ വീട്ടിൽ വെച്ചായിരുന്നു ഇതെന്നും ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ പറയുന്നു.

    അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് പരാതിക്കാരന്‍. നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ  അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന മൊഴിയിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ദിലീപിനെതിരെ ക്രൈം ബ്രാഞ്ച് പുതിയ കേസ് രജിസ്റ്റർ ചെയ്തത്.

    2017 നവംബര്‍ 15ന് രാത്രി ദിലീപിന്റെ ആലുവയിലെ വീട്ടില്‍ വെച്ച് ഗൂഢാലോചന നടത്തിയെന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി. കേസിൽ മൊത്തം ആറു പ്രതികളാണ്; ദീലീപ്, അനുജൻ അനൂപ്, ബന്ധുക്കളായ സൂരജ്, അപ്പു, ദിലീപിന്‍റെ സുഹൃത്തായ ബൈജു ചെങ്ങമനാട് പിന്നെ ഇനിയും തിരച്ചറിഞ്ഞിട്ടില്ലാത്ത മറ്റൊരാളും പ്രതി പട്ടികയിലുണ്ട്. ഇയാളാണ് ദിലീപിന്റെ വീട്ടിൽ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ എത്തിച്ചതെന്നാണ് കരുതുന്നത്.

    ഗൂഢാലോചന നടത്തിയതിന് തെളിവായി ബാലചന്ദ്രകുമാറിന്റെ കൈവശം ഉണ്ടായിരുന്ന ഓഡിയോ ക്ലിപ്പുകളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
    Published by:user_57
    First published: